മലപ്പുറം: കാളികാവ് അടയ്‌ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൾ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. ഗഫൂറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സമദ് ഓടിരക്ഷപ്പെടുകയായിരുന്നു. കാളികാവ് അടയ്‌ക്കാക്കുണ്ടിൽ റാവുത്തൻകാവ് ഭാഗത്ത് സ്ലോട്ടർ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം. രാവിലെ ആറരയോടെ റബ്ബർ ടാപ്പിങ്ങിന് പോയപ്പോൾ കടുവ ആക്രമിക്കുകയായിരുന്നു.
കടുവ ഗഫൂറിന് നേർക്ക് ചാടി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് സമദ് പറഞ്ഞു. ഏതാണ്ട് നഗ്നമായ നിലയിലായിരുന്നു മുതദേഹം. കടുവ കടിച്ചു കൊന്നതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുന്നുണ്ട്. അബ്ദുൾ ഗഫൂ റിൻ്റേത് പാവപ്പെട്ട കുടുംബമാണെന്നും, കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് മറ്റൊരു ആവശ്യം. മരിച്ച യുവാവിന്റെ കുടുംബത്തിന് അടിയന്തരധനസഹായം പ്രഖ്യാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
നേരത്തെയും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും വളർത്തുമൃഗങ്ങളെയടക്കം കൊന്നുതിന്നിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. കടുവയുടെ സാന്നിധ്യം സ്‌ഥിരമായതോടെ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭവും നടത്തിയിരുന്നു. മൂന്നുവർഷമായി മേഖലയിൽ കടുവാ സാന്നിധ്യമുണ്ട്.
സൗത്ത് ഡിഎഫ്ഒ ധനിത് ലാൽ, ഡിവൈഎസ്പി സാജു.കെ അബ്രഹാം എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം ഉടൻ കാളിക്കാവിൽ എത്തും. സ്ഥലത്ത് ക്യാമറയും കൂടും സ്ഥാപിക്കും. കുങ്കിയാനകളെ ഉൾപ്പെടെ എത്തിച്ച് വിശദമായ പരിശോധന നടത്താനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: