കൊല്ലം : പീഡനക്കേസില്‍ പ്രതിയായ അഭിഭാഷകന് പി ജി മനു മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാനുള്ള അന്വേഷണത്തിലാണ് പോലീസ്. പീഡനാരോപണം ഉന്നയിച്ച യുവതിയോട് മാപ്പു പറയുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ് മനുവിനെ മരണത്തിലേക്കു നയിച്ചതെന്നാണ് വിലയിരുത്തല്‍.
ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിഭാഗം അഭിഭാഷകന് ബി. എ ആളൂരിനൊപ്പം പ്രവര്‍ത്തിക്കുന്ന മനു കൊല്ലം ജില്ലാ കോടതിക്ക് സമീപം ആനന്ദവല്ലീശരത്ത് കേസിന്റെ ആവശ്യത്തിനായി വീട് വാടകയ്ക്ക് എടുത്തിരുന്നു. കഴിഞ്ഞദിവസം രാത്രി എറണാകുളത്തെ സ്വന്തംവീട്ടില്‍ പോയി വസ്ത്രങ്ങളും മറ്റുംകൊണ്ടുവരാനായി ജൂനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്. പിറ്റേന്ന് രാവിലെ ഇയാളെ വിളിച്ച് അന്വേഷിക്കുകയും ചെയ്തതാണ്. എന്നാല്‍ ഉച്ചയോടെ കൊല്ലത്ത് തിരികെയെത്തിയ ജൂനിയര്‍ അഭിഭാഷകന് വാടകവീട്ടില്‍ ചെന്നപ്പോള്‍ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. അകത്തുകയറിയപ്പോഴാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിയമസഹായം തേടിയെത്തിയ അതിജീവതയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായിരുന്നു മനു. അടുത്തിടെ മറ്റൊരു യുവതിയും പീഡന പരാതി നല്‍കിയിരുന്നു. ഈ ആരോപണം ഉയര്‍ന്നതോടെ മനുവും ഭാര്യയും ഈ സ്ത്രീയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പ് പറയുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് മനുവിന് വലിയ ആഘാതമായി എന്നാണ് വിലയിരുത്തല്‍.
എന്‍ഐഎ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഹൈക്കോടതിയിലെ ഗവ. പ്ളീഡര്‍ തുടങ്ങിയ നിലകളില്‍ മനു പ്രവര്‍ത്തിച്ചിട്ടുണ്ട്. ശബരിമല തന്ത്രിയെ ബ്ലാക്ക് മീറ്റ് ചെയ്ത കേസിലും സിമി ആയുധ പരിശീലന കേസിലും അടക്കം പ്രോസിക്യൂട്ടറുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: