കോട്ടയം: മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച മീഡിയ വണ്‍ ചാനലിന് എതിരെ കാസയുടെ പാലാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മാഗി ഡൊമിനിക് പരാതി നല്കി. ഹൈന്ദവ ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധയുണ്ടാക്കി കലാപമുണ്ടാക്കാന്‍ ബോധപൂര്‍വം പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മീഡിയ വണ്‍ ചാനലിന്റെ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ്, ന്യൂസ് എഡിറ്റര്‍ പ്രമോദ് രാമന്, മീഡിയ വണ്ണിന്റെ കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ജോസി എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. മീഡിയ വണ്ണിന്റെ പ്രകോപനപരമായ വ്യാജവാര്‍ത്ത ഷെയര്‍ ചെയ്തു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മുസ്ലിം പണ്ഡിതനായ ആലപ്പുഴ സ്വദേശി അന്‍സാരി സുഹാരി എന്ന വ്യക്തിക്കെതിരെയും പരാതിയുണ്ട്.
പാലാ രൂപതയുടെ കീഴിലുള്ള ഭൂമിയില്‍ കപ്പക്കൃഷിക്ക് വേണ്ടി ഭൂമി നിരപ്പാക്കുന്നതിനിടയില്‍ മണ്ണില്‍ നിന്നും ശിവലിംഗം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത സൃഷ്ടിച്ച് പ്രചരിപ്പിച്ച് ഹൈന്ദവ ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി. ആ ഭൂമിയില്‍ പുരാതനകാലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നതിനാല്‍ ആ വിവരം അടുത്തുള്ള വെള്ളപ്പാട് ഭഗവതി ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും, തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളും സ്ഥലത്തിന്റെ ഉടമസ്ഥരായ പാല രൂപത നേതൃത്വവും തമ്മില്‍ എട്ടാം തീയതി ബിഷപ് ഹൗസില്‍ വെച്ച് സംസാരിച്ച് ഹൈന്ദവ ആചാര്യന്മാരുടെ വിധിപ്രകാരം കാര്യങ്ങള്‍ നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഭൂമിയുടെ ഉടമസ്ഥ അവകാശത്തെ ചൊല്ലി യാതൊരു തര്‍ക്കവും ഇല്ലെന്ന് രൂപതാ നേതൃത്വവും ക്ഷേത്ര ഭാരവാഹികളും റവന്യൂ അധികൃതരെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ 12ന് സ്ഥലത്ത് എത്തിയ മീഡിയ വണ്‍ ചാനല്‍ ക്യാമറമാനും റിപ്പോര്‍ട്ടറും ഒരു വ്യക്തിയുടെ ഇന്റര്‍വ്യൂ എടുത്ത് ക്ഷേത്ര ഭാരവാഹികളുടെ അവകാശവാദത്തെ പാലാ ബിഷപ്പ് ഹൗസ് നിഷേധിച്ചു എന്ന തലക്കെട്ടോടെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇത് ഹൈന്ദവ ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതിനും, ഹൈന്ദവ സംഘടനകളെ പാലാ ബിഷപ്പിനെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുവാന്‍ പ്രേരിപ്പിക്കുന്നതിനും വേണ്ടിയിട്ടാണ് എന്നാണ് കാസയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: