ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ണായക യോഗം നാളെ. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറാണ് യോഗം വിളിച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, നിയമ നിര്‍മാണ സെക്രട്ടറി ഡോ. രാജീവ് മണി, യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
ആധാര്‍ പദ്ധതി നടപ്പാക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ), നിയമ മന്ത്രാലയം എന്നിവരുമായുള്ള വിപുലമായി കൂടിയാലോചനയ്ക്ക് ശേഷമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ യോഗം വിളിച്ചിരിക്കുന്നത്. മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ ദല്‍ഹിയില്‍ ചേര്‍ന്ന, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വോട്ടര്‍ പട്ടികആധാറുമായി ബന്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.
ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍ ഐഡികള്‍ ഇല്ലാതാക്കുക എന്നതാണ് ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം. 2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടുവന്നിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും തമ്മിലുള്ള വരാനിരിക്കുന്ന യോഗങ്ങളില്‍ ആധാറുമായി ബന്ധപ്പെടുത്തുന്ന വിഷയം ചര്‍ച്ചയാകും. നിലവില്‍ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള പരാതികള്‍ മൂന്ന് മാസത്തിനുള്ളില്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: