ആലപ്പുഴ: അമ്പലപ്പുഴയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം പുതുക്കി പണിതതിനെ ചൊല്ലി മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരനും, അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാമുമായി തുറന്ന പോര്. ജി സുധാകരനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സലാം രംഗത്ത്. അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ നിര്‍മാണം ശരിയല്ലെന്നും യുദ്ധക്കളമാക്കിയെന്നുമുള്ള ജി സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് സലാം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
അമ്പലപ്പുഴയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക നിര്‍ മാണം ശരിയായ രീതിയിലല്ല നടന്നതെന്നു മുന്‍ മന്ത്രി ജി.സുധാകരന്‍ ആലപ്പുഴയിലെ ഒരു സാംസ്‌ക്കാരിക പരിപാടിയിലാണ് വിമര്‍ശനം ഉന്നയിച്ചത്. സ്മാരക ഉദ്ഘാടന ചടങ്ങില്‍ താന്‍ പോകാതിരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.’ഒരു സാംസ്‌കാരിക കേന്ദ്ര ത്തില്‍ തൊടുമ്പോള്‍ നാടിന്റെ ആത്മാവിലാണു തൊടുന്നതെന്നു രാഷ്‌ട്രീയക്കാരനു ബോധം ഉണ്ടാകണം. അല്ലാതെ ചുമ്മാതങ്ങ് കെട്ടിടം ഉണ്ടാക്കി ഉദ്ഘാടിക്കുകയല്ല വേണ്ടത്. 1967ല്‍ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി സി.എച്ച്.മുഹമ്മദ് കോയ ആണ് ഈ സ്മാരകത്തിനു തുടക്കമിട്ടത്. വി.എം.സുധീരന്റെ എംപി ഫണ്ട് വിനിയോഗിച്ച് സ്മൃതിമണ്ഡപം നിര്‍മിച്ചു. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ എന്‍ജിനീയര്‍മാരെ ഇറ്റലിയില്‍ വിട്ട് പഠിപ്പിച്ചാണു സ്മാരകം പണിതത്. അത് അടിച്ചുതകര്‍ത്തു. നാലരക്കോടി രൂപ ചെലവഴിച്ചുള്ള നിര്‍മാണത്തിനു ശിലയിട്ടതു ഞാനാണ്. ഇപ്പോള്‍ അവിടെ രണ്ടു ശിലാഫലകമുണ്ട്. രണ്ടാംഘട്ട പദ്ധതിയുടെ ശിലയാണത്രേ മറ്റേത്. അതെങ്ങനെ സാധിക്കും.. സുധാകരന്‍ ചോദിച്ചു.
സുധാകരന്റെ ഈ പ്രസ്താവനയ്‌ക്കെതിരെയാണ് സലാം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
അനാവശ്യങ്ങള്‍ പലപ്പോഴും പറയുമ്പോഴും പ്രതികരിക്കാത്തത് ഭാഷ വശമില്ലാത്തത് കൊണ്ടോ പറയാന്‍ അറിയാത്തത് കൊണ്ടോ അല്ല, തന്നെ പോലെയുള്ളവരുടെ ഉള്ളില്‍ ബഹുമാനം അവശേഷിക്കുന്നത് കൊണ്ടാണ്. അത് ഇനിയും കളഞ്ഞുകുളിക്കരുത്’ സലാം മുന്നറിയിപ്പ് നല്‍കുന്നു. സുധാകരന്‍ ഉദ്ഘാടനം ചെയ്ത പഴയ ഫലകം ഇപ്പോള്‍ ഇല്ല എന്ന വാദം തെറ്റാണെന്നും സലാം ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചുകൊണ്ട് പറയുന്നു.
”കണ്ടാലറിവാന്‍ സമര്‍ഥനല്ലെങ്കില്‍ നീ
കൊണ്ടാലറിയുമതിനില്ല സംശയം” എന്ന കുഞ്ചന്‍നമ്പ്യാരുടെ വരികളോടെയാണ് സലാമിന്റെ പോസ്റ്റ് തുടങ്ങുന്നത്. അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നിര്‍മ്മിച്ച് യുദ്ധക്കളമാക്കിയെന്നും ശരിയായ തരത്തിലല്ല നിര്‍മ്മാണം നടന്നത് എന്നുമുള്ള ചില പ്രസ്താവനകള്‍ സര്‍ക്കാരിനെയും നേതൃത്വം നല്‍കിയ കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സമിതിയെയും ജനപ്രതിനിധികളെയും അപമാനിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സ്മാരകത്തിന്റെ നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പാണ് നടത്തിയത്…ആഡിറ്റോറിയം നിര്‍മ്മാണം സംബന്ധിച്ച് ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ വായില്‍തോന്നും പോലെ വിവരക്കേട് പറയുന്നതിന് പകരം വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും നിയമസംവിധാനത്തിന് പരാതി നല്‍കി അന്വേഷിപ്പിക്കുകയാണ് വേണ്ടത്.
എംഎല്‍എ ആയി പ്രവര്‍ത്തിക്കുന്ന ഞാനും കുഞ്ചന്‍ നമ്പ്യാര്‍ സമിതി ചെയര്‍മാനും അംഗങ്ങളുമെല്ലാം അന്തസോടെ ജീവിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ്. അനാവശ്യമായി ആക്ഷേപിക്കാന്‍ തുനിയരുത്.ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്ത പഴയ ഫലകം ഇല്ല എന്നും രണ്ടാം ഘട്ടം ശിലാസ്ഥാപനം തെറ്റായി നടത്തി എന്നുമൊക്കെ വാര്‍ത്ത വരുത്തിയിരിക്കുന്നു. നുണകള്‍ ചേര്‍ത്തുള്ള ഈ വ്യായാമം എന്തിന്, ആര്‍ക്കുവേണ്ടി നടത്തുന്നു? പിണറായി സര്‍ക്കാരിന്റെ മികവായി, നമ്പ്യാരുടെ കര്‍മ്മഭൂമിയായ അമ്പലപ്പുഴയില്‍ അഭിമാനസ്തംഭമായി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം എന്നും തല ഉയര്‍ത്തിത്തന്നെ നില്‍ക്കുമെന്നും സലാം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: