തിരുവനന്തപുരം: തീരാത്ത നോവായി മലയാളിമനസ്സുകളില്‍ ഇന്നും നിലനില്‍ക്കുന്ന സാന്നിധ്യമാണ് ബാലഭാസ്കര്‍. അതിവേഗത്തിലും അത്ഭുതശൈലിയിലും വായിക്കുന്ന വയലിന്‍ വാദകര്‍ പലരും ഉണ്ടെങ്കിലും ബാലഭാസ്കറിന്റെ വയലിന്‍ വായന ദൈവീകമാണ്. ബാലഭാസ്കര്‍ വയലിന്‍തന്ത്രികളില്‍ നിറയ്‌ക്കുന്ന ഫീല്‍ അപാരമാണ്. അത് ശ്രോതാവിന്റെ ഹൃദയത്തില്‍ നവരസങ്ങള്‍ നിറയ്‌ക്കുന്നത് സവിശേഷരീതിയിലാണ്.
ബാലഭാസ്കര്‍ അവശേഷിപ്പിച്ചുപോയ ആ പ്രതിഭാസ്പര്‍ശം ഇപ്പോഴിതാ ഗംഗക്കുട്ടിയിലേക്കും പകര്‍ന്നിരിക്കുന്നു എന്ന് തോന്നും ആ വയലിന്‍ ആസ്വദിക്കുമ്പോള്‍. വയലിന്‍ കമ്പികളില്‍ ബാലഭാസ്കര്‍ അതിമൃദുലമായാണ് വയലിന്‍ ബോ ഓടിക്കുക. എത്ര അസുലഭ രസങ്ങളിലേക്കും ശ്രോതാക്കളെ കൂട്ടികൊണ്ടുപോകാന്‍ വയലിന് മേല്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ ഏല്‍പിക്കാറില്ല ബാലഭാസ്കര്‍. വയലിന് വേദനിക്കുമോ എന്ന് തോന്നുമാറാണ് ബോ ഓടിക്കുക. പക്ഷെ അപ്പോള്‍ വയലിനില്‍ വിരിയുക അതിമൃദുലവികാരങ്ങളാണ്. ഹൃദയത്തെ ആഴത്തില്‍ തൊട്ടൊഴുകുന്ന വികാരസരസ്സ്.
വയലിന് വേദനിക്കുമോ എന്ന പേടിയോടെ അതിമൃദുലമായി വയലിനെ സ്പര്‍ശിക്കുന്ന ഗംഗ ശശിധരന്‍ എന്ന അത്ഭുതപ്രതിഭ തീര്‍ക്കുന്നതും അതിശയിപ്പിക്കുന്ന സംഗീതപ്രപഞ്ചം തന്നെ. കര്‍ണ്ണാടകസംഗീതവും ഭക്തിഗാനവും നിറഞ്ഞ വലിയൊരു സംഗീതലോകം തുറന്നിട്ട് ലോകത്തെ വിസ്മയിപ്പിക്കുകയാണ് ഗംഗ ശശിധരന്‍ എന്ന ഈ ചെറുപ്രായക്കാരി. സ്റ്റേജില്‍ ഇരിക്കുമ്പോള്‍ തീരെ അശ്രദ്ധമായി ഇരിക്കുകയാണെന്ന് തോന്നും. അടുത്ത നിമിഷം ബോ കയ്യിലെടുത്ത് വയലിനില്‍ ഓടിക്കുമ്പോള്‍ പുറത്തുവരുന്നത് അസുലഭ സംഗീതപ്രപഞ്ചം. അത്ഭുതപ്രതിഭ എന്നു മാത്രം വിശേഷിപ്പിക്കാന്‍ കഴിയുന്ന ഈ കുട്ടി കേരളത്തില്‍ മാത്രമല്ല, ലോകമെങ്ങും ആരാധകരെ സൃഷ്ടിക്കുകയാണ്. ‘മരുതമലൈ മാമുനിയേ മുരുകയ്യാ’ എന്ന ഭക്തിഗാനവും കര്‍ണ്ണാടകസംഗീതത്തിലെ സങ്കീര്‍ണ്ണമായ കീര്‍ത്തനങ്ങളും രാഗങ്ങളും ഒരുപോലെ അനായാസമായി വരഞ്ഞിടുന്നു ഗംഗയെന്ന ഈ വിസ്മയം. അതെ, ബാലഭാസ്കറിന് ശേഷം വയലിനാല്‍ പണ്ഡിതരെയും പാമരരേയും സംഗീതപ്രേമികളെയും സംഗീതജ്ഞാനമില്ലാത്തവരേയും ഒരു ചരടില്‍ കോര്‍ക്കുന്നു ഗംഗ ശശിധരനും.
2007 ഫെബ്രുവരി 14ന് ജനിച്ച ഗംഗ ശശിധരന് ഇപ്പോള്‍ പ്രായം ഒമ്പത് വയസ്സാണ്. എഴ് വര്‍ഷം മുന്‍പ് 2018 ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്കര്‍ കാറപകടത്തില്‍ മരിക്കുന്നത്. അതുകൊണ്ട് ബാലഭാസ്കറിന്റെ പുനര്‍ജന്മം എന്നൊന്നും പറയാനാവില്ലെങ്കിലും ബാലഭാസ്കര്‍ ബാക്കിവെച്ച വയലിന്‍ സംഗീതത്തിന്റെ വിടവ് നികത്താന്‍ ഗംഗ ശശിധരന് കഴിയുന്നു എന്ന് മാത്രമല്ല, ഒരു പക്ഷെ ഗംബ അതിനപ്പുറവും പോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: