അങ്കാര: ഇന്ത്യാ-പാക് സംഘര്‍ഷം വര്‍ധിക്കുന്നതിനിടയില്‍ തുര്‍ക്കിയുടെ യുദ്ധവിമാനം ആയുധങ്ങളുമായി പാകിസ്ഥാനില്‍ എത്തിയതായുള്ള റിപ്പോര്‍ട്ട് തള്ളി തുര്‍ക്കി. തുര്‍ക്കിയുടെ യുദ്ധവിമാനമായ സി-130ഇ ഹെര്‍കുലീസ് കഴിഞ്ഞ ദിവസം ആയുധങ്ങള്‍ നിറച്ച് പാകിസ്ഥാന്‍ തലസ്ഥാനമായ കറാച്ചിയില്‍ ഇറങ്ങിയെന്ന് റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് യുദ്ധവിമാനമല്ലെന്നും ഇന്ധനം നിറയ്‌ക്കാന്‍ കറാച്ചിയില്‍ ഇറങ്ങിയത് തങ്ങളുടെ ചരക്ക് വിമാനം മാത്രമാണെന്ന് തുര്‍ക്കിയുടെ വാര്‍ത്താവിനിമയ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സമൂഹമാധ്യമങ്ങളിലായിരുന്നു ഈ റിപ്പോര്‍ട്ട് പ്രചരിച്ചത്. തുര്‍ക്കിയുടെ സി-130ഇ ഹെര്‍കുലീസ് എന്ന വിമാനത്തിന്റെ ചിത്രവും വ്യാപകമായി പ്രചരിച്ചിരുന്നു. ഏപ്രില്‍ 28ന് അറബിക്കടലിന് മുകളിലൂടെ തുര്‍ക്കിയുടെ സി-130ഇ ഹെര്‍കുലീസ് എന്ന യുദ്ധവിമാനം പറക്കുന്നതിന്റെ ചിത്രവും പ്രചരിച്ചിരുന്നു. പിന്നീട് ഒന്നല്ല, ആറ് തുര്‍ക്കി യുദ്ധവിമാനങ്ങള്‍ പാകിസ്ഥാനില്‍ എത്തിയെന്ന് വരെ വാര്‍ത്ത പ്രചരിച്ചു. ഓപ്പണ്‍ സോഴ്സ് ഇന്‍റലിജന്‍റ് ഡേറ്റ (ഓഎസ്ഐഎന്‍ടി) എന്ന വിമാനങ്ങള്‍ ട്രാക്ക് ചെയ്യുന്ന സ്ഥാപനമാണ് തുര്‍ക്കിയുടെ യുദ്ധവിമാനം കറാച്ചി ലക്ഷ്യമാക്കി പറന്നതായി അറിയിച്ചത്. ഇതോടെ ഇന്ത്യയിലെ അക്കാദമിക പണ്ഡിതരും യുദ്ധ വിശകലനവിദഗ്ധരും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന സാധാരണക്കാരും പല വാര്‍ത്തകളും പ്രചരിപ്പിച്ചു. ഇതോടെയാണ് എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് തുര്‍ക്കിയുടെ വാര്‍ത്തവിതരണമന്ത്രാലയം വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്. ഇത് യുദ്ധവിമാനമല്ല, ഇന്ധനം നിറയ്‌ക്കാന്‍ വേണ്ടി എത്തിയ ചരക്ക് വിമാനം മാത്രമാണെന്നും തുര്‍ക്കി അറിയിച്ചു.
കശ്മീരിലെ പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകളെ തീവ്രവാദികള്‍ വെടിവെച്ച് കൊന്ന ദിവസം തന്നെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദ്വാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അന്ന് കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഒപ്പമാണെന്ന് എര്‍ദോഗാന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തുര്‍ക്കി യുദ്ധവിമാനം അയച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ എര്‍ദ്വാന്റെ പ്രസ്താവനയില്‍ ഇന്ത്യയുടെ പേര് പരാമര്‍ശിക്കുക കൂടി ചെയ്തിട്ടില്ല. ഇന്ത്യയ്‌ക്കെതിരെ യാതൊരു യുദ്ധപ്രഖ്യാപനവും തുര്‍ക്കി നടത്തിയിട്ടില്ല.
മാത്രവുമല്ല, ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷത്തിന് അയവുവരുത്തണമെന്ന ഒരു പ്രസ്താവനയും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദ്വാന്‍ നടത്തിയിരുന്നു. എല്ലാക്കാലത്തും ഒരു മുസ്ലിം നേതാവായി നിലകൊള്ളുന്ന നേതാവാണ് എര്‍ദ്വാന്‍. അതിനാലാണ് പാകിസ്ഥാന്‍ എര്‍ദോഗാനെ കൂടുതലായി പൊക്കിപ്പിടിക്കുന്നത്. എന്നാല്‍ ഇത്തരം സംഘര്‍ഷങ്ങളുടെ പേരില്‍ പാകിസ്ഥാന് കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കുക എന്നല്ലാതെ തുര്‍ക്കിക്ക് മറ്റ് താല്‍പര്യങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ ഇല്ല. മറ്റ് രാജ്യങ്ങളിലെ സംഘര്‍ഷങ്ങളില്‍ ഇടപെട്ട് അവര്‍ക്ക് കോടികളുടെ ആയുധങ്ങല്‍ വില്‍ക്കുന്ന മിടുക്കനായ വ്യാപാരി മാത്രമാണ് എര്‍ദ്വാന്‍. തുര്‍ക്കി തന്നെ കോവിഡിന് ശേഷം ആഭ്യന്തരകലാപത്തില്‍ നട്ടംതിരിയുകയാണ്. അതിനിടെ ഇന്ത്യയ്‌ക്കെതിരെ ഒരു പോരിന് എര്‍ദ്വാന്‍ ഇറങ്ങിപ്പുറപ്പെടില്ല. മാത്രമല്ല അന്താരാഷ്‌ട്ര വേദികളില്‍ മോദിയുടെ നല്ല സുഹൃത്തുമാണ് എര്‍ദ്വാന്‍. പാകിസ്ഥാന് വേണ്ടി അമേരിക്കയുടെ ആധുനിക യുദ്ധവിമാനമായ എഫ് 16 നിലനിര്‍ത്താന്‍ സഹായിക്കുന്നത് തുര്‍ക്കിയാണെന്നത് സത്യമാണ്. പാകിസ്ഥാന് വേണ്ടി പല ആയുധങ്ങളും നല്‍കിയിട്ടുണ്ട്. പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ ആയുധം നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് തുര്‍ക്കി. ചൈനയാണ് പാകിസ്ഥാന് ഏറ്റവും കൂടുതല്‍ ആയുധം നല്‍കുന്ന രാജ്യം.
ജി20 ഉച്ചകോടിയ്‌ക്കിടയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതിരോധം, വ്യാപാരം, നിക്ഷേപം, സുരക്ഷ, ഷിപ്പിംഗ്, വ്യോമയാനം എന്നീ മേഖലകളില്‍ സഹകരിക്കാന്‍ എര്‍ദ്വാനും മോദിയും തീരുമാനിച്ചിരുന്നു. മോശമായിരുന്ന തുര്‍ക്കി-ഇന്ത്യ ബന്ധത്തെ മോദി ഊഷ്മളമാക്കി മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: