കൊച്ചി: ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും സംഗമമാണ് പ്രയാഗ്രാജില് നടന്ന മഹാകുംഭമേളയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനെവാലാ. വിശ്വാസത്തിലും ഏകതയിലും ജാതി, വര്‍ണ, വര്‍ഗ, ഭാഷ വ്യത്യാസമില്ലാതെ ഒന്നാണെന്ന സന്ദേശത്തില്‍ 66 കോടി ഭാരതീയര്‍ മഹാകുംഭമേളയില്‍ സ്നാനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. വിശ്വ സംവാദകേന്ദ്രം സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ കോണ്‍ഫഌവന്‍സ് ലക്ഷ്യ 2025ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധര്മത്തിലെ ഏകത്വമാണ് ഇവിടെ ദര്‍ശിച്ചത്. കാലടിയില്‍ ജനിച്ച ആദിശങ്കരന് ഭാരതത്തിന്റെ നാലുമേഖലകളില് മഠങ്ങള്‍ സ്ഥാപിച്ച് ഭാരതത്തിന് ഏകത്വം പകര്‍ന്നു. ആ ഏകതയുടെ തുടര്‍ച്ചയാണ് ഇപ്പോഴും അനുസൂതം പ്രവഹിക്കുന്നത്. രണ്ട് ലക്ഷം കോടി രൂപയാണ് വിവിധ മേഖലകളിലായി രാജ്യത്ത് ചെലവഴിച്ചത്. 76 രാജ്യങ്ങളില്‍ നിന്നുള്ള വളരെ പ്രഗത്ഭരായ വ്യക്തികള്‍ വരെ കുംഭമേളയ്ക്ക് എത്തിയിരുന്നു.
രാജ്യത്തിന്റെ ആത്മാഭിമാനമുയര്‍ത്തുന്നതായിരുന്നു ഈ മേള. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അഖിലേഷ് യാദവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇതിനെ ആക്ഷേപിച്ചു. എന്നാല്‍ മക്കയെയും മദീനയെയും മറ്റ് മതസ്ഥരുടെ സംഗമങ്ങളെയും ആക്ഷേപിക്കാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോ? ഷെഹസാദ് പൂനെവാലാ ചോദിച്ചു.
ബ്രിട്ടീഷുകാര്‍ ഭാരതത്തിലെത്തുമ്പോള്‍ ലോക ജിഡിപിയുടെ 25 ശതമാനം ഭാരതത്തിന്റെതായിരുന്നു. അവര്‍ ഭാരതം വിടുമ്പോള്‍ അത് നാലു ശതമാനമായി കുറഞ്ഞു. ഭാരതത്തിന്റെ ഉയര്‍ച്ച തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് മഹാകുംഭമേളയെയും ലക്ഷ്യമിട്ടത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനുശേഷം 26,000 എന്‍ജിഒകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. അതാണ് അവരെ പ്രകോപിപ്പിച്ചത്. അമേരിക്കയില്‍ നിന്നെത്തുന്ന കോടികള്‍ ഭാരത വിരുദ്ധ പ്രചാരണത്തിനായിട്ടാണ് അവര്‍ ഉപയോഗിച്ചത്. അതാണ് ഇല്ലാതായിരിക്കുന്നത്.
ബ്രിട്ടീഷുകാരുടെ അതേ വിഭജന തന്ത്രമാണ് ഇവര്‍ പയറ്റുന്നത്. ജനാധിപത്യത്തിന്റെ മാതാവാണ് ഭാരതം. ഇവിടുത്തെ ജനങ്ങളെ വോട്ടു രേഖപ്പെടുത്താന്‍ ആരും പഠിപ്പിക്കേണ്ടതില്ല. അതിന്റെ പേരില്‍ എത്തിയ കോടികള്‍ ആരുടെ കൈയിലാണ് എത്തിയതെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനത്തിനുമുന്‍പ് പതിവുപോലെ വിവാദങ്ങളുണ്ടാക്കുവാന്‍ ഇവര്‍ക്കായില്ല. അമേരിക്കയിലെ ഭരണമാറ്റമാണ് ഇതിനുകാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: