ബംഗളൂരു : കർണാടകയിൽ അനധികൃത കുടിയേറ്റം തടയുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടതിൽ വിമർശനമുന്നയിച്ച് ബിജെപി. നിയമസഭാ സമ്മേളനത്തിലാണ് ബിജെപി എംഎൽഎമാർ സിദ്ധരാമയ്യ സർക്കാരിനെതിരെ ഇന്നലെ തുറന്നടിച്ചത്. ലിംഗസുഗൂരിൽ നിന്നുള്ള ബിജെപി എംഎൽഎ മനപ്പ ഡി. വജ്ജൽ ഈ വിഷയം സഭയിൽ ഉന്നയിച്ചു.
കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 556 അനധികൃത കുടിയേറ്റക്കാർ മാത്രമേയുള്ളൂവെന്ന് എംഎൽഎ വജ്ജൽ പറഞ്ഞു. എന്നാൽ വിജയപുര ജില്ലയിൽ മാത്രം 13,000 അനധികൃത കുടിയേറ്റക്കാർ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഒരു ജില്ലയിൽ 13,000 അനധികൃത കുടിയേറ്റക്കാരുണ്ടെങ്കിൽ, സംസ്ഥാനത്തുടനീളമുള്ള യഥാർത്ഥ എണ്ണം ലക്ഷക്കണക്കിന് ആയിരിക്കണമെന്നും അദ്ദേഹം ആരോപിച്ചു.
ഈ അനധികൃത കുടിയേറ്റക്കാർ റേഷൻ കാർഡുകൾ, വോട്ടർ ഐഡികൾ തുടങ്ങിയ സർക്കാർ നൽകിയ രേഖകൾ നേടിയിട്ടുണ്ടെന്നും അവരെ വിദേശികളായി തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. അവർ മയക്കുമരുന്ന് വിൽപ്പനയിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നു, കൂടാതെ പ്രാദേശിക യുവാക്കളെ വഴിതെറ്റിപ്പിക്കുകയാണെന്നും വജ്ജൽ ആരോപിച്ചു.
ഇതിനു പുറമെ സർക്കാരിന്റെ പക്കൽ ലഭ്യമായ ഡാറ്റ കൃത്യമല്ല. എല്ലാ ജില്ലകളിലുമുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയണമെന്ന് ഞാൻ ആഭ്യന്തരമന്ത്രിയോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അവർക്ക് സർക്കാർ രേഖകൾ നൽകുന്നതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ തിരിച്ചറിയണം. ബെംഗളൂരുവും കർണാടകയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടയിടങ്ങളാണ്. അനധികൃത കുടിയേറ്റക്കാർ സംസ്ഥാനത്തിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമെ ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാർ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബിജെപി എംഎൽഎയും ജനറൽ സെക്രട്ടറിയുമായ വി. സുനിൽ കുമാർ പറഞ്ഞു. ഇവിടെ സ്ഥിരതാമസമാക്കിയ റോഹിംഗ്യകൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. സംസ്ഥാനം മുഴുവൻ 556 അനധികൃത കുടിയേറ്റക്കാർ മാത്രമേയുള്ളൂവെന്നാണ് സർക്കാർ പറയുന്നത്. ഈ സാഹചര്യത്തിൽ ഈ വിഷയം കുറഞ്ഞത് 30 മിനിറ്റെങ്കിലും ചർച്ച ചെയ്യേണ്ടതുണ്ട്. സത്യത്തിൽ അവർ കുടക്, ബെംഗളൂരു പോലുള്ള സ്ഥലങ്ങളിലാണ് സ്ഥിരതാമസമാക്കുന്നത്, സർക്കാർ ഈ വിഷയം നിസ്സാരമായി കാണരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ 20 വർഷമായി അനധികൃത കുടിയേറ്റക്കാർ കർണാടകയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനു പുറമെ നിയമവിരുദ്ധ കുടിയേറ്റം ഒരു ഗുരുതരമായ പ്രശ്നമാണ് പ്രത്യേകിച്ച് ബെംഗളൂരുവിൽ. ബംഗ്ലാദേശിൽ നിന്ന് ഇവിടെ വന്ന് സ്ഥിരതാമസമാക്കുന്ന ആളുകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. കൂടാതെ, നൈജീരിയ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നു. അവിടെ നിന്നാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നത്. ഈ കുടിയേറ്റക്കാർ പോലീസിനെ പോലും ആക്രമിക്കുകയാണ്. ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ആവശ്യമായ എല്ലാ രേഖകളും ലഭിച്ചു. ഈ വിഷയത്തിൽ സഭയിൽ വിശദമായ ചർച്ച ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു.
കഴിഞ്ഞയാഴ്ച ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടെ 137 അനധികൃത കുടിയേറ്റക്കാർ സംസ്ഥാനത്ത് ഉണ്ടെന്ന് കർണാടക സർക്കാർ പറഞ്ഞിരുന്നു. സംസ്ഥാനത്ത് തിരിച്ചറിഞ്ഞ 137 അനധികൃത കുടിയേറ്റക്കാരിൽ 25 പേർ പാകിസ്ഥാൻ പൗരന്മാരാണെന്നുളളത് ഏറെ ആശങ്കയുളവാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: