കോട്ടയം: തൊമ്മന്‍കുത്ത് സെന്റ് ജോസഫ് പള്ളി അധികൃതര്‍ കുരിശു സ്ഥാപിച്ച സ്ഥലം വനഭൂമിയിലാണോ അല്ലയോ എന്നതില്‍ റവന്യൂ വകുപ്പും വനം വകുപ്പും തമ്മില്‍ തര്‍ക്കം. കുരിശു വച്ച നാരങ്ങാനത്തെ സ്ഥലം വനംവകുപ്പിന്‌റെ ജണ്ടയ്‌ക്ക് ഉള്ളിലാണെന്ന് കോതമംഗലം ഡി എഫ് ഓ പി.യൂ ഷാജുവും റേഞ്ച് ഓഫീസര്‍ പി കെ മനോജും വ്യക്തമാക്കുമ്പോള്‍ അവിടെ വനംവകുപ്പിന്റെ ജണ്ട കണ്ടില്ലെന്നാണ് തഹസില്‍ദാര്‍ വി. എസ്. ജയകുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇടുക്കി കളക്ടറേറ്റില്‍ ഡെപ്യൂട്ടി കളക്ടര്‍ ജോസുകുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ വനം ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് വിരുദ്ധ അഭിപ്രായങ്ങള്‍ ഉണ്ടായത്. വനംവകുപ്പിന്റെ ഭൂമിയിലാണ് സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി കുരിശ് ഏപ്രില്‍ 12ന് കാളിയാര്‍ റേഞ്ച് ഓഫീസര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ക്രൈസ്തവരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഇതേത്തുടര്‍ന്ന് ഉയര്‍ന്നത്. കുരിശു സ്ഥാപിച്ചത് റവന്യൂ ഭൂമിയിലാണെന്നും പതിറ്റാണ്ടുകള്‍ പഴക്കമുള്ള ദേഹണ്ഡങ്ങള്‍ ഇവിടെ ഉണ്ടെന്നുമാണ് പള്ളി അധികൃതരും തഹസില്‍ദാറും പറയുന്നത്. ഇതേത്തുടര്‍ന്ന് വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി സ്ഥല പരിശോധന നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: