കൊപ്പം: പട്ടാമ്പി സബ്ജില്ലാ സ്കൂള്‍ കലോത്സവത്തിലെ പോയിന്റ് നിലകളില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ എടപ്പലം പിടിഎംവൈ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ. അധ്യാപകരായ കെ.പി. സന്ദീപ്, എ. ജംഷീര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചത്.
നടുവട്ടം ഗവ. ജനത ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒരു മത്സരാര്ഥിയൂടെ രക്ഷിതാവിന്റെ പരാതിയില്‍ പട്ടാമ്പി എഇഒ അന്വേഷിച്ച് ഡിഇഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡയറക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇരുവരെയും സസ്പെന്‍ഡ് ചെയ്യാന്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞ നവംബറിലാണ് എടപ്പലം പിടിഎംവൈ എച്ച്എസ്എസില്‍ സബ് ജില്ലാ സ്കൂള്‍ കലോത്സവം നടന്നത്. ആതിഥേയര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഗ്രേഡില്‍ തിരിമറി നടത്തിയാണ് സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നടുവട്ടം ജനതയിലെ രക്ഷിതാക്കള്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് എഇഒ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തിരിമറി കണ്ടെത്തുകയും എടപ്പലത്തിന് ലഭിച്ച ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നടുവട്ടം ഗവ. ജനത സ്കൂളിനു നല്കി. എന്നാല്‍ പോയിന്റ് നിലകളില്‍ തിരിമറി നടത്തിയ അധാപകര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്കിയ പരാതിയിലാണ് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം.
സന്ദീപാണ് വിധികര്‍ത്താക്കള്‍ നല്കിയ ഫലം വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുമ്പോള്‍ ക്രമക്കേട് നടത്തിയത്. ജംഷീറിന്റെ പ്രേരണ കൊണ്ടാണ് താന്‍ ഇത് ചെയ്തതെന്ന് സന്ദീപ് പട്ടാമ്പി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: