റംബാൻ: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ബാറ്ററി ചഷ്മയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. മൂന്ന് സൈനികർ മരിച്ചതായാണ് വിവരം. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് മരിച്ച ജവാൻമാരെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോർട്ട് അനുസരിച്ച് ചാഷ്മയ്ക്ക് സമീപം സൈനിക വാഹനം നിയന്ത്രണം വിട്ട് 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്. രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്. സംഭവത്തെ തുടർന്ന് ഉടൻ തന്നെ രക്ഷാ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ചില സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ 2024 ഡിസംബറിൽ ജമ്മു കശ്മീരിലെ പൂഞ്ചിലും ഒരു വലിയ അപകടം നടന്നിരുന്നു. പൂഞ്ച് ജില്ലയിലെ മെന്ദാർ സബ് ഡിവിഷനിലെ ബൽനോയ് പ്രദേശത്താണ് ഇന്ത്യൻ ആർമി വാഹനം ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞത്. ഈ സംഭവത്തിൽ 5 സൈനികർ കൊല്ലപ്പെടുകയും 5 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: