കോട്ടയം: ആശാ പ്രവര്‍ത്തകരുടെ സമരം പൊളിക്കാന്‍ പതിനെട്ടടവും പയറ്റി പരാജയപ്പെട്ട് സിപിഎം. സ്വതന്ത്ര സംഘടനയായ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരത്തെ സിപിഐയും ബിജെപിയും കോണ്‍ഗ്രസും പിന്തുണയ്‌ക്കുമ്പോള്‍ സമരക്കാരെ അപഹസിച്ചും അപമാനിച്ചും പിളര്‍ത്താന്‍ ശ്രമിച്ചും ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. സിഐടിയു നേതാവ് എളമരം കരീമിന്റെ പരിഹാസത്തിന് പിന്നാലെ സിഐടിയു സംഘടനയുടെ നേതാവ് പി പി പ്രേമയും സമരക്കാരെ അപഹസിച്ചുകൊണ്ടു മുന്നോട്ടുവന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്നത് വ്യാജ ആശമാരാണെന്നാണ് അവരുടെ വ്യാഖ്യാനം . വിവിധയിടങ്ങളില്‍ സിഐടിയു ആശ വര്‍ക്കേഴ്‌സ് യൂണിയന്‌റേതെന്ന പേരില്‍ അവര്‍ സമരവും സംഘടിപ്പിച്ചു. തൊഴിലുറപ്പുകാരും കയര്‍ ഫാക്ടറി തൊഴിലാളികളുമാണ് ആശാവര്‍ക്കര്‍മാര്‍ എന്ന പേരില്‍ സിഐടിയു സമരത്തില്‍ പങ്കെടുത്തതെന്ന് എതിര്‍പക്ഷം ആരോപിച്ചു.
അതേസമയം ഇപ്പോള്‍ സമരത്തിലുള്ള ആശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നേരത്തെ സിഐടിയു ആശാ പ്രവര്‍ത്തകരുടെ സംഘടന ഉന്നയിച്ചിട്ടുള്ളതാണെന്ന് വിവരവും പുറത്തുവന്നു. സംസ്ഥാന സര്‍ക്കാരിന്‌റെ ഓണറേറിയം പതിനയ്യായിരം രൂപയാക്കുക, വിരമിക്കുമ്പോള്‍ 5 ലക്ഷം രൂപയും മാസം 5000 രൂപയും പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഘടന ഉന്നയിച്ചിട്ടുള്ളതാണ്.മറ്റ് സംസ്ഥാനങ്ങളിലും ഇതേ ആവശ്യം ഉന്നയിച്ചുള്ള സമരങ്ങളെ സിപിഎം പിന്തുണച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: