തിരുവനന്തപുരം: ആശാ പ്രവര്‍ത്തകര്‍ക്കു സംസ്ഥാനം ആവശ്യപ്പെട്ടതിനെക്കാള്‍ കൂടുതല്‍ തുക കേന്ദ്രം നല്കിയെന്നതു പുറത്തുവന്നതോടെ മിണ്ടാട്ടമില്ലാതെ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രം കുടിശിക ഉള്‍പ്പെടെ നല്‍കാനുണ്ടെന്നും അതു കണക്കിലെടുക്കാതെ ജനുവരി വരെയുള്ള ഓണറേറിയം സംസ്ഥാനം നല്‍കിയെന്നും മന്ത്രി മുമ്പു പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രം കണക്കു നിരത്തിയപ്പോള്‍ മന്ത്രിയുടെ വാദം പൊളിയുകയായിരുന്നു.
കുടിശിക സംബന്ധിച്ചു കേന്ദ്രത്തിനു നല്കിയ ഫയലില്‍ എന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാ ഫയലുകളും തെറ്റുകൂടാതെ നല്‍കിയെന്നും ഫയല്‍ കിട്ടിയോ ഇല്ലയോ എന്ന മറുപടി പോലും ലഭിച്ചില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ ഫയലില്‍ തെറ്റുണ്ടെന്നും അതു കണക്കാക്കാതെയാണ് അധികത്തുക നല്‍കിയതെന്നും കേന്ദ്രം വ്യക്തമാക്കിയപ്പോള്‍ മന്ത്രിയുടെ മറുപടി വാര്‍ത്താസമ്മേളനത്തിനു പകരം ഫെയ്സ്ബുക്കിലായി. തുക നല്‍കിയെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പു വ്യാജമാണെന്നും ഇതു മനസിലാക്കാന്‍ അക്ഷരാഭ്യാസം മതിയെന്നുമായിരുന്നു കുറിപ്പ്.
എന്നാല്‍ ലോക്സഭയിലെ ചോദ്യോത്തരം ഇതോടെ പുറത്തുവന്നു. 2024-25ല്‍ സംസ്ഥാനത്തിനു നല്‍കേണ്ടത് 913.24 കോടിയായിരുന്നെങ്കിലും 938.80 കോടി നല്‍കിയെന്നും ഇതിനു പുറമേ ഫെബ്രുവരി 12ന് 120.45 കോടി കൂടുതലായി കൊടുത്തെന്നുമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഇതോടെ മന്ത്രിക്ക് ഉത്തരം മുട്ടി.
കേരളത്തില്‍ മാത്രമാണ് ഇത്രയും തുക ഓണറേറിയം നല്കുന്നതെന്നായി പിന്നീടു മന്ത്രി.
എന്നാല്‍ കേരളത്തേക്കാള്‍ ചെറിയ സംസ്ഥാനമായ സിക്കിമാണ് ഓണറേറിയം നല്കുന്നതില് ഒന്നാമതെന്നും മറ്റു ചില സംസ്ഥാനങ്ങളില്‍ 10,000 രൂപ വരെ കൊടുക്കുന്നുണ്ടെന്നും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: