ന്യൂദല്‍ഹി: താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി ഫോണില്‍ സംസാരിച്ചെന്നും 2025 അവസാനത്തോടെ ഇന്ത്യയില്‍ എത്തുമെന്നും നേരിട്ട് പ്രതികരിച്ച് ടെസ് ല കാര്‍ കമ്പനിയുടെ സിഇഒ ഇലോണ്‍ മസ്ക്. ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് ഇന്ധനമാകാന്‍ പോകുന്ന ടെസ് ല എന്ന ഇലക്ട്രിക് കാറിന്റെ നിര്‍മ്മാണ ഫാക്ടറി ഇന്ത്യയില്‍ ഉയര്‍ത്തുക എന്നത് മോദിയുടെ എക്കാലത്തേയും സ്വപ്നം യാഥാര്‍ത്ഥ്യത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്കിന്റെ ഈ വെളിപ്പെടുത്തല്‍.
ടെസ് ല തല്‍ക്കാലം ഇന്ത്യയില്‍ നിര്‍മ്മാണ ഫാക്ടറി തുറന്നേക്കില്ല. പകരം കുറഞ്ഞ ഇറക്കുമതി ചുങ്കത്തിന്റെ സാധ്യത ഉപയോഗിച്ച് ഇന്ത്യയിലേക്ക് ടെസ് ല കാര്‍ ഇറക്കുമതി ചെയ്യും. ആപ്പിള്‍ ഐ ഫോണും ആദ്യം ഇന്ത്യയില്‍ നിര്‍മ്മാണ ഫാക്ടറി തുറക്കാന്‍ മടിച്ചിരുന്നു. പിന്നീട് ഫാക്ടറി തുറക്കുക മാത്രമല്ല, ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചെയ്തു. ഇത് തന്നെയാണ് ഇന്ത്യ ടെസ് ലയുടെ കാര്യത്തിലും പ്രതീക്ഷിക്കുന്നത്. ഏകദേശം 70 ലക്ഷം രൂപയാണ് ഒരു ടെസ് ല ഇലക്ട്രിക് കാറിന്റെ വില. സാങ്കേതിക വിദ്യയില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന ഈ കാര്‍ വാങ്ങി ഉപയോഗിക്കാന്‍ കഴിയുന്ന സമ്പന്നര്‍ ഇന്ത്യയില്‍ ഇന്നുണ്ട്. പഴയ പാവങ്ങളുടെ ഇന്ത്യ മാത്രമല്ല ഇന്നത്തെ ഇന്ത്യ. ആപ്പിള്‍ ഐ ഫോണ്‍ അവരുടെ വില്‍പനകേന്ദ്രത്തിന്റെ എണ്ണം പൊടുന്നനെ രണ്ടാക്കി വര്‍ധിപ്പിച്ചിരുന്നു.
ടെക് നോളജിയിലും ബിസിനസ് നവീനതകളിലും ഇന്ത്യയുമായുള്ള പങ്കാളിത്തത്തിന്റെ സാധ്യതകള്‍ ഇലോണ്‍ മസ്കുമായി പങ്കുവെച്ചുവെന്ന് വെള്ളിയാഴ്ച മോദി വെളിപ്പെടുത്തിയിരുന്നു. ഈ രംഗത്ത് യുഎസുമായുള്ള പങ്കാളിത്തം മെച്ചപ്പെടുത്താന്‍ ഇന്ത്യ തയ്യാറാണെന്നും മോദി പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിച്ചുവെന്ന കാര്യം സ്ഥിരീകരിച്ച് ഇലോണ്‍ മസ്ക് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചത്. .മോദിയുമായി ആശയവിനിമയം നടത്തിയതില്‍ ഏറെ അഭിമാനം തോന്നുന്നുവെന്നും ഇലോണ്‍ മസ്ക് പറഞ്ഞു.
It was an honor to speak with PM Modi.
I am looking forward to visiting India later this year! https://t.co/TYUp6w5Gys
— Elon Musk (@elonmusk) April 19, 2025
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വന്‍ പ്രഖ്യാപനമാണിത്. ഇലോണ്‍ മസ്കിന്റെ ടെസ് ല എന്ന സാങ്കേതിക വിദ്യയില്‍ ഏറെ മുന്നിലുള്ള കാര്‍ ഇന്ത്യയില്‍ എത്തുന്നു എന്ന വാര്‍ത്ത ഇന്ത്യയുടെ ഉല്‍പാദനരംഗത്തെ പ്രശസ്തി വാനോളം ഉയര്‍ത്തും. നേരത്തെ ആപ്പിള്‍ ഐ ഫോണിന്റെ ഉല്‍പാദനം ഏറെ വര്‍ഷത്തെ ശ്രമഫലമായി മോദി ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ ഇന്ത്യയ്‌ക്ക് അതുണ്ടാക്കിയ ഗുഡ് വില്‍ വിലമതിക്കാനാവാത്തതാണ്. ഇന്ന് 2200 കോടി ഡോളറിന്റെ കയറ്റുമതിയാണ് ആപ്പിള്‍ ഐ ഫോണ്‍ നടത്തിയത്. ഇത് മൂലം തന്നെ നിരവധി കമ്പനികള്‍ ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച് എത്തി. അതെ ഇന്ത്യയുടെ മുഖച്ഛായ മാറുകയാണ്.
മാത്രമല്ല, ഇന്ത്യ-യുഎസ് വ്യാപാരചുങ്കത്തെച്ചൊല്ലിയുള്ള യുദ്ധം അങ്ങേയറ്റം പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. യുഎസിന്റെ ബോയിംഗ് വിമാനം വേണ്ടെന്ന് ചൈന പറഞ്ഞതോടെ ഇനി ചൈനയ്‌ക്ക് തങ്ങളുടെ കാറുകള്‍ നല്കേണ്ടെന്ന് അമേരിക്കന്‍ കാര്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടുന്നത് അമേരിക്കയിലെയും മറ്റ് വികസിത രാജ്യങ്ങളിലേയും കമ്പനികള്‍ മറ്റൊരു ചീപ്പായ ഉല്‍പാദനസംവിധാനം നോക്കുമെന്ന് തന്നെയാണ്. ഇവിടെ ഇന്ത്യയ്‌ക്ക് നറുക്കുവീഴുമെന്നാണ് കരുതുന്നത്. അങ്ങിനെയങ്കില്‍ അത് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയ്‌ക്ക് ലോട്ടറിയായി മാറും.
മാത്രമല്ല, ഇലോണ്‍ മസ്ക് ഇപ്പോള്‍ സ്പേസ് എക്സ് എന്ന ബഹിരാകാശകമ്പനിയുടെയും ടെസ് ല എന്ന ഇലക്ട്രിക് കാറിന്റെയും ഉടമസ്ഥന്‍ മാത്രമല്ല, ട്രംപ് സര്‍ക്കാരിന്റെ സുപ്രധാന റോളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികൂടിയാണ്. ഇലോണ്‍ മസ്കുമായുള്ള അടുപ്പം ഇന്ത്യ-യുഎസ് വ്യാപാരചുങ്ക പ്രശ്നത്തിലും ബിസിനസ് ബന്ധത്തിലും നയതന്ത്ര ബന്ധത്തിലും ഏറെ സ്വാധീനമുണ്ടാക്കാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യും.
ഇലോണ്‍ മസ്കിന്റെ ടെസ് ല നിര്‍മ്മാണ ഫാക്ടറി ഇന്ത്യയില്‍ ഉടനെ തുറക്കാനിരിക്കുകയാണ്. ഇന്ത്യയിലെ ടെസ് ല കാറിന്റെ ഫാക്ടറിക്ക് അനുമതി നല്‍കുമെന്നും അതേ സമയം ടെസ് ലയുമായി മത്സരിക്കുന്ന ചൈനയുടെ കാര്‍ കമ്പനിയായ ബിവൈഡിക്ക് ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാന്‍ അനുമതി നല്‍കില്ലെന്നും കഴിഞ്ഞ ദിവസം കേന്ദ്രവാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് യുഎസുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് പ്രാധാന്യം നല്കേണ്ടതുണ്ടെന്നും പീയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. അതുപോലെ ഇലോണ്‍സ്കിന്റെ ഉപഗ്രഹത്തിലൂടെ അതിവേഗ ഇന്‍റര്‍നെറ്റ് നല്‍കാനുള്ള സ്റ്റാര്‍ലിങ്ക് പദ്ധതിയും ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. ഇതിന്റെ ഭാഗമായി സ്റ്റാര്‍ലിങ്ക് ഉദ്യോഗസ്ഥരുമായി ഇന്ത്യയുടെ വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ ഈയിടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ സ്പേസ് എക്സും എയര്‍ടെല്‍, ജിയോ എന്നീ കമ്പനികളും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇനി ഉപഗ്രഹ ഇന്‍റര്‍നെറ്റിന് ഏത് സ്പെക്ട്രം അനുവദിക്കണം, അത് രാജ്യസുരക്ഷയെ ബാധിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് അന്തിമതീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല. മണിപ്പൂരില്‍ തീവ്രവാദികള്‍ സ്റ്റാര്‍ലിങ്ക് സേവനം ഉപയോഗിച്ച് രഹസ്യമായി ആശയവിനിമയം നടത്തിയതായ ചില ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
ഈ ഫെബ്രുവരിയില്‍ യുഎസ് പ്രസിഡന്‍റ് ട്രംപിനെ കാണാന്‍ യുഎസില്‍ എത്തിയ മോദി ബ്ലെയര്‍ ഹൗസില്‍ വെച്ച് ഇലോണ്‍ മസ്കുമായി ഫെബ്രുവരി 13ന് കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ഇലോണ്‍ മസ്ക് മൂന്ന് കുഞ്ഞുങ്ങളോടൊപ്പമാണ് മോദിയെ കാണാന്‍ എത്തിയത്. ഈ സന്ദര്‍ശനത്തില്‍ ഇലോണ്‍ മസ്കുമായി മോദി വ്യക്തിപരമായി ഏറെ അടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: