ന്യൂദല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വരണ്ണം കരുതലായി സൂക്ഷിക്കുന്ന ഏഴാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റിസര്‍വ് ബാങ്ക് കരുതലായി 876.2 ടണ്‍ സ്വര്‍ണ്ണം വാങ്ങിവെച്ചതിനെ ന്യായീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധര്‍.
സ്വര്‍ണ്ണം കൂടുതലായി കരുതല്‍ ധനത്തില്‍ ഉള്‍പ്പെടുത്തിയത് വഴി വിദേശനാണ്യവിനിമയത്തിനുള്ള സാധ്യതയെ റിസര്‍വ് ബാങ്ക് വൈവിധ്യവല്ക്കരിച്ചിരിക്കുകയാണെന്നും ഇത് നല്ല ചുവടുവെയ്പാണെന്നും ബാങ്ക് ഓഫ് ബറോഡയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായ മദന്‍ സബ് നാവിസ് പറയുന്നു. “കഴിഞ്ഞ രണ്ട് വര്‍ഷമായി ഡോളറിന്റെ മൂല്യം മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതോടെ സമ്പത്ത് സുരക്ഷിതമായി സൂക്ഷിക്കാനുള്ള പദവിയിലേക്ക് സ്വര്‍ണ്ണം ഉയര്‍ന്നതോടെ സ്വര്‍ണ്ണത്തിന്റെ വില വര്‍ധിക്കുകയാണ്.”- മദന്‍ സബ് നാവിസ് ചൂണ്ടിക്കാട്ടുന്നു.
ഇതുവരെ സുസ്ഥിരമെന്ന് കരുതിയിരുന്ന അമേരിക്കന്‍ ഡോളറിന്റെ മൂല്യം ആടിയുലയുന്നതോടെ കരുതലായി നിക്ഷേപം സൂക്ഷിച്ചുവെയ്ക്കാനുള്ള ഏറ്റവും നല്ല മേഖല സ്വര്‍ണ്ണമായി കണക്കാക്കുകയാണ് ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും. കോവിഡ് മഹാമാരി, ഉക്രൈന്-റഷ്യ യുദ്ധം, ഇസ്രയേല്‍-ഹമാസ് യുദ്ധം എന്നിവ കാരണം അമേരിക്കന്‍ ഡോളറിന്റെ സ്വത്ത് സൂക്ഷിച്ചുവെയ്ക്കാനുള്ള സുസ്ഥിരകറന്സി എന്ന സ്ഥാനം വിശ്വാസയോഗ്യമല്ലാതായിരിക്കുന്നു.
വിദേശനാണ്യശേഖരത്തിന്റെ നല്ലൊരു പങ്ക് സ്വര്‍ണ്ണത്തില്‍ സൂക്ഷിക്കാന്‍ ലോകമെമ്പാടുമുള്ള കേന്ദ്രബാങ്കുകള്‍ തീരുമാനിച്ചിരിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേ വഴിയില്‍ ഇന്ത്യയുടെ റിസര്‍വ്വ് ബാങ്കും സഞ്ചരിക്കുന്നതും നല്ല കാര്യമാണെന്നും അവര്‍ പറയുന്നു.
ഇതിനിടെ യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതോടെ തുടങ്ങിവെച്ച ചുങ്കപ്പോര് വീണ്ടും ഡോളറിനെ അടിതെറ്റിച്ചു. ഇതോടെ ഈ അടുത്തനാളുകളിലായി ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളും സ്വര്‍ണ്ണം വലിയ തോതില്‍ വാങ്ങി ശേഖരിക്കുകയാണ്. വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകം വീണുപോയാല്‍ അന്ന് ഏറ്റവും ഉറപ്പുള്ള നിക്ഷേപം സ്വര്‍ണ്ണമായി മാറുമെന്നതിനാലാണിത്. നേരത്തെ ഈ പദവി ഡോളറിനായിരുന്നു. 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ റിസര്‍വ്വ് ബാങ്ക് വാങ്ങിയത് 57.5 ടണ്‍ സ്വര്‍ണ്ണമാണ്. 2017 ഡിസംബറിന് ശേഷം ഇന്ത്യ ഏറ്റവുമധികം സ്വര്‍ണ്ണം വാങ്ങിയ സാമ്പത്തിക വര്‍ഷമാണ് 2024-25 കാലഘട്ടം.
“ആഗോളസമ്പദ് ഘടനയില്‍ അനിശ്ചിതത്വം വര്‍ധിച്ചിരിക്കുന്ന കാലമായതിനാല്‍ ഇന്ത്യയുടെ വിദേശ വിനിമയ പോര്‍ട്ട് ഫോളിയോ വൈവിധ്യവല്‍ക്കരിക്കുന്നതില്‍ തെറ്റില്ല”- ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപദേഷ്ടാവായ ഏണ്‍സ്റ്റ് ആന്റ് യംഗ് ഇന്ത്യയുടെ മുഖ്യനയ ഉപദേശകന് ഡി.കെ. ശ്രീവാസ്തവ പറയുന്നു. “2025 ജനവരിയില്‍ 110 ആയിരുന്ന ഡോളര്‍ സൂചിക എങ്കില്‍ ഇപ്പോഴത് വെറും 100 ആയി കുറഞ്ഞിരിക്കുന്നു. ഇനിയും ഡോളര്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇപ്പോള്‍ സ്വര്‍ണ്ണശേഖരം കൂട്ടുകയും ഡോളര്‍ ശേഖരം കുറയ്ക്കുകയും ചെയ്യുന്നതില്‍ തെറ്റില്ല.”-ശ്രീവാസ്തവ വിശദീകരിക്കുന്നു.
“യുഎസ് ഡോളറിന്റെ മൂല്യത്തിലുള്ള അസ്ഥിരത വലിയ പ്രശ്നമാണ്. യുഎസ് ഗവൺമെൻ്റ് സെക്യൂരിറ്റി കൈവശം വയ്ക്കുന്ന നിക്ഷേപകർക്ക് പ്രതീക്ഷിക്കാവുന്ന വാർഷിക വരുമാനമാണ് ട്രഷറി യീൽഡ്.ഇത് കുത്തനെ ഉയരുന്നതോടൊപ്പം ഡോളര്‍ തലകുത്തി വീഴുകയുമാണ്. ട്രഷറി ബോണ്ടുകകള് വാങ്ങാനുള്ള ആവശ്യക്കാര്‍ കുറയുമ്പോഴാണ് ട്രഷറി ബോണ്ട് യീൽഡ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ യുഎസ് ഡോളറില്‍ കരുതല്‍ ധനം കൈവശം വെയ്ക്കുന്നത് അപകടമാണ്. സ്വര്‍ണ്ണത്തിലേക്ക് കൂടി കരുതല്‍ ശേഖരം മാറ്റുന്നതില്‍ തെറ്റില്ല”- പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന്റെ സാമ്പത്തിക ഉപദേശക സേവനത്തിന്റെ മേധാവി റാനെന്‍ ബാനര്‍ജി പറയുന്നു.
2015ല്‍ ഏറ്റവുമധികം സ്വര്‍ണ്ണശേഖരമുള്ള ലോകത്തിലെ പത്താമത്തെ രാജ്യമായിരുന്നു ഇന്ത്യ. ഇന്ന് ഇപ്പോള്‍ ലോകത്തിലെ ഏറ്റവുമധികം സ്വര്‍ണ്ണശേഖരമുള്ള ഏഴാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇപ്പോള്‍ യുഎസ്, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ചൈന, സ്വിറ്റ്സര്‍ലാന്റ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയേക്കാള്‍ മുന്പിലുള്ളത്. അമേരിക്കയുടെ കൈവശമുള്ളത് 8133 ടണ്‍ സ്വര്‍ണ്ണമാണ്. ജര്‍മ്മനി 3351 ടണ്ണും ഇറ്റലി 2451 ടണ്ണും ഫ്രാന്‍സ് 2437 ടണ്ണും ചൈന 2279 ടണ്ണും സ്വിറ്റ് സര്‍ലാന്റ് 1039 ടണ്‍ സ്വര്‍ണ്ണവും കരുതലായി സൂക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: