ആലപ്പുഴ: പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയോട് സംസ്ഥാന ബജറ്റില്‍ കടുത്ത അവഗണന. ചെറുകിട കയര്‍ ഫാക്ടറികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കുന്നതിന് യാതൊരു പദ്ധതിയും ബജറ്റിലില്ല. തകര്‍ന്നടിഞ്ഞ കയര്‍ മേഖലയെ കരകയറ്റുന്നതിന് കുറഞ്ഞത് 500 കോടി രൂപയെങ്കിലും വകയിരുത്തുമെന്നാണ് കരുതിയതെങ്കിലും കേവലം 107.64 കോടിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് തീരെ അപര്യാപ്തമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
മുന്‍ ബജറ്റുകളില്‍ പ്രഖ്യാപനങ്ങള്‍ പലതുണ്ടെങ്കിലും ഫണ്ടിന്റെ അപര്യാപ്തത കാരണം നടപ്പാകാത്ത സ്ഥിതിയാണുള്ളത്. ഇത്തവണത്തെ ബജറ്റില്‍ യന്ത്രവല്‍ക്കരണത്തിനായി 22 കോടി രൂപയും കയര്‍ ഉല്പന്നങ്ങളുടെയും ചകിരിയുടെയും സംഭരണത്തിനുള്ള സഹായമായി 38 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ചകിരിച്ചോറ് വ്യവസായ പദ്ധതിക്ക് അഞ്ചു കോടി രൂപയും കയര്‍ സഹ. സംഘങ്ങളുടെ നവീകരണത്തിനായി 13.50 കോടി രൂപയും ഇതിന്റെ ഭാഗമായി വകയിരുത്തി. എന്നാല്‍ കയര്‍മേഖലയുടെ അടിസ്ഥാന പ്രശ്നങ്ങളോട് മുഖം തിരിച്ചു. കോടിക്കണക്കിന് രൂപയാണ് ചെറുകിട കയര്‍ ഫാക്ടറികള്‍ക്ക് ഉത്പന്നങ്ങള്‍ സംഭരിച്ച വകയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കാനുള്ളത്. കയറിന്റെ വിലയും സഹ. സംഘങ്ങള്‍ക്ക് ലഭിക്കാനുണ്ട്. കയര്‍ ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്തതാണ് പ്രധാന പ്രതിസന്ധി. ഇതൊന്നും പരിഹരിക്കാന്‍ യാതൊരു പ്രഖ്യാപനവും ബജറ്റിലില്ല. വില സ്ഥിരതാ ഫണ്ടിലേക്ക് കൂടുതല്‍ തുക അനുവദിച്ചിട്ടില്ല. കയര്‍ വിറ്റിട്ടും പണം ലഭിക്കാത്ത സംഘങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം പകരുന്നതാണ് വിലസ്ഥിരതാ ഫണ്ട്. കയര്‍പിരി സംഘങ്ങളില്‍ നിന്ന് കയര്‍ഫെഡ് മുഖേന സംഭരിക്കുന്ന കയറിന്റെ വില നല്‍കാനാണ് ഈ ഫണ്ട് വിനിയോഗിക്കുക.
നിലവില്‍ ഫണ്ട് മാസങ്ങളായി കുടശ്ശികയാണ്. ഇതു പരിഹരിക്കുന്നതിനും നടപടിയില്ല. ചകിരിയുടെയും, കയറിന്റെയും കുത്തക ഇതര സംസ്ഥാനങ്ങള്‍ കൈവശപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ ഇവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി നീക്കിവെച്ചത് കേവലം 38 കോടി രൂപ മാത്രമാണ്. കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നടപടിയില്ല. കയര്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 95 ശതമാനവും സ്വകാര്യമേഖലയില്‍ നിന്നാണ്. അവ ഭൂരിഭാഗവും കേരളം വിടുകയാണ്. അവരെ ഇവിടെ നിലനിര്‍ത്തുന്നതിനോ, പൊതുമേഖലയെ മത്സര സജ്ജമാക്കുന്നതിനോ യാതൊരു പ്രഖ്യാപനങ്ങളുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: