ലഖ്‌നൗ: പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ന് വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് റാംപൂര്‍ സ്വദേശിയായ ഷെഹ്‌സാദ് ആണ് പിടിയിലായത്. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് (എടിഎസ്) ഇയാളെ അറസ്റ്റ് ചെയ്തത്.
പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയെന്ന ആരോപിക്കപ്പെടുന്നവര്‍ക്കായി രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തിലാണ് ഷെഹ്‌സാദ് പിടിയിലാകുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി വഴിയുള്ള കള്ളക്കടത്തില്‍ ഷെഹ്‌സാദിന് പങ്കുണ്ടെന്നാണ് എടിഎസ് വ്യക്തമാക്കുന്നത്. ഇതേതുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്നും പുറത്തിറക്കിയ പ്രസ്താവനയിലൂടെ എടിഎസ് അറിയിച്ചു.
ഇയാള്‍ പല തവണ പാകിസ്ഥാനിലേക്ക് യാത്ര നടത്തിയിട്ടുണ്ട്. സൗന്ദര്യവര്‍ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, മറ്റ് വസ്തുക്കള്‍ തുടങ്ങിയവയുടെ നിയമവിരുദ്ധ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഐഎസ്‌ഐയുടെ നിര്‍ദേശ പ്രകാരം ഷെഹ്‌സാദ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ ഏജന്റുമാര്‍ക്ക് ഫണ്ട് കൈമാറിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഐഎസ്‌ഐയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ആളുകളെ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇയാള്‍ പാകിസ്ഥാനിലേക്ക് അയക്കുകയും ചെയ്തിരുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനായി ഇയാള്‍ ഐഎസ്‌ഐ പ്രവര്‍ത്തകരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. അവര്‍ക്ക് സെന്‍സിറ്റീവായ വിവരങ്ങള്‍ കൈമാറിയെന്നും ഷെഹ്‌സാദിനെതിരെ ആരോപിക്കപ്പെടുന്നുണ്ട്. രഹസ്യ വിവരങ്ങള്‍ കൈമാറിയതിന് പുറമെ ഇന്ത്യയ്‌ക്കുള്ളില്‍ ഐഎസ്‌ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: