മൂന്നാര്‍: തന്നെ വഴി തടഞ്ഞ മൂന്നാറിലെ ഓട്ടോ, ജീപ്പ്, ടാക്സി തൊഴിലാളികള്‍ക്ക് പണി കൊടുത്ത് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. മൂന്നാറിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മിനി ബസ് സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. മൂന്നാറിലെത്തുന്ന സഞ്ചാരികളെ ടാക്സിക്കാര്‍ കൊള്ളയടിക്കുന്നുവെന്ന ആക്ഷേപത്തിന് ഇതുവഴി പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി ഇറക്കിയ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് ഉദ്ഘാടനം ചെയ്യാന്‍ മൂന്നാറില്‍ എത്തിയപ്പോഴാണ് ടാക്സിതൊഴിലാളികള്‍ മന്ത്രിയെ തടഞ്ഞത്. ഡബിള്‍ഡക്കര്‍ ബസ് തങ്ങളുടെ ഉപജീവന്മാര്ഗം ഇല്ലാതാക്കുമെന്നാരോപിച്ചായിരുന്നു ഇത്. പഴയ മൂന്നാറില്‍ കെഎസ്ആര്‍ടിസിയുടെ ഭൂമിയില്‍ രാജ്യാന്തര നിലവാരത്തിനുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിക്കുമെന്നും ഇതിനായി താല്പര്യപത്രം ക്ഷണിച്ചതായും മന്ത്രി പറഞ്ഞു. രണ്ടുദിവസങ്ങളില്‍ മൂന്നാറിലെ മുഴുവന്‍ ടാക്സി വാഹനങ്ങളും പരിശോധിച്ച് നിയമലംഘനങ്ങളില്ലെന്ന് ഉറപ്പാക്കാനും മന്ത്രി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: