കോട്ടയം: നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാസലഹരി ഉപയോഗിക്കുന്ന നടീനടന്മാരുടെ സിനിമകള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനം വിവിധ മേഖലകളില്‍ നിന്ന് ഉയരാന്‍ തുടങ്ങിയതോടെ സൂത്രവാക്യം എന്ന സിനിമയുടേതടക്കം അണിയറ പ്രവര്‍ത്തകര്‍ ആശങ്കയില്‍. ഷൈന്‍ ടോം ചാക്കോ നായകനായ ഈ സിനിമയുടെ സെറ്റിലാണ് തനിക്കെതിരെ മോശം അനുഭവം ഉണ്ടായതെന്ന് വിന്‍സി വെളിപ്പെടുത്തിയിരുന്നു.ഇത് ചിത്രത്തിന്റെ റിലീസിനെയും ജനപ്രീതിയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക. ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും നായകനായ ഷൈന്‍ ടോം ചാക്കോയ്ക്കും മാത്രമല്ല നായികയായ വിന്‍സിയെ പോലും ചിത്രത്തിന്റെ പേരിലുയര്‍ന്ന ഈ ബ്ളാക്ക് മാര്‍ക്ക് ബാധിക്കും. ഈ സാഹചര്യത്തിലാണ് താന്‍ ചിത്രത്തിന്റെ പേരോ കുഴപ്പക്കാരനായ നടന്റെ പേരോ പുറത്തു പറഞ്ഞിട്ടില്ലെന്നും അത് പുറത്തുവിട്ടത് തെറ്റായിപ്പോയി എന്നുമുള്ള പരാമര്‍ശവുമായി വിന്‍സി ഇപ്പോള്‍ രംഗത്തുവന്നത്. ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും ഈ വിവാദം ദോഷകരമായി ബാധിക്കും എന്ന ഭയമുണ്ടെന്നും വിന്‍സി വ്യക്തമാക്കുന്നു.
കേരളം ഒറ്റക്കെട്ടായി ലഹരി വ്യാപനത്തിനെതിരെ നിലപാട് സ്വീകരിച്ച ഈ അസാധാരണ ഘട്ടത്തില്‍ തന്നെയാണ് ഇത്തരമൊരു വിവാദം ഉയര്‍ന്നത്. ലഹരി ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുകയും ലഹരി ഉപയോഗിക്കുന്നവരെ ബഹിഷ്കരിക്കുകയും ചെയ്യുകയെന്ന പൊതുബോധം രൂപപ്പെട്ടുവന്ന ഘട്ടത്തില്‍ ഈ സിനിമയുടെ ഭാവി എന്താകുമെന്ന ആശങ്കയാണ് അടിയറ പ്രവര്‍ത്തകര്‍ക്കുള്ളത്. അനവസരത്തിലായിപ്പോയി വിന്‍സിയുടെ വെളിപ്പെടുത്തലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളും കരുതുന്നു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര പരിഹാരസമിതിയില്‍ അല്ലാതെ തല്ക്കാലം പോലീസിലോ എക്സൈസിലോ പരാതി നല്കാന് ഉദ്ദേശിക്കുന്നില്ല എന്ന് നടി വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: