മാവേലിക്കര: ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി വിമുക്തിമിഷനു കീഴിലുള്ള ഡി അഡിക്ഷന് സെന്ററുകളുടെ (ലഹരി വിമോചന കേന്ദ്രങ്ങള്‍) അവസ്ഥ വളരെ പരിതാപകരം. സംസ്ഥാനത്തെ 14 ജില്ലകളില്‍ 14 ഡി അഡിക്ഷന് സെന്ററുകളാണ് ഉള്ളത്. ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് കൗണ്‍സലിങും ചികിത്സയും നല്‍കിവരികയാണ് ലക്ഷ്യം.
ഒരു സെന്ററില്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒരു മെഡിക്കല്‍ ഓഫീസര്‍, ഒരു സൈക്യാട്രിസ്റ്റ്, ഒരു സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, മൂന്ന് സ്റ്റാഫ് നഴ്സ് എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍.
മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള തസ്തികകള്‍ക്ക് കുറഞ്ഞ വേതനമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍, പൂര്‍ണ തോതില്‍ എവിടെയും ജീവനക്കാരില്ല. വേതനം കുറവായതിനാല്‍ പലരും കരാര്‍ പുതുക്കാന്‍ തയ്യാറാകുന്നില്ല. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഡി അഡിക്ഷന് സെന്ററുകളില്‍ മെഡിക്കല്‍ ഓഫീസറുടെയും സൈക്കോളജിസ്റ്റിന്റെയും കുറവാണ് കൂടുതലായുള്ളത്. തിരുവന്തപുരം ജില്ലയില്‍ ശരാശരി 200 ഒപിയാണുള്ളത്. നിലവില്‍ 6 പേര് കിടത്തി ചികിത്സയിലുണ്ട്. ഇവിടെ സൈക്കോളജിസ്റ്റിന്റെ കരാര്‍ കാലാവധി ഫെബ്രുവരിയില്‍ അവസാനിച്ചു. പുതിയ നിയമനം നടന്നിട്ടില്ല. ആലപ്പുഴ ജില്ലയിലെ സെന്റര്‍ പ്രവൃത്തിക്കുന്ന മാവേലിക്കര ജില്ലാ ആശുപത്രിയിലും കോട്ടയം ജില്ലയിലെ പാലാ ടൗണ്‍ ഗവ. ആശുപത്രിയിലും ഇപ്പോള്‍ മെഡിക്കല്‍ ഓഫീസര്‍മാരില്ല.
കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍, സൈക്കോളജിസ്റ്റ്, നഴ്സുമാര്‍, തസ്തികയിലൊന്നും ആളില്ല. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ മാത്രമാണുള്ളത്. പ്രതിദിനം 250 ഒപി വരെ വന്നിട്ടുള്ള ആശുപത്രിയാണ് കോഴിക്കോട് ബീച്ച് ആശുപത്രി. എന്നിട്ടും ഇവിടെ പ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
വയനാട് ജില്ലയില്‍ ഇന്നലെ മെഡിക്കല്‍ ഓഫീസര്‍ ചാര്‍ജ് എടുത്തു. ഇന്നലെ മാത്രം നൂറിലധികം പേരാണ് ചികിത്സ തേടിയത്. ഇതില്‍ 3 പേര് കിടത്തിചികിത്സയിലുണ്ട്. പാലക്കാട് കൗണ്‍സലറുടെ ഒഴിവുണ്ട്. കൊല്ലത്ത് ഡോക്ടറുടെയും സൈക്കോളജിസ്റ്റിന്റെയും ഒഴിവുണ്ട്. മറ്റു ജില്ലകളിലും സമാനമായ അവസ്ഥയാണ്.
കരാര്‍ അടിസ്ഥാനത്തില്‍ കുറഞ്ഞ വേതനമായതിനാലാണ് ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ നിയമനത്തിന് തയ്യാറാകാത്തതെന്ന് ഒരു ഡി അഡിക്ഷന് സെന്ററില്‍ പ്രവൃത്തിച്ച ഡോക്ടര്‍ പറഞ്ഞു. മാന്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്കിയാല് ജീവനക്കാരുടെ കുറവ് പരിഹരിക്കാം. പിഎസ്സി അംഗങ്ങള്‍ക്കും ഗവ. പ്ലീഡര്‍മാര്‍ക്കുമെല്ലാം വാരിക്കോരി നല്കുന്നില്ലേ, അപ്പോള്‍ എന്തുകൊണ്ട് വളരെ അത്യാവശ്യമായ തസ്തികകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്തതെന്നും അദ്ദേഹം ചോദിച്ചു.
വിമുക്തി ഡി അഡിക്ഷന് സെന്ററുകളിലെത്തി മതിയായ ചികിത്സ ലഭിക്കാത്തവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. പല സ്വകാര്യ ആശുപത്രികളും വന്‍ തുകയാണ് ചികിത്സയ്ക്കായി ഈടാക്കുന്നതെന്നും ആക്ഷേപമുണ്ട്.
മൂന്ന് കൗണ്‍സലിങ് സെന്ററുകള്‍ മാത്രം
ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും വിമുക്തി മിഷന്റെ കീഴില്‍ സംസ്ഥാനത്ത് ആകെയുള്ളത് മൂന്നു കൗണ്‍സലിങ് സെന്ററുകളില്‍ ആറു സൈക്കോജിസ്റ്റുകള്‍ മാത്രം. തിരുവന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായുള്ള കൗണ്‍സലിങ് സെന്ററുകളില്‍ രണ്ടു വീതം കൗണ്‍സലര്‍മാരാണുള്ളത്. മറ്റു ജില്ലകളിലൊന്നും കൗണ്‍സലിങ് സെന്ററുകളില്ല.
സംസ്ഥാനത്തെ ഡി അഡിക്ഷന് സെന്ററുകള്‍
തിരുവനന്തപുരം-ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര, കൊല്ലം-രാമറാവു മെമ്മോറിയല്‍ ആശുപത്രി, നെടുങ്ങോലം, പത്തനംതിട്ട-താലൂക്ക് ആശുപത്രി, റാന്നി, ആലപ്പുഴ-ജില്ലാ ആശുപത്രി, മാവേലിക്കര, കോട്ടയം-ടൗണ്‍ ഗവ. ആശുപത്രി, പാല, ഇടുക്കി-ജില്ലാ ആശുപത്രി, ചെറുതോണി, എറണാകളം-മൂവാറ്റുപുഴ താലൂക്ക് ആശുപത്രി, തൃശൂര്‍-ചാലക്കുടി താലൂക്ക് ആശുപത്രി, പാലക്കാട്-കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, മലപ്പുറം-നിലമ്പൂര്‍ ഗവ. ആശുപത്രി, കോഴിക്കോട്-ഗവ. ബീച്ച് ആശുപത്രി, വയനാട്-കല്‍പ്പറ്റ കൈനാട്ടി ജനറല്‍ ആശുപത്രി, കണ്ണൂര്‍-പയ്യന്നൂര്‍ താലൂക്ക് ആശുപത്രി, കാസര്‍കോട്-നീലേശ്വരം താലൂക്ക് ആശുപത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: