ലാഹോർ : ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഒന്നിനു പുറകെ ഒന്നായി നുണകൾ പറയുന്നു. ഒരു വശത്ത് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നാണക്കേടിൽ മുഖം താഴ്‌ത്തുമ്പോൾ മറുവശത്ത് പാകിസ്ഥാൻ സൈന്യം അസംബന്ധ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്.
ഇന്ത്യൻ ആക്രമണത്തിൽ മരിച്ചവരോ പരിക്കേറ്റവരോ ആയ സൈനികരെ കുറിച്ച് പാകിസ്ഥാനിൽ നിന്ന് വ്യക്തമായ പ്രസ്താവനകളൊന്നും വന്നിട്ടില്ല. എന്നാൽ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി മറിയം നവാസ് പരിക്കേറ്റ സൈനികരെ പ്രവേശിപ്പിച്ച ആശുപത്രി സന്ദർശിച്ചത് പാകിസ്ഥാന്റെ മറ്റൊരു നുണ തുറന്നുകാട്ടി.
തിങ്കളാഴ്ച മറിയം നവാസ് ലാഹോറിലെ കമ്പൈൻഡ് മിലിട്ടറി ഹോസ്പിറ്റൽ (സിഎംഎച്ച്) സന്ദർശിക്കുകയും ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലിൽ പരിക്കേറ്റ പാകിസ്ഥാൻ സൈനികരെയും ഓഫീസർമാരെയും കാണുകയും ചെയ്തു. ആശുപത്രിയിലെ സർജിക്കൽ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്ന സൈനികരുടെയും ഉദ്യോഗസ്ഥരുടെയും ആരോഗ്യസ്ഥിതിയെക്കുറിച്ച് മറിയം നവാസ് അന്വേഷിക്കുന്നത് ഒരു വീഡിയോയിൽ കാണാമായിരുന്നു. നേരത്തെ പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറും ആശുപത്രിയിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ചിരുന്നു.
അതേ സമയം ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തെക്കുറിച്ചും പരിക്കേറ്റവരുടെ എണ്ണത്തെക്കുറിച്ചും പാകിസ്ഥാൻ സർക്കാർ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: