കൊച്ചി: അര്‍ജന്റീന ഫുട്ബാള്‍ ടീമും ലയണല്‍ മെസിയും കേരളത്തിലെത്തുന്നതില്‍ ആശയക്കുഴപ്പം. സ്‌പോണ്‍സര്‍ പണം അടച്ചാല്‍ ഒക്ടോബറില്‍ മത്സരം നടക്കുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ഇന്ന് പ്രതികരിച്ചത്. അടുത്ത ആഴ്ചയോടെ വ്യക്തത വരും.
അതേസമയം, നിലവിലെ സാഹചര്യത്തില്‍ മെസി കേരളത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും തടസങ്ങളില്ലെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. സ്‌പോണ്‍സര്‍ ചെയ്യാന്‍ നേരത്തേ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസറ്റിംഗ് കമ്പനി സമ്മതമറിയിച്ചിട്ടുണ്ട്.ഇവിടെ സൗകര്യം കുറവെങ്കില്‍ ഫിഫ നിലവാരത്തില്‍ സ്റ്റേഡിയമുണ്ടാക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അര്‍ജന്റീന മുന്നോട്ട് വെച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം എഎഫ്എയെ അറിയിക്കുകയാണ് വേണ്ടത്. ശേഷം തിയതി അനുവദിക്കും. രണ്ട് ഘട്ടങ്ങളിലായി ഒക്ടോബര്‍ ആറ് മുതല്‍ 14 വരെയും 10 മുതല്‍ 18 വരെയുമാണ് ഫിഫ അനുവദിച്ച ഇന്റര്‍നാഷണല്‍ ബ്രേക്ക്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ആര്‍ബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവ ഇതിനകം അനുമതി നല്‍കി.ഇപ്പോഴത്തെ നടപടികള്‍ കഴിഞ്ഞ ശേഷമായിരിക്കും പണം അടക്കേണ്ട തിയതി നിര്‍ദേശിക്കുക. അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
മെസി വരില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നമുക്ക് അനുവദിച്ച ദിവസങ്ങളൊഴിച്ച് അവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ കളിക്കാം. മെസി വരുന്നത് സംബന്ധിച്ച് എഎഫ്എയാണ് പ്രഖ്യാപിക്കേണ്ടത്.
അര്‍ജന്റൈന്‍ ടീമിനെ കേരളത്തിലേക്ക് കൊണ്ടു വരുമ്പോള്‍ എതിര്‍ ടീമായി റാങ്കിംഗ് അന്‍പതിന് താഴെയുള്ള ടീമിനെ കൂടി എത്തിക്കണം. അതിനായും ചര്‍ച്ച നടക്കുകയാണ്. സര്‍ക്കാരും റിപ്പോര്‍ട്ടറും ചെയ്യേണ്ട കാര്യങ്ങള്‍ പുരോഗമിക്കുന്നുണ്ട്.എന്നാല്‍ ഇന്ത്യയില്‍ കളിക്കുന്നില്ലെന്ന് ടീം തീരുമാനിച്ചാല്‍ ഒന്നും ചെയ്യാനാകില്ല. മെസി വരില്ലെന്ന് പ്രചരിപ്പിക്കാന്‍ വളരെ എളുപ്പമാണെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ പിന്തുണയുണ്ടെന്ന് പറഞ്ഞ ആന്റോ അഗസ്റ്റിന്‍ ഇന്ന് രാവിലെയും എഎഫ്എയുമായി ബന്ധപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തി.പോസിറ്റീവ് പ്രതികരണമാണ് ലഭിച്ചത്. സര്‍ക്കാരാണ് ഫുട്ബോള്‍ അസോസിയേഷനെ ക്ഷണിച്ചത്. വലിയ തുക ചെലവാക്കിയിട്ടുള്ള കാര്യമാണ്. വരാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ കൊണ്ടുവരാനുള്ള ഏജന്‍സിയായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി നില്‍ക്കുമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു അര്‍ജന്റീനയുടെ വലിയ ആരാധകര്‍ കേരളത്തില്‍ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്‍.
മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് ഇന്നലെ വാര്‍ത്ത വന്നിരുന്നു. ടീമിന്റെ മത്സര ഷെഡ്യൂള്‍ പുറത്തു വന്ന സാഹചര്യത്തിനാണ് വാര്‍ത്ത പ്രചരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: