‘ഡെമോക്രാറ്റുകള്‍ വീണ്ടും മതഭ്രാന്തിന്റെ കാര്‍ഡ് ഉപയോഗിക്കുന്നു. എന്നാല്‍ ഇത്തവണ ഹിന്ദുക്കള്‍ക്കും ഹിന്ദുമതത്തിനും എതിരെ മതഭ്രാന്ത് വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ആര്‍ക്കെങ്കിലും ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യമുണ്ടെങ്കില്‍, അവര്‍ക്ക് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് സന്ദര്‍ശിക്കാം. ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ പങ്ക് വയ്ക്കും.’ മുന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി നോമിനേറ്റ് ചെയ്തവ്യക്തിയുമായ തുള്‍സി ഗബ്ബാര്‍ഡിന്റെ വാക്കുകളാണിത്. അമേരിക്കന്‍ വംശജയായ ഹിന്ദുമത വിശ്വാസിയാണ് തുള്‍സി ഗബ്ബാര്‍ഡ്. താനൊരു ഹിന്ദുമത വിശ്വാസിയാണെന്ന് തുറന്നു പറയാന്‍ അവര്‍ അസാമാന്യ ധൈര്യമാണ് കാണിച്ചത്. യുഎസ് പ്രസിഡന്റിന്റെ നിയമനം സംബന്ധിച്ച് സെനറ്റ് ജുഡീഷറി കമ്മിറ്റി സ്ഥിരീകരണ ഹിയറിങ്ങില്‍ പങ്കെടുത്തുകൊണ്ടാണ്, തന്റെ വിശ്വാസത്തെ ചോദ്യം ചെയ്തവര്‍ക്ക് തുള്‍സി ഗബ്ബാര്‍ഡ് ശക്തമായ മറുപടി നല്‍കിയത്.
ഭാരത വംശജരായ നിരവധി ഹിന്ദു വിശ്വാസികള്‍ യുഎസിലും മറ്റ് വിദേശരാജ്യങ്ങളിലും ഉന്നത പദവികളിലുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ഭാരതവംശജനായ ഹിന്ദു വിശ്വാസിയാണ്. എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്ത കശ്യപ് പട്ടേല്‍ എന്ന കാഷ് പട്ടേലും അങ്ങനെതന്നെ. സെനറ്റ് ജുഡീഷറി കമ്മിറ്റി സ്ഥിരീകരണ ഹിയറിങ്ങില്‍ ‘ജയ് ശ്രീകൃഷ്ണ’ എന്ന് അഭിവാദ്യം ചെയ്യുകയും വാദം കേള്‍ക്കുന്നതിന് മുന്‍പ് ഭാരതീയമായ രീതിയില്‍ അച്ഛന്റെയും അമ്മയുടെയും കാല് തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങുകയും ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ തുള്‍സി ഗബ്ബാറാകട്ടെ ഭാരത വംശജയല്ല, അമേരിക്കന്‍ വംശജയായ ഹിന്ദു വിശ്വാസിയാണെന്നതാണ് അവരെ വ്യത്യസ്തയാക്കുന്നത്.
തുള്‍സി ഗബ്ബാറിനെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി (ഡിഎന്‍ഐ) ട്രംപ് നോമിനേറ്റ് ചെയ്തത് പല സെനറ്റര്‍മാരെയും ചൊടിപ്പിച്ചിരുന്നു. പ്രധാനമായും ഡെമോക്രാറ്റുകളാണ് ഇവര്‍ക്കെതിരെ രംഗത്തുവന്നത്. അവരെ അലട്ടിയത് അവര്‍ ഒരു ഹിന്ദു വിശ്വാസിയാണെന്നതാണ്. ഇക്കാരണം കൊണ്ടാണ് സെനറ്റ് ജുഡീഷറി കമ്മിറ്റി സ്ഥിരീകരണ ഹിയറിങ്ങില്‍ തുള്‍സിയെ മതത്തിന്റെ പേരില്‍ തകര്‍ക്കാമെന്ന് ഇവര്‍ കണക്കുക്കൂട്ടിയത്. സാധാരണഗതിയില്‍ മതവിശ്വാസം ഇത്തരം കാര്യങ്ങളില്‍ ഘടകമാവാറില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ആറില്‍ പറയുന്നത് പൊതുപദവിയിലെത്തുന്നവരുടെ മതം നോക്കരുതെന്നാണ്. ഇക്കാര്യവും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ മനപ്പൂര്‍വം മതവിശ്വാസം എടുത്തിട്ട് തുള്‍സിയുടെ നിയമനം അട്ടിമറിക്കാനാണ് ഒരു വിഭാഗം സെനറ്റര്‍മാര്‍ ശ്രമിച്ചത്. ഡീപ് സ്റ്റേറ്റും ഇക്കാര്യത്തില്‍ ചരടുവലികളുമായി രംഗത്തുണ്ടായിരുന്നു. ഇവരുടെ നീക്കങ്ങളെല്ലാം നിഷ്പ്രഭമായി. അവഹേളിക്കാനും ചോദ്യം ചെയ്യാനും വന്നവരോട് ഞാനൊരു ഹിന്ദു വിശ്വാസിയാണെന്ന് ആത്മാഭിമാനത്തോടെ പ്രഖ്യാപിച്ചതോടെയാണ് ഇവരുടെ നീക്കങ്ങള്‍ പാളിയത്. എതിരായ നീക്കങ്ങളെയെല്ലാം ധീരതയോടെ നേരിട്ട് തുള്‍സി ഗബ്ബാര്‍ഡ് അഗ്നിശോഭയോടെയാണ് തിളങ്ങിയത്.
ഹിന്ദുക്കള്‍ക്കും ഹിന്ദു മതത്തിനുമെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സെനറ്റ് കമ്മിറ്റിക്ക് മുന്പില് അവര്‍ തുറന്നടിച്ചു. ഹിന്ദുക്കള്‍ക്കെതിരെ മതാന്ധത വളര്‍ത്താനാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിക്കുന്നതെന്നു ചൂണ്ടിക്കാട്ടാനും ഒരുമടിയും ഉണ്ടായില്ല. ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, ഒരു ഗുരു, ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ പാവ എന്നാണ് ഡിഎന്‍ഐ നാമനിര്‍ദേശത്തെ എതിര്‍ക്കാന്‍ ചില വിമര്‍ശകര്‍ കണ്ടെത്തിയത്. എന്നാല്‍ തുള്‍സിയുടെ മറുപടി വ്യക്തവും ശക്തവുമായിരുന്നു. ഒരാള്‍ അഞ്ചുപേരുടെ പാവയായിരിക്കുന്നതെങ്ങനെയെന്നാണ് അവര്‍ ചോദിച്ചത്. ദൈവത്തോടും സ്വന്തം മനസ്സാക്ഷിയോടും യുഎസ് ഭരണഘടനയോടും അല്ലാതെ മറ്റൊന്നിനോടും തനിക്ക് വിധേയത്വമില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചതോടെ വിമര്‍ശനങ്ങളുടെ മുനയൊടിഞ്ഞു.
അസദിനോടോ ഗദ്ദാഫിയോടോ ഏതെങ്കിലും സ്വേച്ഛാധിപതിയോടോ തനിക്കു സ്നേഹമില്ലെന്നും അല്‍ ഖ്വയ്ദയെ വെറുക്കുന്നു എന്നും വ്യക്തമാക്കിയ തുള്‍സി, ഡെമോക്രാറ്റുകള്‍ക്ക് ഇസ്ലാമിക ഭീകരതയോടുള്ള സ്നേഹം തുറന്നുകാണിക്കുകയും ചെയ്തു. ഇസ്ലാമിക ഭീകരവാദികളോട് അടുപ്പം പുലര്‍ത്തുന്നവര്‍, ഭീകരരെ വിമതര്‍ എന്ന് വിളിക്കുന്ന നേതാക്കളെ വെറുക്കുന്നുവെന്നും പറഞ്ഞത് ഡെമോക്രാറ്റുകള്‍ക്കേറ്റ തിരിച്ചടിയായി.
കത്തോലിക്ക വിശ്വാസിയുടെ മകള്‍
1981 ഏപ്രില്‍ 12ന് അമേരിക്കയിലെ സമൊവയില്‍ മൈക് ഗബ്ബാര്‍ഡിന്റെയും കരൊല്‍ നീ പൊര്‍ട്ടറുടെയും അഞ്ചുമക്കളില്‍ നാലാമത്തെതായാണ് തുള്‍സിയുടെ ജനനം. അച്ഛന് മൈക് ഗബ്ബാര്‍ഡ് അമേരിക്കന്‍ സമൊവ സ്വദേശിയാണ്. അമ്മ കരോല് ഇന്ത്യാനയില്‍ ജനിച്ച് മിഷിഗണിലാണ് വളര്‍ന്നത്. 1983ല്‍ തുള്‍സിക്ക് മൂന്ന് വയസുള്ളപ്പോള്‍ കുടുംബം ഹവായിലേക്ക് കുടിയേറി. അച്ഛന് മൈക് ഗബ്ബാര്‍ഡ് ഒരു സമൊവന്‍ യൂറോപ്യന്‍ പാരമ്പര്യത്തില്‍പ്പെട്ട കാത്തോലിക്കാ വിശ്വാസി ആയിരുന്നു. അമ്മ കരൊല്‍ ഹിന്ദുമതത്തില്‍ ചേരുകയം ചെയ്തു. ഭഗവദ് ഗീതയിലും പുരാണങ്ങളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു ഇവര്‍ക്ക്. അമ്മയിലൂടെ തുള്‍സി ഹിന്ദുമതവിശ്വാസിയായി വളര്‍ന്നു. ജയ്, ഭക്തി, ആര്യന് എന്നിവര്‍ സഹോദരന്മാരും വൃന്ദാവന്‍ സഹോദരിയുമാണ്.
ഹവാര്‍ പസഫിക് യൂണിവേഴ്സിറ്റിയില്‍നിന്ന് 2009ല്‍ എംബിഎ ബിരുദം നേടി. 2003ല്‍ ഹവായ് ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ സൈനിക സേവനത്തിനായി ചേരുകയും 2004-05 കാലഘട്ടത്തില്‍ ഇറാഖില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇറാഖില്‍ യുദ്ധരംഗത്ത് മരണത്തെ മുഖാമുഖം കാണുമ്പോള്‍ ഭഗവദ് ഗീതയാണ് മനസിന് ശക്തി പകര്‍ന്നതെന്ന് തുള്‍സി പറഞ്ഞിട്ടുണ്ട്.
ഹവായിയിലെ രണ്ടാം ഡിസ്ട്രിക്കില്‍ നിന്നും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നാല് തവണ ഡെമോക്രാറ്റിക് പ്രതിനിധിയായിട്ടാണ് യുഎസ് കോണ്‍ഗ്രസ് അംഗമായത്. യുഎസ് ജനപ്രതിനിധി സഭയില്‍ ആദ്യമായി ഭഗവദ്ഗീത തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. സിറ്റി കൗണ്‍സില്‍ പ്രതിനിധിയായിരുന്ന തുള്‍സി ഇരുപത്തിയൊന്നാം വയസ്സിലാണ് സ്റ്റേറ്റ് കൗണ്‍സില്‍ അംഗമാകുന്നത്. ആര്‍മി റിസര്‍വില്‍ ലെഫ്റ്റനന്റ് കേണല്‍ പദവിയില്‍ എത്തിയിരുന്നു. 2023 ഒക്ടോബറില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. യുദ്ധക്കൊതിയന്മാരായ ചെകുത്താന്മാരുടെ പാര്‍ട്ടിയെന്നാണ് അന്ന് വിശേഷിപ്പിച്ചത്. ജോ ബൈഡനെ ഹിറ്റ്ലറോട് ഉപമിക്കുകയും ചെയ്തിരുന്നു. 2024ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇതോടെയാണ് ട്രംപിന്റെ വിശ്വസ്തയാകുന്നത്. അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ നരേന്ദ്ര മോദിക്ക് തുള്‍സി ഭഗവദ് ഗീത സമ്മാനിച്ചിരുന്നു. സിനിമോട്ടാഗ്രാഫര്‍ എബ്രഹാം വില്യംസാണ് ഭര്‍ത്താവ്. തികഞ്ഞ വൈഷ്ണവ ഹിന്ദുവാണ്. ഗീത ചൊല്ലുന്നതിലും കീര്‍ത്തനങ്ങള്‍ ആലപിക്കുന്നതിലും തുള്‍സി ഏറെ സന്തോഷം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: