തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ 150 കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഉടമകള്‍ മുങ്ങി.
ബില്യണ്‍ ബീസ് എന്ന പേരില്‍ ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പു നടത്തിയത്. ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി ബിബിന്‍ കെ.ബാബു, ഭാര്യ ജയ്ത വിജയന്, സഹോദരന് സുബിന് കെ.ബാബു, ലിബിന് എന്നിവരാണ് സൂത്രധാരര്‍. ഇവര്‍ വിദേശത്തേക്ക് കടന്നതായാണ് അറിയുന്നത്. 10 ലക്ഷം നിക്ഷേപിച്ചാല്‍ പ്രതിമാസം അമ്പതിനായിരം രൂപ വരെ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. 32 നിക്ഷേപകര്‍ പരാതിപ്പെട്ടതില്‍ പൊലീസ് നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഒരുകോടി 95 ലക്ഷം രൂപ നിക്ഷേപിച്ചയാളുടെ പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് കോടികളുടെ തട്ടിപ്പ് പുറത്തിവരാന് ഇടയാക്കിയത്.
2020ലാണ് സ്ഥാപനം ആരംഭിച്ചത്. ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച തട്ടിപ്പ് പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. കേരളത്തിന് പുറത്തും ദുബായിലുമുള്‍പ്പെടെ ബില്യണ്‍ ബീസിന് ശാഖകളുള്ളതായി പറയുന്നു.
ആദ്യത്തെ മാസങ്ങളില്‍ പറഞ്ഞ പലിശ നല്കി വിശ്വാസം ആര്‍ജിച്ച ശേഷം കൂടുതല്‍ വലിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയായിരുന്നു. നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുന്നവരോട് രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നല്‍കാമെന്നും ലാഭവിഹിതത്തിന്റെ ഒരു ഭാഗം എല്ലാ മാസവും നല്‍കാമെന്നുമായിരുന്നു ഉടമകള്‍ കരാറുണ്ടാക്കിയിരുന്നത്. ആദ്യം കിട്ടിയിരുന്ന പലിശ പിന്നീട് മുടങ്ങി. 2024 ഡിസംബറിലാണ് ആദ്യ പരാതി ഇരിങ്ങാലക്കുട പോലീസിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: