ഹൈദരാബാദ്: നഗര മധ്യത്തിൽ ആക്രമണം നടത്താനുളള ഭീകരരുടെ പദ്ധതി പൊളിച്ച് ഹൈദരാബാദ് പൊലീസ്. സൗദി അറേബ്യൻ ഐസിസ് മോഡ്യൂളിന്റെ നിർദേശപ്രകാരം നഗരത്തിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. സംഭവത്തിൽ ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വിജയനഗരത്തിൽ നിന്നും സിറാജ് എന്നയാളെയും ഹൈദരാബാദിൽ നിന്നും സമീർ എന്നയാളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തെലങ്കാന കൗണ്ടർ ഇന്റലിജൻസിന്റെയും ആന്ധ്ര പ്രദേശ് ഇന്റലിജൻസിന്റെയും സംയുക്ത പരിശോധനയിലൂടെയാണ് ഇവർ പിടിയിലായത്. പദ്ധതിയുടെ ഭാഗമായി വിജയ നഗരത്തിൽ നിന്നും സിറാജ് സ്ഫോടക വസ്തുക്കൾ ശേഖരിച്ചിരുന്നു.
പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സുരക്ഷാ സേന വിപുലമായ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. മെയ് 17 ന് എൻഐഎയും മുംബൈ വിമാനത്താവളത്തിൽ നിന്ന് ഐസിസ് സ്ലീപ്പർ സെൽ അംഗങ്ങളായ രണ്ട് ഭീകരരെയാണ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ പൂനെ ഐഇഡി കേസിൽ ഉൾപ്പെട്ടവരായിരുന്നു. രണ്ട് വർഷത്തോളമായി അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ച് കഴിയുകയായിരുന്നു ഇവരെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: