ഇത്തവണത്തെ ശബരിമല തീര്‍ഥാടനം സമീപിച്ചിരിക്കയാണല്ലൊ. തീര്‍ത്ഥാടകരുടെ എണ്ണത്തിലും നടവരവിലും പ്രസാദ വില്‍പ്പനയുമെല്ലാം പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ചു. ഇടതുപക്ഷ ഭരണത്തിന്റെയും ഏറ്റവും പുതിയ നേട്ടമായി അതും ആഘോഷിക്കപ്പെടുന്നുണ്ടാവും. വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ഒരു മലയാത്രയെപ്പറ്റിയാണിന്നു വിവരിക്കാന്‍ പോകുന്നത്. മുന്‍കൂട്ടി നിശ്ചയിക്കുകയോ വ്രതം നോല്‍ക്കുകയോ ചെയ്തിരുന്നില്ല. മലകയറാനുള്ള നിര്‍ദ്ദേശം പോലും പൊടുന്നനെയാണു വന്നത്. തിരുവനന്തപുരത്ത് ഭാരതീയജനസംഘത്തിന്റെ മഹിളാ സമ്മേളനം നിശ്ചയിക്കപ്പെട്ടിരുന്നു. കേരള സര്‍വകലാശാലയ്ക്കു മുമ്പില്‍ നിന്നുള്ള മഹിളാ ഘോഷയാത്ര പുത്തരിക്കണ്ടത്തിലേക്കു പുറപ്പെടുന്ന സമയത്താണ് എനിക്ക് എത്താനായത്. മുഖ്യാതിഥിയായി എത്തിയത് രാജമാതാ വിജയരാജെ സിന്ധ്യ ആയിരുന്നു. അവരുടെ ഹിന്ദി പ്രസംഗം പരിഭാഷപ്പെടുത്താന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു.
ഘോഷയാത്രയും പൊതുയോഗവും കഴിഞ്ഞു റെസിഡന്‍സിയിലെത്തി അവര്‍ വിശ്രമിച്ചു. അതിനിടെ രാജമാതാവിനു ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തണമെന്ന അഭിപ്രായം ഉണര്‍ത്തിക്കപ്പെട്ടു. റസിഡന്സിയില്നിന്നു പിറ്റേന്നു രാവിലെ പോകാമെന്നു നിശ്ചയിക്കപ്പെട്ടു. അവിടെ വിവരമറിയിച്ച് ക്ഷേത്രഭാരവാഹികള്‍ വേണ്ട തയ്യാറെടുപ്പുകള്‍ ചെയ്തിരുന്നു. അവര്‍ തന്നെ രാജമാതാവിനെ സ്വീകരിച്ച് എല്ലാ ചടങ്ങുകളും ധരിപ്പിച്ചുകൊടുത്തു. കെ. രാമന്‍പിള്ളയും തിരുവനന്തപുരത്തെ ജനസംഘം സെക്രട്ടറിയും രാജമാതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയുമാണു കൂടെയുണ്ടായത്.
ഒറ്റക്കല്‍ മണ്ഡപത്തിന്റെ മേല്‍ക്കട്ടിയും തൂണുകളും സ്വര്‍ണ്ണപ്പാളികള്‍ പൊതിഞ്ഞത് ആയിടെയായിരുന്നു. പ്രസാദങ്ങള്‍ വാങ്ങി ഭണ്ഡാരം പെരിയ നമ്പിക്കു ഭക്ഷണം നല്‍കിയാണ് രാജമാതാ മടങ്ങിയത്. റസിഡന്‍സിയില്‍ മടങ്ങിയെത്തി പ്രഭാത ഭക്ഷണം കഴിഞ്ഞിരിക്കുമ്പോഴാണ് കവടിയാര്‍ കൊട്ടാരത്തില്‍ ശ്രീചിത്തിര തിരുനാളിനെ സന്ദര്‍ശിക്കാന്‍ പോകണമെന്നറിഞ്ഞത്. മുമ്പത്തെത്തവണ രാജമാതാവിന്റെ പരിപാടിക്കിടെ അതിനു സാധിച്ചിരുന്നില്ല. ശബരിമലയാത്രക്കു പുറപ്പെടുമ്പോള്‍ തന്നെ കൊട്ടാരത്തില്‍ പോകാന്‍ നിശ്ചയിച്ചു. കൊട്ടാരത്തില്‍ മഹാരാജാവും മാര്‍ത്താണ്ഡവര്‍മ്മയും കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടിയും പ്രധാന മുറിയുടെ കവാടത്തില്‍ സ്വീകരിച്ചു.
മുന്‍പും മഹാരാജാവും രാജമാതാവും പലതവണ കൂടിക്കണ്ടിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തു അവര്‍ ജയിലിലായിരുന്ന അനുഭവത്തെപ്പറ്റി തമ്പുരാക്കന്മാരും കാര്‍ത്തിക തിരുനാളും താല്‍പ്പര്യത്തോടെ അന്വേഷിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപത്തില്‍ ആയിടെ നടത്തിയ അലങ്കാരപ്പണികളെപ്പറ്റി മഹാരാജാവു പരാമര്‍ശിച്ചു. സംഭാഷണങ്ങള്ക്കുവേദിയായിരുന്ന മുറിയില്‍ വെച്ചിരുന്ന ഏതാനും രവിവര്‍മ്മ ചിത്രങ്ങള്‍ രാജമാതാവിനെ വളരെ സന്തോഷിപ്പിച്ചു. രാമന്‍പിള്ളയും ഞാനും മഹാരാജാവിനോടു ആചാരപൂര്‍വം വിടവാങ്ങി. രാജമാതാവ് നമസ്ക്കാരം പറഞ്ഞു.
1946-47 ല്‍ അധികാര കൈമാറ്റ വേളയില്‍ പ്രമുഖ നാട്ടുരാജ്യങ്ങളുടെ ഭാവിയെപ്പറ്റിയുള്ള കൂടിയാലോചനകള്‍ക്കായി ദല്‍ഹിയില്‍ ചേര്‍ന്ന നരേന്ദ്ര മണ്ഡല പരിപാടികളില്‍ ശ്രീചിത്രതിരുനാള്‍ പങ്കെടുത്തതിനെപ്പറ്റി രാജമാതാവ് രസകരമായി ഞങ്ങളുടെ മടക്കയാത്രയ്ക്കിടെ വിവരിച്ചു. അമ്മ മഹാറാണിയുടെ പിന്നാലെ നടന്ന ‘പയ്യന്’ എന്നാണാപറഞ്ഞതിന്റെ ചുരുക്കം. ദിവാന് സര് സി.പി. രാമസ്വാമി അയ്യരായിരുന്നു ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തതത്രേ.
രാമന്‍പിള്ളയ്ക്ക് ദേവസ്വം ബോര്‍ഡിലെയും സര്‍ക്കാരിലെയും ഉന്നത ഉദ്യോഗസ്ഥരുമായുണ്ടായിരുന്ന അടുത്ത ബന്ധം മൂലം പമ്പയിലും സന്നിധാനത്തും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു. അവരുടെ പ്രൈവറ്റ് സെക്രട്ടറി മുന്‍ സൈനികന് കൂടിയായിരുന്നു. പത്തനംതിട്ടയിലെ ജനസംഘകാര്യദര്ശിയായിരുന്ന ഉണ്ണി ഏര്‍പ്പെടുത്തിയ സ്വീകരണത്തോടൊപ്പം ഉച്ചഭക്ഷണവും റെഡിയാക്കിയിരുന്നു.
പമ്പവരെയുള്ള യാത്ര വനമധ്യത്തിലൂടെയായിരുന്നല്ലൊ. അവരുടെ വാഹനങ്ങള്‍ക്കു പമ്പ കടന്ന് അതിഥി മന്ദിരം വരെ ചെല്ലാന്‍ വ്യവസ്ഥയുണ്ടായി. ശബരിമലയുടെ ഐതിഹ്യവും മറ്റും ഞാന്‍ ആകുംവിധം അവരെ ധരിപ്പിച്ചു. പമ്പയിലെ അതിഥി മന്ദിരത്തിന്റെ മുകള്‍നില മുഴുവന്‍ റിസര്‍വു ചെയ്യപ്പെട്ടിരുന്നു. രാജമാതാവിന്റെ പരിചാരകവൃന്ദം അവര്‍ക്കുള്ള അത്താഴം തയ്യാറാക്കുന്നതില്‍ മുഴുകി.
സന്ധ്യക്കു മുമ്പ് ഭയങ്കരമായ മഴ തുടങ്ങി. വൈദ്യുതിബന്ധവും അറ്റു. അവിടത്തെ ഉദ്യോഗസ്ഥര്‍ക്ക് തല്ക്കാലത്തേക്കുള്ള വിളക്കുകള്‍ കൊളുത്തി. മഴ നാലു മണിക്കൂറിലേറെ കോരിച്ചൊരിഞ്ഞു. പമ്പ കരകവിഞ്ഞു. രാജമാതാവിന്റെ പിഎ സര്‍ദാര്‍ ആംഗ്രേജി കളക്ടറെയും മറ്റും വിളിച്ചു സംസാരിച്ചു. 80 മൈലുകള്ക്കപ്പുറത്തുനിന്നുമാണ് കളക്ടര്‍ സംസാരിക്കുന്നതെന്നും, വേണ്ടതു ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഗസ്റ്റ്ഹൗസില്‍നിന്നും നല്ല ചൂടുകാപ്പി കിട്ടിയത് ആശ്വാസമായി. കഞ്ഞിയും കിട്ടി.
നാലഞ്ചു മണിക്കൂറുകള്‍ക്കുശേഷം വൈദ്യുതി പുനസ്ഥാപിക്കപ്പെട്ടു. സുഖമായുറങ്ങി രാവിലെ അഞ്ചു മണിക്ക് മുമ്പ് മല കയറണമെന്നു തീരുമാനിക്കപ്പെട്ടു. രാജമാതാവിന് വിഐപി ഡോലിയും അവരുടെ സംഘത്തിലെ ആവശ്യമുള്ളവര്‍ക്കു സാദാ ഡോലികളും വ്യവസ്ഥ ചെയ്തു. രാമന്‍പിള്ളയും ഗോപിയും ജന്മഭൂമി ലേഖകനും നടന്നു മലകയറി. സന്നിധാനത്തു വിശിഷ്ടാതിഥികളായി സ്വീകരിക്കപ്പെട്ടു. പതിനെട്ടാം പടി കയറാന്‍ 41 ദിവസത്തെ വ്രതമെടുക്കണമെന്ന നിബന്ധന ദേവസ്വം ഓഫീസ് രാജമാതാവിനെ ധരിപ്പിച്ചു. ഭഗവാന് അനുഗ്രഹിച്ചാല്‍ ഇനി അങ്ങിനെ മല കയറണം എന്നവര്‍ നിശ്ചയിച്ചു. അവിടത്തെ പ്രതിഷ്ഠയും ദേവനും ചടങ്ങുകളും മറ്റെങ്ങുമില്ലാത്തതാണല്ലോ. ദേവസ്വത്തില്‍നിന്നും അതു സംബന്ധമായ പുസ്തകം അവര്‍ക്കു സമര്‍പ്പിച്ചു. മണ്ഡലകാലാരംഭമായിരുന്നിട്ടും മഴമൂലം വലിയ തിരക്കില്ലായിരുന്നുവെന്നാണധികൃതര് പറഞ്ഞത്.
ശബരിമലയിലെ ധനലക്ഷ്മി ബാങ്ക് ശാഖയുടെയും സംഗീതോത്സവത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചത് രാജമാതാവായിരുന്നു. ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ തെക്കേടത്ത് ഭട്ടതിരിപ്പാട് അന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ മടങ്ങും വഴി ആറന്മുളയില് സ്വീകരണമുണ്ടായി. ഒരു ആറന്മുളക്കണ്ണാടി അവിടെ രാജമാതാവിനു സമര്‍പ്പിക്കപ്പെട്ടു. നേരം ഇരുട്ടിത്തുടങ്ങിയതിനാല്‍ കോട്ടയത്തേക്കു യാത്രതിരിച്ചു. രാത്രി പത്തു മണിയോടെ കോട്ടയത്തെത്തി. ഏറ്റുമാനൂര്‍ രാധാകൃഷ്ണനും മറ്റു പ്രവര്‍ത്തകരും അവിടെയുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കാത്തുനിന്നു. പിറ്റേന്ന് ഏറ്റുമാനൂര്‍, തിരുനക്കര തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഭട്ടതിരിപ്പാടുതന്നെ കൊണ്ടുപോയി. തെക്കേടത്തു മനയ്ക്കല്തന്നെ എല്ലാവര്ക്കും ഉച്ചഭക്ഷണം നല്‍കിയാണ് യാത്രയാക്കിയത്.
ഞാന്‍ കോട്ടയത്തുനിന്ന് രാജാമാതാവിനോട് വിടവാങ്ങി വീട്ടിലേക്കു പോന്നു. ഭട്ടതിരിപ്പാടിന്റെ സഹോദരിയാണ് മാര്‍ക്സിസ്റ്റ് നേതാവ് ഇഎംഎസ്സിന്റെ വേളിയെന്നു വായനക്കാര്ക്കറിയുമല്ലോ. അദ്ദേഹവും ഒരിക്കല്‍ മാര്‍ക്സിസ്റ്റ് സ്വതന്ത്രനായി നിയമസഭയില്‍ വന്നിരുന്നു. ഒട്ടും വിചാരിച്ചിരിക്കാതെയായിരുന്നു അന്നത്തെ ദൗത്യം എനിക്കു ലഭിച്ചത് എന്നുകൂടി പറയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: