ആലപ്പുഴ: ഇന്ത്യയിലെ ശുചിത്വ നഗരങ്ങളെ കണ്ടെത്തുന്നതിനുള്ള സ്വച്ഛ് സര്‍വ്വേക്ഷന്‍, മാലിന്യ മുക്തം നവകേരളം ക്യാമ്പയിന് എന്നിവയുടെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ എത്തുന്നവര്‍ക്ക് മാലിന്യങ്ങള്‍ ജൈവ, അജൈവമായി തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള ട്വിന്‍ ബിന്നുകള്‍ നഗരത്തില്‍ പ്രാഥമിക ഘട്ടത്തില്‍ 150 കേന്ദ്രങ്ങളില്‍ സ്ഥാപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.
മാലിന്യ സംസ്കരണത്തില്‍ ഒരു നല്ല മാതൃക സൃഷ്ടിക്കുന്നതിനാണ് ഇരട്ട ബിന്നുകള്‍ (ട്വിന്‍ ബിന്‍) സ്ഥാപിച്ചിട്ടുള്ളത്. യാത്രികരായി എത്തുന്നവര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുകയും അത് നഗരത്തില്‍ ചെറിയ ചെറിയ മാലിന്യ കൂമ്പാരങ്ങള്‍ക്ക് കാരണമാകുകയും ചെയ്ത സാഹചര്യം ഒഴിവാക്കാനാണ് ട്വിന്‍ ബിന്നുകള്‍ സ്ഥാപിച്ചത്. നഗരസഭയോടൊപ്പം ഈ പരിശ്രമത്തില്‍ വ്യാപാരി വ്യവസായികളും, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനും സ്വന്തം നിലയ്ക്ക് കച്ചവട സ്ഥാപനങ്ങള്‍ക്കു മുന്പില് ബിന്നുകള്‍ സ്ഥാപിച്ച് മാതൃകയായി.
നഗരസഭ സ്ഥാപിച്ച ട്വിന്‍ ബിന്നുകള്‍ നഗരത്തില്‍ താല്‍ക്കാലികമായി വന്നു പോകുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. നഗരവാസികളും, കച്ചവടക്കാരും അവര്‍ക്കുണ്ടാകുന്ന മാലിന്യങ്ങള്‍ നഗരസഭ ഏര്‍പ്പെടുത്തിയിട്ടുള്ള ബയോബിന്‍, എയ്റോബിക് യൂണിറ്റ്, ഹരിതകര്‍മ്മസേന, സ്വകാര്യ ഏജന്‍സി എന്നീ സംവിധാനങ്ങള്‍ വഴി സംസ്കരിക്കേണ്ടതാണ്. ട്വിന്‍ ബിന്നുകള്‍ നഗരവാസികള്‍ ദുര്‍വിനിയോഗം ചെയ്യാതെ നമ്മുടെ പട്ടണം വൃത്തിയായി സൂക്ഷിക്കുവാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണന്ന് നഗരസഭാധ്യക്ഷ കെ. കെ ജയമ്മ, വൈസ് ചെയര്മാന് പി.എസ്.എം ഹുസൈന്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.എസ് കവിത എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: