തിരുവമ്പാട്ടുക്കാവിലമ്മ
പൊതുവെ ശ്രീകൃഷ്ണ ക്ഷേത്രമായ് കരുതുന്ന തിരുവമ്പാടി ക്ഷേത്രം പണ്ട് ഒരു ഭഗവതിക്കാവായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക ഭഗവതി കാവുകളുടെയും മൂലസ്ഥാനമായി അറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി തിരുവമ്പാടിയില്‍ കൂടിയിരുന്ന ചരിത്രം ഇങ്ങനെയാണ്. കാച്ചാനപ്പള്ളി ഇല്ലത്തെ അച്ഛന് നമ്പൂതിരി കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ പരമ ഭക്തനായിരുന്നു. എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച കൊടുങ്ങല്ലൂര്‍ കാവില്‍ ഭജനത്തിനു പോകുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വാര്‍ദ്ധക്യം മൂലം നടന്നുചെല്ലാന്‍ കഴിയാത്തതിനാല്‍ ഒരിക്കല്‍ അദ്ദേഹം ദേവിയോട് അവിടുന്ന് പ്രസാദിച്ച് അടിയന്റെ തട്ടകത്തിലേക്ക് എഴുന്നള്ളിയാല്‍ ഈ കണ്ണിനെന്നും കാണാനാകുമല്ലോ എന്ന് പ്രാര്‍ത്ഥിച്ചു. ഭക്തരില്‍ കനിയുന്ന ദേവി അച്ഛന് നമ്പൂതിരിയുടെ കുടപ്പുറത്ത് കൂടെ പോന്നു. ഉച്ചതിരിഞ്ഞ നേരത്താണ് തിരുമേനി കൊടുങ്ങല്ലൂരില്‍നിന്നും ഇല്ലത്തെത്തിയത്. കുട നാലിറയത്തെ തൂണില്‍ ചാരിവെച്ച് കുളിക്കാന്‍ പോയി, കുളികഴിഞ്ഞു വന്നു കുടയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുട അവിടെ ഉറക്കുകയും ദേവി ചൈതന്യം മനസ്സിലാക്കിയ തിരുമേനി നാലിറയത്തിന്റെ തൂണില്‍ ഭഗവതി ചൈതന്യത്തെ കുടിയിരുത്തുകയും ചെയ്തു. തിരുവമ്പാടി കണ്ണന് എന്നറിയപ്പെടുന്ന പാര്‍ത്ഥസാരഥി പ്രതിഷ്ഠയുടെ പൂര്‍വ സ്ഥാനം സ്ഥിതിചെയ്യുന്നത് തൃശ്ശൂരിലുള്ള എടക്കളത്തൂരിലാണ്. ഏതോ ഒരു സംഘര്‍ഷം മൂലം അവിടത്തെ മൂസ്സത് പൂജിച്ചിരുന്ന പ്രാത്ഥസാരഥി പ്രതിഷ്ഠ അവിടെനിന്നും ഇളക്കിയെടുത്ത് കാച്ചാനപ്പള്ളിഇല്ലത്തില്‍ കൊണ്ടുവരുകയും ഇല്ലത്തെ വടക്കിനിയില്‍ പ്രതിഷ്ഠിക്കുകയുമാണ് ചെയ്തത്. പിന്നീട് അച്ഛന് നമ്പൂതിരി പൂജിച്ചിരുന്ന ദേവി ചൈതന്യമുള്ള തൂണും, പാര്‍ത്ഥസാരഥി പ്രതിഷ്ഠയും ഇന്ന് ക്ഷേത്രം കാണുന്ന സ്ഥലത്തിലേക്ക് പ്രതിഷ്ടിക്കപ്പെട്ടു. ഭക്തര്‍ പാര്‍ത്ഥസാരഥി പ്രതിഷ്ഠയെ തിരുവമ്പാടി കണ്ണനെന്നും, ഭഗവതിയെ തിരുവമ്പാട്ടുക്കാവിലമ്മയെന്നും വിളിച്ചു പോരുന്നു. തിരുവമ്പാട്ടുക്കാവിലമ്മയുടെ പ്രധാന ആഘോഷം തൃശൂര്‍ പൂരവും, വേലയുമാണ്. ഇന്ന് ക്ഷേത്രത്തില്‍ കാണുന്ന ദമ്പതി രക്ഷസ്സിന്റെ പ്രതിഷ്ഠ കാച്ചാനപള്ളി മനയിലെ നമ്പൂതിരിയുടേയും, അന്തര്‍ജ്ജനത്തിന്റെയുമാണ്. ഇത് കൂടാതെ ശാസ്താവിന്റെയും ഗണപതിയുടെയും ദ്രാവിഡ ദേവതകളായ കുക്ഷി അയ്യപ്പന്, മണികണ്ഠന്, ഭൈരവന്, രക്തേശ്വരി, യക്ഷി,ഘണ്ടാകര്ണ്ണന് എന്നീ ദേവതകളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്.
പാറമേക്കാവിലമ്മ
പാറമേക്കാവിന്റെ മൂലസ്ഥാനം ചിരപുരാതനമായ വടക്കുംനാഥ ക്ഷേത്രമാണ്. വാസ്തുശില്പശൈലി കൊണ്ടും ചുമര്‍ചിത്രങ്ങള്‍ കൊണ്ടും പ്രതിഷ്ഠാവൈവിധ്യങ്ങള്‍ കൊണ്ടും തനതായ ശൈലിയില്‍ വേറിട്ടുനില്‍ക്കുന്ന ക്ഷേത്രമാണിത്. പണ്ട് ഈ പ്രദേശം തേക്കിന്‍കാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പേരില്‍നിന്നുതന്നെ പ്രകൃതിയില്‍ ലയിച്ച ക്ഷേത്രമാണ് വടക്കുംനാഥന്. വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞിമരച്ചുവട്ടിലായിരുന്നു പാറമേക്കാവിലമ്മയുടെ ആദ്യ പ്രതിഷ്ഠ അതിന്റെ ചരിത്രം ചുരുക്കി വിവരിക്കാം.
തിരുമാന്ധാംകുന്നിലമ്മയുടെ പരമഭക്തനായിരുന്നു കൂര്‍ക്കഞ്ചേരി കുറുപ്പാള്‍ തറവാട്ടിലെ കാരണവര്‍. എല്ലാ മാസവും അവിടെയെത്തി അമ്മയെ ദര്‍ശിച്ചിരുന്ന അദ്ദേഹം പ്രായാധിക്യം മൂലം അതിന് കഴിയാതെ വന്നപ്പോള്‍ ഇഷ്ടദേവതയെ നാട്ടില്‍ കുടികൊള്ളുവാന്‍ അപേക്ഷിച്ചു അത് പ്രകാരം ഭഗവതി കുറുപ്പാള്‍ കാരണവരുടെ കുടയില്‍ കുടികൊള്ളുകയും, യാത്രാമദ്ധ്യേ കാരണവര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുകയും, ഭഗവാനെ ദര്‍ശിച്ച ശേഷം അവിടെയുള്ള ഇലഞ്ഞിമരച്ചുവട്ടില്‍ തന്റെ കുട വെക്കുകയും അവിടെ കിടന്നുറങ്ങുകയും ചെയ്തു. പോകാന്‍ നേരം തന്റെ കുട എടുക്കാന്‍ നോക്കിയപ്പോള്‍ അത് ആ മരച്ചുവട്ടില്‍ ഉറച്ചുപോയതായി മനസ്സിലാക്കി. തുടര്‍ന്ന് ദേവപ്രശ്നം വച്ച് നോക്കിയപ്പോള്‍ അവിടെ ദേവി സാന്നിദ്ധ്യം കാണുകയും അവിടെയൊരു ചെറിയ ശില അദ്ദേഹം പ്രതിഷ്ഠിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കളരിയിലും ഈ ചൈതന്യത്തെ കുടിയിരുത്തുകയും ശാക്തേയ വിധിപ്രകാരം പൂജ ചെയ്യുകയും ചെയ്തു. മാമാങ്ക സ്മരണകള്‍ ഉണര്‍ത്തുന്ന തിരുമാന്ധാംകുന്നിലമ്മയുടെ ചരിത്രത്തില്‍ എഴുതപ്പെടാത്ത ഏടായി ഇന്നും കുറുപ്പാള്‍ കളരി നിലനില്ക്കുന്നു. കുറുപ്പാള്‍ തറവാട്ടിലെ പേരറിയാത്ത ആ കാരണവര്‍ ഒരു തികഞ്ഞ ഉപാസകനും, യോദ്ധാവും, പണ്ഡിതനുമായിരുന്നുവെന്നും അനുമാനിക്കാം. അതിനാലാണ് പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിതറ മേളത്തിന് ഇത്രയുമധികം പ്രാധാന്യം കല്പിക്കുന്നത് പാറമേക്കാവിന്റെ വേല അടിയന്തിര ചടങ്ങിനും മുഖ്യ പ്രാമുഖ്യം കല്പിക്കുന്ന ഇടമാണ് വടക്കുംനാഥന്. പിന്നീട് ഈ ശില വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്നും കിഴക്കുഭാഗത്തുള്ള പാറയുടെ മുകളിലേക്ക് മാറ്റി. പാറപ്പുറത്ത് പ്രതിഷ്ഠിച്ച ഭഗവതിയായത് കൊണ്ട് പാറമേക്കാവിലമ്മ എന്ന് അറിയപ്പെടുകയും ചെയ്തു ഇതല്ല കളരിയില്‍ കാരണവര്‍ പാറോം മരച്ചുവട്ടില്‍ കുടിയിരുത്തിയത് കൊണ്ട് പാറോം കാവിലമ്മ എന്നും പിന്നീട് പാറമേക്കാവിലമ്മ എന്ന് ലോപിക്കുകയും ചെയ്തുവെന്ന് മറ്റൊരു ഐതീഹ്യം പറയുന്നു. ഇതെല്ലാം പാറമേക്കാവിലമ്മ പ്രകൃതിയില്‍ ലയിച്ചിരുന്ന ദേവിയാണ് എന്ന് ചൂണ്ടിക്കാട്ടുന്നു.
പിന്നീട് കാലാനുശ്രുതമായ മാറ്റങ്ങളാല്‍ പാറമേക്കാവ് ഇന്ന് കാണുന്ന നിലയില്‍ (മേല്‍ക്കാവ്, കീഴ്ക്കാവ് ആയി രൂപാന്തരപ്പെടുകയും ചെയ്തു. ഇന്ന് കാണുന്ന പ്രതിഷ്ഠയില്‍ മുഖ്യ പ്രതിഷ്ഠ ദാരുബിംബമായും മറ്റൊന്നില്‍ കണ്ണാടിബിംബം ആയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഗണപതി പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രം എന്ന പ്രത്യേകതയും പാറമേക്കാവിനുണ്ട്. പാറമേക്കാവിന്റെ ചരിത്രം ചുരുളഴിയാന്‍ കൂടുതല്‍ ഗവേഷണ വിധേയമാക്കപ്പെടേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: