കൊൽക്കത്ത : ആറായിരം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ സ്റ്റീൽ കമ്പനിയായ കോൺകാസ്റ്റ് സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന്റെ ഉടമ സഞ്ജയ് സുരേകയുടെ 210 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഈ കേസിൽ സിബിഐ സഞ്ജയ്‌ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്.
സഞ്ജയ് സുരേക തന്റെ ജീവനക്കാരുടെയും പരിചയക്കാരുടെയും പേരിൽ നിരവധി വ്യാജ കമ്പനികൾ സൃഷ്ടിച്ചിട്ടുണ്ടെന്നും വായ്പ തുക വഴിതിരിച്ചുവിടാൻ ഇത് ഉപയോഗിച്ചിട്ടുണ്ടെന്നും ഇഡി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇതുമാത്രമല്ല അദ്ദേഹത്തിന്റെ കമ്പനി ഓഹരി വിപണിയിൽ കൃത്രിമമായി വില വർദ്ധിപ്പിച്ചു. 2022 ൽ ആദ്യമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദ്ദേഹത്തിനെതിരെ 3,280 കോടി രൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് അത് ഏകദേശം ആറായിരം കോടി രൂപയായി ഉയർന്നു.
പിന്നീട് 2024 ഡിസംബറിൽ സൗത്ത് കൊൽക്കത്തയിലെ ബാലിഗഞ്ചിലുള്ള സുരേകയുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തി. ആ സമയത്ത് വീട്ടിൽ നിന്ന് രണ്ട് കോടി രൂപയും 4.5 കോടി രൂപയുടെ ആഭരണങ്ങളും കണ്ടെടുത്തു. കൂടാതെ രണ്ട് വിലകൂടിയ വിദേശ കാറുകളും പിടിച്ചെടുത്തു. റെയ്ഡിന് ശേഷം ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
ഇപ്പോൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് (പിഎംഎൽഎ) ഇഡി ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. ഈ വിഷയത്തിൽ ഉൾപ്പെട്ട കമ്പനികൾക്കും വ്യക്തികൾക്കുമെതിരെ അന്വേഷണം തുടരുമെന്നും ഏജൻസി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: