ന്യൂദല്‍ഹി: പത്തു ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത റോസ്ഗാര്‍ മേളയില്‍ ഇന്നലെ 47 കേന്ദ്രങ്ങളിലായി 51,000 നിയമന ഉത്തരവുകള്‍ കൈമാറി. 2022 ഒക്ടോബറില്‍ 75,000 ഉത്തരവുകള്‍ കൈമാറിയാണ് പ്രധാനമന്ത്രി റോസ്ഗാര്‍ മേളയ്ക്ക് തുടക്കം കുറിച്ചത്. ഇത് 15-ാം തവണയാണ് രാജ്യത്തുടനീളം നടപ്പാക്കുന്ന മേളയിലൂടെ നിയമന ഉത്തരവുകള്‍ നല്‍കുന്നത്. കേരളത്തില്‍, കൊച്ചിയില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി കമലേഷ് പാസ്വാനും റോസ്ഗാര്‍ മേളകളില്‍ ഉത്തരവുകള്‍ കൈമാറി.
രാജ്യത്തെ യുവാക്കള്‍ക്ക് ഇത് അതുല്യമായ അവസരങ്ങളുടെ സമയമാണെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. മെഗാ തൊഴില്‍മേളയുടെ ഭാഗമായി നിയമന ഉത്തരവുകള്‍ ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലുള്ള യുവാക്കളുടെ ആത്മാര്‍ഥത വികസിത രാഷ്ട്രമാകാനുള്ള ഭാരതത്തിന്റെ യാത്രയില്‍ സ്വാധീനം ചെലുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
റോസ്ഗര് മേള ദേശീയ വികസനത്തിനുമുള്ള ഉത്തേജകം: സുരേഷ് ഗോപി
കൊച്ചി: റോസ്ഗര് മേള നിയമനത്തിനുള്ള ഒരു വേദി മാത്രമല്ല, യുവജന ശാക്തീകരണത്തിനും ദേശീയ വികസനത്തിനുമുള്ള ഒരു ഉത്തേജകം കൂടിയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എറണാകുളം ടിഡിഎം ഹാളില്‍ നടന്ന റോസ്ഗര് മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള മേളയില്‍ 169 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന കത്തുകള്‍ കൈമാറി. കേന്ദ്ര നികുതി, എക്സൈസ്, കസ്റ്റംസ് ചീഫ് കമ്മിഷണര്‍ എസ്.കെ. റഹ്മാന് സ്വാഗത പ്രസംഗം നടത്തി.
ദേശീയ തല റോസ്ഗര് മേളയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പുതുതായി നിയമിക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 51,000 ത്തിലധികം നിയമന കത്തുകള്‍ വിതരണം ചെയ്തു. കൊച്ചിയില്‍ പങ്കെടുത്തവര്‍ പരിപാടിയുടെ തത്സമയ വെബ്കാസ്റ്റ് വീക്ഷിച്ചു. 2022 ഒക്ടോബര്‍ 22ന് ആരംഭിച്ച റോസ്ഗര് മേള, ശ്രദ്ധേയമായ വളര്‍ച്ചയാണ് കൈവരിച്ചത്. വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലായി ലക്ഷക്കണക്കിന് നിയമന കത്തുകളാണ് വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: