എന്തിനും ഏതിനും കേന്ദ്ര സര്‍ക്കാരിനെ പഴിപറയുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍, അരി ഗോഡൗണുകള്‍ നിറഞ്ഞു കിടക്കുമ്പോഴും റേഷന്‍ കടകളില്‍ അരിയില്ല എന്ന വിചിത്ര പ്രതിഭാസമാണ് നിലനില്‍ക്കുന്നത്. മിക്ക കടകളും കാലിയായി. ശേഷിച്ചവയില്‍ അവശേഷിക്കുന്ന അരിയും ഒന്നോ രണ്ടോ ദിവസംകൊണ്ടു തീരും. നാളെയെങ്കിലും അരിയെത്തിയില്ലെങ്കില്‍ കടകള്‍ അടച്ചിടേണ്ട സ്ഥിതിയാണെന്നു റേഷന്‍ വ്യാപാരികളുടെ സംഘടന പറയുന്നു. മന്ത്രിസഭയുടെ വാര്‍ഷികാഘോഷം പൊടിപൊടിക്കാനുള്ള തത്രപ്പാടിനിടയില്‍ സര്‍ക്കാരോ മന്ത്രിമാരോ ഇക്കാര്യത്തില്‍ കാര്യമായ നടപടിയൊന്നും എടുക്കുന്നുമില്ല. കേന്ദ്രം സൗജന്യമായി നല്‍കുന്ന അരികൊണ്ടു കിറ്റുണ്ടാക്കി, തങ്ങളുടേതെന്ന പേരില്‍ വിതരണം ചെയ്തു ജനവഞ്ചന നടത്തിയ ചരിത്രമുള്ള സര്‍ക്കാര്‍ ഭരിക്കുന്നിടത്താണ് കേന്ദ്രം നല്‍കിയ അരി ഗോഡൗണുകളില്‍ കെട്ടിക്കിടക്കുമ്പോള്‍ കടകള്‍ കാലിയായിക്കിടക്കുന്നത്. ബിപിഎല്‍ വിഭാഗങ്ങള്‍ക്കു സൗജന്യമായി നല്‍കേണ്ട അരിക്കാണ് കടകളില്‍ ക്ഷാമം.
കേന്ദ്രം അനുവദിച്ച അരി ചാക്കുകണക്കിന് ഗോഡൗണുകളില്‍ കിടക്കുകയാണ്. അതായത് അരി ഇല്ലാത്തതല്ല, വിതരണ സംവിധാനത്തിലെ തകരാറാണ് പ്രശ്നം എന്ന് അര്‍ഥം. അതിന്റെ ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. സ്റ്റോക്കുള്ള അരി കടകളില്‍ എത്തുന്നില്ല. കട ഉടമകള്‍ നേരിട്ടു ഗോഡൗണുകളില്‍ നിന്ന് അരി എടുക്കുന്ന രീതി മാറ്റിയാണ്, കടകളില്‍ അരി എത്തിക്കുന്ന വാതില്‍പ്പടി സമ്പ്രദായം നടപ്പിലാക്കിയത്. ലോറികളില്‍ അരി കടകളില്‍ എത്തിക്കുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അങ്ങനെ എത്തിക്കുമ്പോള്‍ സ്വാഭാവികമായും ലോറി ഉടമകള്‍ക്കു പ്രതിഫലം നല്‍കണം. ഇത് ഒരു മാസത്തേക്കു തന്നെ കോടികള്‍ വരും. നിലവില്‍ നാലുമാസത്തിലേറെയുള്ള ലോറിക്കൂലി കുടിശികയാണത്രേ. അതു കിട്ടാതെ ചരക്ക് എടുക്കില്ലെന്ന നിലപാടിലാണ് ലോറി ഉടമകള്‍. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പ്രതിഫലം ചോദിക്കുന്നതു തെറ്റാണെന്ന് ആരും പറയുകയുമില്ല. പക്ഷേ, സര്‍ക്കാര്‍ അനങ്ങുന്നില്ല. ഇനിയിപ്പോള്‍ അനങ്ങിത്തുടങ്ങിയാല്‍ത്തന്നെ അടുത്തദിവസങ്ങളിലൊന്നും കടകളില്‍ അരി എത്താനും പോകുന്നില്ല. കാരണം. കുറഞ്ഞത് എട്ടു ദിവസമെങ്കിലുമെടുക്കുമത്രേ അരി കടകളില്‍ എത്തിക്കാന്‍. പക്ഷേ, അത്തരമൊരു നടപടിക്കുപോലും സര്‍ക്കാര്‍ ഉല്‍സാഹം കാണിക്കുന്നതായി കാണുന്നില്ല എന്നതാണ് ഏറെ പരിതാപകരം. അരി ലഭിക്കാത്തതിന്റെ പേരില്‍ പലയിടത്തും കാര്‍ഡുടമകള്‍ തങ്ങളോടു രോഷാകുലരാകുന്നതായി കട ഉടമകളുടെ സംഘടന പറയുന്നു.
കുടിശ്ശിക ഭാഗികമായെങ്കിലും കൊടുത്ത് അരിയെത്തിക്കാന്‍ പോലുമുള്ള ശ്രമം നടക്കുന്നതായി സൂചനയില്ല. ഈ പ്രതിസന്ധി കേരളത്തില്‍ പുത്തരിയല്ല. ഇടയ്‌ക്കിടെ ഉണ്ടാകുന്നതാണ്. അപ്പോഴൊക്കെ ലോറിക്കൂലി കുടിശികയുടെ ഒരംശം കൊടുത്തു താത്ക്കാലികമായി പ്രശ്നം പരിഹരിക്കുകയാണു പതിവ്. ഇത്തവണ അതിനുള്ള ശ്രമവും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാവാത്തതാണ് കട ഉടമകളേയും ലോറിക്കാരേയും അസ്വസ്ഥരാക്കുന്നത്. അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അടുത്തയാഴ്ച റേഷന്‍ വിതരണം മുടങ്ങുന്ന അവസ്ഥയാണു നിലവിലുള്ളത്.
ധനകാര്യ വകുപ്പും ഭക്ഷ്യവകുപ്പും തമ്മിലുള്ള ശീതസമരമാണ് പ്രശ്നത്തിനു പിന്നില്‍ എന്ന് ആരോപണമുണ്ട്. ഭക്ഷ്യ വകുപ്പു ഭരിക്കുന്നതു സിപിഐ ആണ് . ധനകാര്യ വകുപ്പു ഭരിക്കുന്നതു സിപിഎമ്മും. ധനവകുപ്പ് ആവശ്യത്തിനു പണം അനുവദിക്കാത്തതാണത്രേ പ്രശ്നം. ഈ ശീതസമരം ഉണ്ടെന്നതു ശരിയാണെങ്കില്‍ ഇവര്‍ ഇരുവരും ചേര്‍ന്നു സ്വന്തം രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ ജനങ്ങളെയാണു ബുദ്ധിമുട്ടിക്കുന്നത്. കേരളത്തിലെ രാഷ്‌ട്രീയം അറിയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരിഹാസത്തിന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മറുപടി ഇവിടെ പ്രസക്തമാകുന്നു. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഇവിടത്തെ രാഷ്‌ട്രീയം തനിക്ക് അറിയില്ലെന്നും, അതു പഠിക്കാന്‍ താത്പര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിലവില്‍ നടക്കുന്നതും അത്തരം കളികളാണ്. ഭരണത്തിലിരുന്നുകൊണ്ടു പരസ്പരം തോല്‍പിക്കാന്‍ നോക്കുന്ന പാര്‍ട്ടികള്‍, കേന്ദ്രത്തെ പഴിപറയാന്‍ മാത്രമാണ് ഒന്നിക്കുന്നത്. ഇതിന്റെ പേരില്‍ ജനങ്ങളാണ് ദുരിതമനുഭവിക്കേണ്ടി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: