പത്തനംതിട്ട: ആരോഗ്യവകുപ്പിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാരെ (ജെപിഎച്ച്എന്‍) ജോലിക്കു കയറാന്‍ അനുവദിക്കാതെ കായികമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തിയ സിഐറ്റിയു നേതാവ് എളമരം കരീമിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള എന്‍ജിഒ സംഘ്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സംസ്ഥാനത്ത് ഒരു വിഭാഗം ആശാ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിലായിരുന്നു എളമരത്തിന്റെ ഭീഷണി.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ ദേശീയ ആരോഗ്യ ദൗത്യ (എന്‍എച്ച്എം) ത്തിന്റെ ഭാഗമായാണ് ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം. ഇവര്‍ക്ക് ഓണറേറിയവും വിവിധ പ്രോഗ്രാമുകളുടെ ഭാഗമായ ഇന്‍സെന്റീവും ഉള്‍പ്പെടെ തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചാലും സംസ്ഥാന വിഹിതം യഥാസമയം നല്‍കാറില്ല. പൊതു അവധി ദിനങ്ങളില്‍ പോലും ജോലി ചെയ്യേണ്ടിവരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതുണ്ട്.
എന്‍എച്ച്എം ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരം നാഷണല്‍ പോര്‍ട്ടലില്‍ നല്‍കുന്നത് ജെപിഎച്ച്എന്‍മാരാണ്.
ആശാപ്രവര്‍ത്തകരുടെ ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരിക്കെ ആരോഗ്യവകുപ്പു ജീവനക്കാരാണ് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതെന്ന തെറ്റായ പ്രചരണത്തിലൂടെ ആശാവര്‍ക്കര്‍മാരെ സമരത്തിന് പ്രേരിപ്പിക്കുകയാണ് സിഐറ്റിയു. നഴ്‌സിങ് വിഭാഗത്തിലെ വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കില്ലെന്ന കരീമിന്റെ ഭീഷണി ഏറെ ഗൗരവതരമാണ്.
എന്നാല്‍ കരീമിനെതിരെ നടപടി എടുക്കാന്‍ പോലീസോ സര്‍ക്കാരോ തയ്യാറായിട്ടില്ല. രാഷ്‌ട്രീയ യജമാനന്റെ ഭീഷണിക്കെതിരെ ഉരിയാടാന്‍ ഭരണാനുകൂല സംഘടനകളും തയ്യാറായിട്ടില്ല.
ആരോഗ്യ മേഖലയിലെ സുഗമ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന എല്ലാ രാഷ്‌ട്രീയ നീക്കങ്ങളെയും ജീവനക്കാര്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍, ജന. സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: