കോട്ടയം : കേരള രാഷ്ട്രീയത്തിലെ വല്യേട്ടനായി നടിക്കുന്ന സിപിഐ, പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തെ പോലും നൂറാം വാര്‍ഷിക ആദരിക്കല്‍ ചടങ്ങില്‍ വിസ്മരിച്ച ഗതികേടിലെത്തിയിരിക്കുകയാണെന്ന് ബിജെപി നേതാവ് എന്‍.ഹരി ആരോപിച്ചു.
പാര്‍ട്ടി നൂറാം വാര്‍ഷികഭാഗമായി ദേശീയ കൗണ്‍സിലിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന അന്തരിച്ച സിപിഐ നേതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരന് ആയ കാനത്തെ മറന്നത് ബോധപൂര്‍വ്വമല്ലെന്ന് കരുതാനാവില്ല. മറ്റു നേതാക്കളുടെ കുടുംബങ്ങളെ എല്ലാം ക്ഷണിച്ച് ആദരിച്ചപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് മാത്രം അന്തരിച്ച കാനത്തിന്റെ കുടുംബത്തെ മാത്രം അറിയിച്ചില്ല. ഇത് യാദൃശ്ചികമാണെന്ന് കരുതാന്‍ അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കാവില്ല.
സിപിഐയിലെ അതിരൂക്ഷമായ ചേരിപ്പോരിന്റെ പ്രതിഫലനം ആണിത്. രണ്ടുതവണ സിപിഐ സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയും ആയ കാനത്തിന്റെ മകന് സോഷ്യല്‍ മീഡിയയിലൂടെയാണ് ചടങ്ങിന്റെ വിവരം അറിഞ്ഞത് എന്നത് അതീവ ലജ്ജാകരമാണ്. പരിപാടിയിലേക്ക് ക്ഷണിച്ചില്ല എന്ന് മാത്രമല്ല അതില്‍നിന്നും തലയൂരാന്‍ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം നടത്തിയ പ്രസ്താവന തരംതാണതായി. കാനത്തിന്റെ കുടുംബത്തെ അറിയിച്ചുവെങ്കിലും അസൗകര്യം മൂലം വന്നില്ലെന്നാണ് ബിനോയ് പറഞ്ഞത്.ഇതിനെയാണ് സോഷ്യല്‍ മീഡിയയില്‍ കാനത്തിന്റെ മകന് സന്ദീപ് ചോദ്യം ചെയ്തത്.
സംഘടനാ സംവിധാനത്തിലെ ഗുരുതരമായ പാളിച്ചയിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു. സംഘടനാകാര്യ ക്രമത്തിലെ ബാലപാഠങ്ങള്‍ പോലും ഇവിടെ മറന്നു പോയിരിക്കുന്നു.ഇത്തരം ചടങ്ങുകള്‍ക്ക് ലിസ്റ്റ് തയ്യാറാക്കുകയും അറിയിപ്പ് കൈമാറുകയും ചെയ്യുന്നത് ചുമതലയുള്ള ഭാരവാഹികളാണ്. അത്തരത്തിലുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും ഇടതുഭരണമുന്നണിയിലെ രണ്ടാമനായ സിപിഐയില്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. കോട്ടയം ജില്ലക്കാരനും നാട്ടില്‍ ഏറെ വ്യക്തിബന്ധങ്ങളുമുളള മുന്‍ സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തിന്റെ പേര് വിട്ടുപോയതില്‍ പാര്‍ട്ടിയുടെ കോട്ടയം ജില്ലാ ഘടകത്തിന് സംഭവിച്ചത് ഗുരുതരമായ വീഴ്ച്ചയാണ്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന സിപിഐയുടെ ദേശീയ നേതാക്കള്‍ ആദ്യം സ്വന്തം സംഘടന സംവിധാനത്തിലേക്ക് ഒന്ന് കണ്ണോടിക്കണം. പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ മുന്‍ സംസ്ഥാന സെക്രട്ടറിയുടെ കുടുംബം പരസ്യമായി സംഘടനയുടെ നിലവിലുളള സംസ്ഥാന സെക്രട്ടറിയെ വിമര്‍ശിക്കേണ്ടിവന്നിരിക്കുകയാണ്.പാര്‍ട്ടിയുടെ കേരള കെട്ടിടസമുച്ചയം ഉദ്ഘാടന വേളയില്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കേണ്ട ഗതികേടാണ് സിപിഎം ജനറല്‍ സെക്രട്ടറിക്കും ഘടകകക്ഷിയായ സിപിഐ നേതാക്കള്‍ക്കും ഉണ്ടായത്. ഇത്തരത്തിലുള്ള മുന്നണി രാഷ്ട്രീയത്തിലെ ഘടകക്ഷികളില്‍ ഇതുപോലുള്ള സംഭവവികാസങ്ങള്‍ ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: