ന്യൂഡല്‍ഹി: ‘ഞാന്‍ ഇപ്പോള്‍ മോദിജിയോടും യോഗിജിയോടും അഭയം അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ പാകിസ്ഥാന്റെ മകളായിരുന്നു, പക്ഷേ ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണ്. എനിക്ക് പാകിസ്ഥാനിലേക്ക് പോകേണ്ട, എന്നെ ഇവിടെ താമസിക്കാന്‍ അനുവദിക്കൂ,’ ഇന്ത്യക്കാരനായ സച്ചിന്‍ മീണയെ വിവാഹം കഴിക്കാന്‍ പാകിസ്ഥാന്‍ വിട്ടു പോന്ന സീമ ഹൈദറിന്‌റേതാണ് ഈ അഭ്യര്‍ത്ഥന. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള വിസ നിറുത്തലാക്കിയതോടെയാണ് നാടുകടത്തല്‍ ഭയപ്പെടുന്ന സീമ ഹൈദര്‍ അഭ്യര്‍ത്ഥനയുമായി രംഗത്തു വന്നത്. 2023 ല്‍ തന്റെ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്ന് മുന്‍ വിവാഹത്തിലെ നാല് കുട്ടികളോടൊപ്പം അനധികൃതമായി ഇന്ത്യയില്‍ വന്നതാണ് സീമ. ഇത് അക്കാലത്ത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
മീണയെ വിവാഹം കഴിച്ചശേഷം താന്‍ ഹിന്ദുമതം സ്വീകരിച്ചതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സീമ ഹൈദര്‍ അവകാശപ്പെടുന്നു. ‘ഗ്രേറ്റര്‍ നോയിഡയിലെ താമസക്കാരനായ സച്ചിന്‍ മീണയെ സീമ വിവാഹം കഴിച്ചു, അടുത്തിടെ അവര്‍ക്ക് ഒരു കുട്ടി പിറന്നു. അവരുടെ പൗരത്വം ഇന്ത്യക്കാരനായ ഭര്‍ത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാല്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം അവര്‍ക്ക് ബാധകമാകരുതെന്നാണ് അവരുടെ അഭിഭാഷകന്‌റെയും അഭ്യര്‍ത്ഥന. സീമ ഹൈദര്‍ 2023 ലാണ് ഇന്ത്യയിലെത്തിയത്. നിലവില്‍, ഈ ദമ്പതികള്‍ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: