ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നിയമവിരുദ്ധ മദ്രസകളെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതിനുശേഷം നടന്ന പരിശോധനയിൽ കണ്ടെത്തിയ നിയമവിരുദ്ധ മദ്രസകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. മദ്രസകളുടെ വെരിഫിക്കേഷൻ അന്വേഷിക്കാനും കൂടിയാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഏതാനും ആഴ്ചകൾക്ക് മുമ്പ് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും നിർദ്ദേശം നൽകിയത്. തുടർന്ന് ഡെറാഡൂൺ പോലീസ് അന്വേഷണം നടത്തി റിപ്പോർട്ടും സർക്കാരിന് സമർപ്പിച്ചു.
പോലീസ് ഭരണകൂടത്തിന്റെ പരിശോധനാ റിപ്പോർട്ടിൽ ഡെറാഡൂൺ ജില്ലയിലെ നാല് പ്രദേശങ്ങളിലായി 125 മദ്രസകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വികാസ് നഗർ തഹസിൽ പ്രദേശത്ത് 78 മദ്രസകൾ തിരിച്ചറിഞ്ഞു. അതിൽ 18 എണ്ണം മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. 60 എണ്ണം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്. ദിയോബന്ദ്, സഹാറൻപൂർ, ദൽഹി എന്നിവിടങ്ങളിലെ ചെറുതും വലുതുമായ സ്ഥാപനങ്ങളുടെ സംരക്ഷണയിലാണ് ഈ നിയമവിരുദ്ധ മദ്രസകൾ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയപ്പെടുന്നത്.
ഡെറാഡൂൺ സദർ പ്രദേശത്ത് 33 മദ്രസകൾ തിരിച്ചറിഞ്ഞു. എന്നാൽ പരിശോധനാ റിപ്പോർട്ടിൽ 10 എണ്ണം രജിസ്റ്റർ ചെയ്തതായും ബാക്കി 23 എണ്ണം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായും കണ്ടെത്തി. ദോയിവാല പ്രദേശത്ത് 6 മദ്രസകൾ കണ്ടെത്തി, അവയൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ഡെറാഡൂൺ ജില്ലയിലെ ജൗൻസാർ ബവാർ പ്രദേശത്തെ കൽസിയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു മദ്രസയുണ്ട്. ദോയിവാല, കൽസി പ്രദേശങ്ങളിൽ യഥാക്രമം 684 ഉം 55 ഉം കുട്ടികൾ ഇസ്ലാമിക വിദ്യാഭ്യാസം നേടുന്നുണ്ട്.
അതേ സമയം നിയമവിരുദ്ധ മദ്രസകൾക്ക് ആരാണ് ധനസഹായം നൽകുന്നത്, എവിടെ നിന്നാണ് ഫണ്ട് നൽകുന്നത് എന്നതിനെക്കുറിച്ച് ഇതുവരെ ഒരു റിപ്പോർട്ടും പുറത്തുവന്നിട്ടില്ല. ഗ്രാമപ്രദേശങ്ങളിൽ മുസ്ലീം പള്ളികളുടെ സംരക്ഷണത്തിൽ അനധികൃതമായി നിരവധി മദ്രസകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ എന്താണ് പഠിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് അന്വേഷണ റിപ്പോർട്ടിൽ വിശദമായി പരാമർശിച്ചിട്ടില്ല. അതേ സമയം നിയമവിരുദ്ധമായ മദ്രസകൾ അടച്ചുപൂട്ടണമെന്ന് ഹിന്ദുത്വ അനുകൂല സംഘടനകൾ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: