കോഴിക്കോട്: ചരിത്രരചനാ രംഗത്ത് മഹത്തായ സംഭാവനകള്‍ നല്കിയ പ്രതിഭാശാലിയായിരുന്നു എം.ജി.എസ്. നാരായണനെന്ന് തപസ്യ കലാസാഹിത്യ വേദി. ചരിത്ര വിഷയത്തിനൊപ്പം സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ താത്പ്പര്യം പുലര്‍ത്തിയ എഴുത്തുകാരന് കൂടിയായിരുന്ന എം.ജി.എസ് സംസ്കാരപഠനങ്ങളില്‍ സവിശേഷമായ താത്പര്യം കാണിച്ചിരുന്നു. കേരള ചരിത്ര ഗവേഷണത്തിന് ശക്തമായ അടിത്തറ പാകിയ ഗവേഷകനായിരുന്നു എംജിഎസ് എന്നും തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോഴിക്കോട്ട് പിറന്ന തപസ്യയുടെ തുടക്കം മുതലുള്ള സഹയാത്രികന് ആയിരുന്നു എം.ജി.എസ്. തപസ്യയുടെ അധ്യക്ഷരായിരുന്ന മഹാകവി അക്കിത്തവുമായും വി.എം. കൊറാത്തുമായും ആത്മബന്ധം ഉണ്ടായിരുന്ന അദ്ദേഹം കോഴിക്കോട് നടന്ന രണ്ടാം വാര്‍ഷികോത്സവം മുതല്‍ നിരവധി വാര്‍ഷികോത്സവങ്ങളില്‍ ഉള്‍പ്പെടെ തപസ്യയുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകള്‍ ഇതിന് തടസ്സമായില്ല. മലാപ്പറമ്പിലെ സ്വവസതിയായ ‘മൈത്രി’യിലേക്ക് തപസ്യയുടെ പ്രവര്‍ത്തകര്‍ക്ക് എപ്പോഴും പ്രവേശനം ഉണ്ടായിരുന്നു. സാഹിത്യ രംഗത്തെ സംഭാവനകള്‍ക്ക് തപസ്യ നല്‍കിവരുന്ന സഞ്ജയന് പുരസ്കാരം ഏറ്റവും ഒടുവില്‍ സമ്മാനിച്ചത് എംജിഎസിനാണ്. അദ്ദേഹത്തിന് ലഭിച്ച അവസാനത്തെ പുരസ്കാരവും അതാണ്. അദ്ദേഹം അവസാനമായി പങ്കെടുത്ത
പൊതുപരിപാടിയും ആ പുരസ്കരസമര്പ്പണ പരിപാടി എന്ന് തപസ്യ അനുശോചനക്കുറിപ്പില്‍ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: