ന്യൂദൽഹി : ഇന്ത്യൻ റെയിൽവെ മോദി സർക്കാരിന്റെ കീഴിൽ അനുദിനം വൻ പുരോഗതിയും സാങ്കേതികപരമായി വളർച്ചയുടെയും പാതയിലാണെന്ന് നിസംശയം പറയാനാവും. ഇപ്പോൾ ഇതാ രാജ്യത്ത് പുതിയ അത്യാധുനിക നിലവാരത്തിലുള്ള ഹൈഡ്രജൻ ട്രെയിൻ സാക്ഷത്കരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യൻ റെയിൽവെ. വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തിലെ ഏറ്റവും നീളമേറിയതും കൂടുതൽ ശക്തിയുള്ളതുമായ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇന്ത്യയിലേതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച രാജ്യസഭയെ രേഖാമൂലം അറിയിച്ചു. ഹൈഡ്രജൻ ട്രെയിൻ വികസിപ്പിക്കുന്നതിനുള്ള അത്യാധുനിക പദ്ധതി ഇന്ത്യൻ റെയിൽവേ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംപി അജിത് കുമാർ ഭൂയാൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റെയിൽവേ മന്ത്രി.
“ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (DEMU) റേക്കിൽ ഹൈഡ്രജൻ ഇന്ധന സെല്ലിന്റെ പുനർനിർമ്മാണത്തിലൂടെ പരീക്ഷണടിസ്ഥാനത്തിൽ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ വികസിപ്പിക്കുന്നതിനുള്ള അത്യാധുനിക പദ്ധതി ഇന്ത്യൻ റെയിൽവേ ഏറ്റെടുത്തിട്ടുണ്ട് ” – അദ്ദേഹം പറഞ്ഞു.
കൂടാതെ “പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ ട്രെയിനിന്റെ സവിശേഷതകൾ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇത്. ലോകത്തിലെ ഏറ്റവും കൂടുതൽ പവർ ഉള്ള ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇത്,”- അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമെ ട്രെയിനിനൊപ്പം, ഹൈഡ്രജൻ വീണ്ടും നിറയ്‌ക്കുന്നതിനുള്ള അനുബന്ധ ഓൺ-ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചറും സംയോജിത ഹൈഡ്രജൻ ഉൽപ്പാദന-സംഭരണ-വിതരണ സൗകര്യവും വിഭാവനം ചെയ്തിട്ടുണ്ട്. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനിൽ (പെസോ) നിന്ന് സൗകര്യ ലേഔട്ടിന് ആവശ്യമായ സുരക്ഷാ അംഗീകാരങ്ങൾ നിലവിലുണ്ടെന്നും വൈഷ്ണവ് സഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: