മുംബൈ : ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെട്ടതിന്റെ വേദനയിലാണ് രാജ്യം . ഈ സംഭവത്തിന് ശേഷം താരങ്ങൾ മുതൽ സാധാരണക്കാർ വരെ എല്ലാവരും തീവ്രവാദികൾക്കെതിരായ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. അതേസമയം, ഇപ്പോഴിതാ നടൻ സുനിൽ ഷെട്ടി പറഞ്ഞ പ്രസ്താവന വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.
സുനിൽ ഷെട്ടിയുടെ ‘കേസരി വീർ’ എന്ന ചിത്രം പാകിസ്ഥാനിൽ റിലീസ് ചെയ്യില്ലെന്ന് അടുത്തിടെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ കശ്മീരിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വാര്‍ത്തകളില്‍ ഇടം നേടുകയാണ് . ഈ ഭീകരരെ ഒരിക്കലും ഭയപ്പെടേണ്ടതില്ലെന്നാണ് സുനിൽ ഷെട്ടി പറയുന്നത്.
കശ്മീരിന് ഭയമല്ല, സ്നേഹവും ടൂറിസവുമാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. മുംബൈയിൽ നടന്ന 2025 ലെ ലതാ ദിനനാഥ് മങ്കേഷ്കർ അവാർഡ് ചടങ്ങിനിടെ വരാനിരിക്കുന്ന അവധിക്കാലം കശ്മീരിൽ ചെലവഴിക്കാൻ സുനിൽ ഷെട്ടി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു.
‘ പൗരന്മാർ എന്ന നിലയിൽ നമ്മൾ ഒരു കാര്യം മാത്രമേ ചെയ്യേണ്ടതുള്ളൂ. നമ്മുടെ അടുത്ത അവധിക്കാലം കശ്മീരിൽ മാത്രമായിരിക്കണമെന്ന് നമ്മൾ തീരുമാനിക്കണം. നമ്മൾ ഭയപ്പെടുന്നില്ലെന്നും നമുക്ക് യഥാർത്ഥത്തിൽ ഭയമില്ലെന്നും തീവ്രവാദികൾക്ക് കാണിച്ചുകൊടുക്കണം.
വിനോദസഞ്ചാരിയായോ കലാകാരന്മാരായോ ഷൂട്ടിംഗിനോ വിനോദസഞ്ചാരത്തിനായോ അവിടെ വരാൻ ഞങ്ങൾ തയ്യാറാണ്. ഈ സമയത്ത് നമ്മൾ ഐക്യത്തോടെ നിലകൊള്ളണം. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കെണിയിൽ കുടുങ്ങാതെ, കശ്മീർ നമ്മുടേതായിരുന്നു, നമ്മുടേതാണെന്നും എപ്പോഴും നമ്മുടേതായിരിക്കുമെന്നും നമുക്ക് കാണിക്കണം,” സുനിൽ ഷെട്ടി ആഹ്വാനം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: