നാഗ്പുര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പുള്ള അവസാനവട്ട തയ്യാറെടുപ്പ് എന്ന നിലയിലുള്ള ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം. നാട്ടില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ ഏകദിനം നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിക്കും. പരമ്പരയില്‍ ആകെ മൂന്ന് മത്സരങ്ങള്‍. രണ്ടാം മത്സരം ഞായറാഴ്ച കട്ടക്കിലും മൂന്നാമത്തേത് ബുധനാഴ്ച അഹമ്മദാബാദിലും. നേരത്തെ ഇംഗ്ലണ്ടിനെതിരെ ട്വന്റി20 പരമ്പര ഭാരതം 4-1ന് സ്വന്തമാക്കിയിരുന്നു.
2023 ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായാണ് ഭാരതം സ്വന്തം നാട്ടില്‍ ഏകദിനം കളിക്കുന്നത്. അന്ന് അത്യുഗ്രന്‍ മുന്നേറ്റത്തിനൊടുവില്‍ ഓസ്ട്രേലിയയോട് ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. ആ ലോകകപ്പ് ലീഗ് മത്സരത്തിലാണ് ഇതിന് മുമ്പ് ഇംഗ്ലണ്ടിനെ നേരിട്ടതും, ജയിച്ചതും. അടുത്ത മാസമാണ് പാകിസ്ഥാനിലും യുഎഇ(ഭാരതത്തിന്റെ മത്സരങ്ങള്‍ മാത്രം)യിലുമായി ഐസിസി ചാമ്പ്യന്‍സ് ട്രോഫി നടക്കുക. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഭാരതത്തിന് മറ്റ് മത്സരങ്ങളൊന്നുമില്ല. ലോകകപ്പ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ടൂര്‍ണമെന്റിന് തൊട്ടുമുമ്പുള്ള ഭാരതത്തിന്റെ ഫൈനല്‍ റിഹേഴ്സല്‍ ആണ് ഇന്ന് ആരംഭിക്കുന്ന പരമ്പര.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയര്‍ താരങ്ങളെല്ലാം മൂന്ന് മത്സരങ്ങളിലും അണിനിരക്കും. പരിക്ക് കാരണം ദീര്‍ഘകാലം മാറി നിന്ന സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയും കളിക്കിറങ്ങും. ലോകകപ്പിനിടെ പരിക്കേറ്റ് മാറി നിന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഇന്നത്തെ ഏകദിന ടീമിന്റെ ഭാഗമാണ്. ചാമ്പ്യന്‍സ് ട്രോഫിക്കൊരുങ്ങുന്ന ഫുള്‍ ടീമില്‍ ഇല്ലാതെ വരുന്നത് പേസര്‍ ജസ്പ്രീത് ബുംറ മാത്രം. ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ബുംറയും തിരിച്ചെത്തും.
ഇംഗ്ലണ്ടും സമാനമായ സാഹചര്യത്തിലാണ്. ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഒരുക്കത്തിലാണ് ടീം. വിക്കറ്റ് കീപ്പര്‍ ജാമീ സ്മിത്ത് കാല്വണ്ണയില പരിക്ക് കാരണം പിന്മാറിയിട്ടുണ്ട്. അവസാന ഏകദിനത്തില്‍ തിരികെയെത്തുമെന്നാണ് അറിയുന്നത്. 24കാരനായ സ്മിത്തിന് രാജ്കോട്ടില്‍ നടന്ന അവസാന ട്വന്റി20 മത്സരത്തിനിടെയാണ് പരിക്കേറ്റത്.
ടീം ഭാരതം സാധ്യതാ ഇലവന്: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, വാഷിങ്ടണ്‍ സുന്ദര്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍/രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്, കുല്‍ദീപ് യാദവ്
ടീം ഇംഗ്ലണ്ട് സാധ്യതാ ഇലവന്: ഫിള് സാള്‍ട്ട്(വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലര്‍(ക്യാപ്റ്റന്‍), ലയാം ലിവിങ്സ്റ്റണ്, ജാമീ ഓവര്ട്ടണ്, ബ്രഡോന് കാഴ്സെ, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: