തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കലെ രാപകല്‍ സമരത്തിന്റെ നൂറാം ദിവസമായ മേയ് 20ന് സമരവേദിയില്‍ ആശാ വര്‍ക്കര്‍മാര്‍ ആളിക്കത്തുന്ന 100 പന്തങ്ങള്‍ ഉയര്‍ത്തും. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ നല്‍കുക, വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 10നാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
നൂറാം ദിനത്തിലും സമരം സംസ്ഥാനമെമ്പാടും ആളിപ്പടരുന്നു എന്ന സന്ദേശവുമായാണ് 100 സമരപ്പന്തങ്ങള്‍ ഉയര്‍ത്തുന്ന പരിപാടി സംഘടിപ്പിക്കുന്നത്. സമരത്തിന്റെ നാലാം ഘട്ടമായ സഞ്ചരിക്കുന്ന രാപകല്‍ സമര യാത്ര ജില്ലകളില്‍ പര്യടനം തുടരുകയാണ്. 13 ദിവസം പിന്നിട്ട സമരയാത്ര കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി.
മുന്‍കാലങ്ങളില്‍ ഓണറേറിയം വര്‍ദ്ധന സര്‍ക്കാര്‍ സ്വമേധയാ പ്രഖ്യാപിക്കുകയായിരുന്നു, സംസ്ഥാന സര്‍ക്കാരിന് സ്വതന്ത്രമായി പ്രഖ്യാപിക്കാവുന്ന ഓണറേറിയവും വിരമിക്കല്‍ ആനുകൂല്യവും പഠിക്കാന്‍ പ്രത്യേകം സമിതി ആവശ്യമില്ല എന്ന സമര സംഘടനയുടെ നിലപാടിനെ തള്ളിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്. കമ്മിറ്റിയുടെ പഠനസമയം ഒരു മാസത്തിലേക്ക് ചുരുക്കാന്‍ ഇടപെടാമെന്ന് അസോസിയേഷനുമായി നടത്തിയ ആദ്യ ചര്‍ച്ചയില്‍ തൊഴില്‍ മന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഈ കമ്മിറ്റി രൂപീകരണം നടന്നതുപോലും ചര്‍ച്ചയ്‌ക്ക് ശേഷം ഒന്നര മാസം കഴിഞ്ഞാണ്.
ആരോഗ്യമേഖലയില്‍ തൊഴിലെടുക്കുന്ന നിര്‍ധനരായ സ്ത്രീ തൊഴിലാളികളുടെ ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ് ഈ സമരത്തെ ഇതുവരെ എത്തിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരും. ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വലിയ വെല്ലുവിളികളും നേരിട്ടാണ് ആശമാര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നത് എന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: