മലയാളത്തിന്റെ മണ്ണും മനസ്സുമറിഞ്ഞ് തപസ്യ കലാസാഹിത്യവേദി യാത്ര ആരംഭിച്ചിട്ട് അരനൂറ്റാണ്ട് തികയുകയാണ്. ഇന്ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് തപസ്യയുടെ ഒരു പുതിയ കാലത്തിന്റെ ശുഭാരംഭത്തിന് തിരിതെളിയിക്കുകയാണ്. കാലം ഒരുക്കുന്ന അനവധി വെല്ലുവിളികള്‍ തപസ്യക്ക് മുന്നിലുണ്ട്. ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമര്‍ശനങ്ങള്‍ക്കും ആശയപരമായ ആക്രമണങ്ങള്‍ക്കുമുള്ള സാധ്യത നിലനില്ക്കുന്നു. കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ട ഈ സന്നിഗ്ധ ഘട്ടത്തില്‍ നാം കടന്നുപോന്ന വഴികളുടെ പ്രത്യേകതകളും, പ്രസ്ഥാനത്തെ നയിച്ച സമുന്നത വ്യക്തിത്വങ്ങള്‍ പകര്‍ന്നുതന്ന പാഠങ്ങളും നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ.
ഒരു നാടിന്റെ സ്വത്വം തേടിയുള്ള ഈ യാത്രയില്‍ കല, സാഹിത്യം, പരിസ്ഥിതി ഇവയുമായി ബന്ധപ്പെട്ട അടിസ്ഥാന ദര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടും, കാലാകാലങ്ങളില്‍ ആവിര്‍ഭവിക്കുന്ന ഈ മേഖലകളിലെ പ്രശ്നങ്ങള്‍ പഠിച്ച് വിലയിരുത്തിക്കൊണ്ടും, അതിന് ആവശ്യമായ വ്യാഖ്യാനങ്ങളും വിശകലനങ്ങളും നല്കിക്കൊണ്ടും ഒരു പ്രസ്ഥാനം വളരെ ക്രമബദ്ധമായ പരിപാടികളുമായി അമ്പത് വര്‍ഷം പ്രവര്‍ത്തിക്കുക എന്നത് അസാധാരണമായ കാര്യം തന്നെയാണ്.
സംസ്കാരത്തിന്റെ വിഭിന്ന മേഖലകളില്‍ നിറഞ്ഞാടിയ തപസ്യയ്ക്ക് സമുജ്വലമായ പ്രവര്‍ത്തന ചരിത്രമാണുള്ളത്. അധികാര തിമിരം ബാധിച്ച ഒരു ഭരണകൂടം ആവിഷ്കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ അത് വീണ്ടെടുക്കാന്‍ ആവിഭവിച്ച പ്രസ്ഥാനമാണ് തപസ്യ. ഈ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനും, തുടര്‍ന്നുള്ള സര്‍ഗാത്മകമായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും ഈ നാടിന്റെ സംസ്കൃതിയുടെ വിശുദ്ധി കരുത്ത് പകര്‍ന്നതായി നമുക്ക് കാണാന്‍ സാധിക്കും. കെ.പി. കേശവമേനോന്റെയും തിക്കോടിയന്റെയും വി.ടി. ഭട്ടതിരിപ്പാടിന്റെയും മറ്റും അനുഗ്രഹാശിസുകള്‍ നേടിയാണ് ഈ സംഘടന പിച്ചവച്ചു തുടങ്ങിയത്. ഉദാത്തമായ ഒരു ലക്ഷ്യം പ്രവര്‍ത്തകരുടെ മനസ്സിലേക്ക് അമൃതു പോലെ ഇറ്റിച്ചു കൊടുക്കാന്‍ കരുത്തുറ്റ വ്യക്തിപ്രഭാവങ്ങള്‍ നിരന്തരം നേതൃനിരയിലേക്ക് വന്നതാണ് ഈ സംഘടനയ്ക്ക് വളരാനും, മലയാള ദേശം മുഴുവന്‍ പടരുവാനും അനുകൂലമായ സാഹചര്യം ഒരുക്കിയത്.
ആദ്യ നാളുകളില്‍ എഴുത്തുകാരെയും കലാകാരന്മാരെയും ഒന്നിച്ചു ചേര്‍ക്കാനും, അവരുടെ ചിന്തകള്‍ അടിസ്ഥാനമാക്കി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഏകോപിപ്പിക്കുവാനും എം.എ. കൃഷ്ണന് എന്ന സംഘപ്രചാരകന്റെ ഉള്‍ക്കരുത്തും ദീര്‍ഘദര്‍ശിത്വവും കു റച്ചൊന്നുമല്ല സഹായിച്ചത്.
തപസ്യ പോലെയുള്ള ഒരു സാംസ്കാരിക സംഘടനയ്ക്ക് നിരന്തരമായ എതിര്‍പ്പും വെല്ലുവിളികളും മറ്റ് പ്രസ്ഥാനങ്ങളില്‍ നിന്നും അധികാര കേന്ദ്രങ്ങളില്‍ നിന്നും നിരന്തരം നേരിടേണ്ടി വന്നിട്ടുണ്ട്.
അധികാര രാഷ്ട്രീയത്തിന്റെ ത്തിന്റെ ശീതളച്ഛായ തേടി പോകാതെയും, സ്ഥാനമാനങ്ങളുടെയും പുരസ്കാരങ്ങളുടെയും മറ്റും പ്രലോഭനങ്ങളില്‍പ്പെടാതെയും ഉറച്ച ബോധ്യങ്ങളോടെ മുന്നില്‍നിന്ന് നയിച്ച കരുത്തുറ്റ വ്യക്തിത്വങ്ങളാണ് തപസ്യയെ തനതായ സാംസ്കാരിക മുദ്ര ചാര്‍ത്തിയ പ്രസ്ഥാനമാക്കിയത്. സംസ്കാരത്തിന്റെ മണ്‍ചിരാതുകളില്‍ സത്യസന്ധതയുടെ ദീപങ്ങള്‍ തെളിയിച്ച അവര്‍ അവയത്രയും കെടാതെ സൂക്ഷിച്ചു. ഭാരതീയ സംസ്കൃതിയെ നെഞ്ചോടു ചേര്‍ത്തു പിടിച്ച് സ്വാതന്ത്ര്യത്തിന്റെ ക്ഷേത്രത്തിലേക്ക് പോകുന്ന തീര്‍ത്ഥാടകരെപ്പോലെ ലക്ഷ്യോന്മുഖമായി നീങ്ങുന്ന പ്രസ്ഥാനമാണ് തപസ്യയെന്ന് നമ്മോട് പറഞ്ഞതന്നത് പ്രൊഫ. സി.കെ. മൂസത് ആണ്. പാരമ്പര്യ സംസ്കൃതിയുടെ അമൃതകുംഭത്തില്‍ നിന്ന് ആവോളം അറിവും അനുഭവവും സ്വീകരിക്കുന്ന സാഹിത്യകാരന്മാരും കലാകാരന്മാരുമാണ് വര്‍ത്തമാനകാല സമൂഹത്തിന്റെ ശക്തി സൗന്ദര്യങ്ങള്‍ നിര്‍ണയിക്കേണ്ടതെന്ന് പറഞ്ഞ വി.എം. കൊറാത്തിന്റെ ശബ്ദവും രൂപവും ഇപ്പോഴും തപസ്യയുടെ മനസ്സിലുണ്ട്.
ആധുനിക ലോകത്തിന്റെ അര്ത്ഥസങ്കല്പ്പങ്ങളെ മാറ്റിമറിച്ച് വലിയ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മാനവരാശിയുടെ വ്യത്യസ്ത മേഖലകളെ സ്വാധീനിച്ച ചരിത്രം നമുക്കറിയാം. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കാവ്യരചനയിലൂടെ കമ്മ്യൂണിസ്റ്റ് ആശയങ്ങളൊരുക്കിയ ‘അത്ഭുതവിദ്യ’കളുടെ പൊള്ളത്തരങ്ങളും പൊരുത്തക്കേടും ധീരതയോടെ തുറന്നു കാണിച്ച് അതിന്റെ തകര്‍ച്ചയെ പ്രവചിച്ച ക്രാന്തദര്‍ശി- മഹാകവി അക്കിത്തം- തപസ്യയെ നയിച്ചത് ഏതാണ്ട് ഒന്നര പതിറ്റാണ്ട് കാലമാണ്. മാനവികതയുടെ പാഠങ്ങളില്‍ വേദാന്തദര്‍ശനത്തിന്റെ മേമ്പൊടി ചേര്‍ത്ത ഈ മഹാകവി മലയാളത്തിന്റെ നാവില്‍ തേച്ചുകൊടുത്ത അക്ഷരക്കൂട്ടുകള്‍ എത്രയെന്ന് അത്ഭുതത്തോടെ മാത്രമേ നമുക്ക് ഓര്‍ത്തെടുക്കാനാകൂ. കവിതകളിലൂടെ കരുണ രസത്തിന്റെ ഉദാത്ത അനുഭവങ്ങളും, സനാതനചിന്ത ഉണര്‍ത്തുന്ന ഭാഷണങ്ങളും പകര്‍ന്നാണ് അക്കിത്തം തപസ്യയെ മുന്നോട്ട് നയിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന് നയിച്ച സാംസ്കാരിക തീര്‍ത്ഥയാത്രകൊണ്ട് ഒരു തലമുറയ്ക്ക് പറയാനുള്ളത് പറയാനും പ്രചരിപ്പിക്കാനും ഈ പ്രസ്ഥാനത്തിന് സാധിച്ചു എന്നത് അഭിമാനത്തോടെ ഓര്‍മിക്കേണ്ട അവസരമാണിത്.
ബഹുഭാഷാ പണ്ഡിതനും ലാളിത്യത്തിന്റെ ഉദാത്ത മാതൃകയുമായ പി. നാരായണക്കുറുപ്പ് എന്ന കവി ശ്രേഷ്ഠന്റെ നേതൃത്വത്തില്‍ തപസ്യയും അഖില ഭാരതീയ അടിസ്ഥാനത്തില്‍ സംസ്കാര്‍ ഭാരതിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. നാരായണക്കുറുപ്പ് സാറും പ്രൊഫ. സി.ജി. രാജഗോപാലും സംസ്കാര്‍ ഭാരതിയുടെ ബന്ധത്തിലൂടെ കേരളത്തിന്റെ സാംസ്കാരിക പ്രവര്‍ത്തനത്തിന് ഒരു പുതിയ മാനം നല്‍കുകയായിരുന്നു. ഭാരതത്തിന്റെ ദാര്‍ശനിക സമസ്യകള്‍ക്ക് ഇതിഹാസ വിശകലനങ്ങളിലൂടെ ഉത്തരം കണ്ടെത്താന്‍ പണ്ഡിതോചിതമായ ശ്രമം നടത്തിയ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, മനോഹര കവിതകളും ഗാനങ്ങളും കൊണ്ട് കൈരളിയെ പുളകമണിയിച്ച എസ്. രമേശന് നായര്‍, വൈദിക വിഷയങ്ങളിലുള്ള ജ്ഞാനം തന്റെ സര്‍ഗാത്മക രചനകള്‍ക്ക് ഉപയോഗിച്ച് വായനക്കാര്‍ക്ക് അല്ഭുതാനുഭവങ്ങള് സമ്മാനിച്ച മാടമ്പ് കുഞ്ഞുകുട്ടന് എന്നിവരൊക്കെ വലിയ ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും തപസ്യയെ മുന്നില്‍ നിന്നു നയിച്ചവരാണ്. അവര്‍ കൊളുത്തിയ മാര്‍ഗ ദീപമാണ് ഇന്നും തപസ്യയുടെ പ്രയാണത്തിന് ഊര്‍ജ്ജം പകരുന്നത്. തപസ്യ നേതൃത്വം കൊടുക്കുന്ന ഓരോ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും പ്രാധാന്യമറിഞ്ഞ് സംഘടനാസംവിധാനം ചലിപ്പിച്ചിരുന്ന ത്യാഗധനന്മാരായ അനേകം മുതിര്‍ന്ന പ്രവര്‍ത്തകരെക്കുറിച്ചുള്ള സജീവ സ്മരണകള്‍ നമ്മെ ഇന്നും ആവേശം കൊള്ളിക്കുന്നുണ്ട്. അതില്‍ കാലയവനികക്കുള്ളില്‍ മറഞ്ഞുപോയവരെ പ്രത്യേകം സ്മരിക്കണം.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളം കാലം മലയാളത്തിന്റെ മനസ്സറിഞ്ഞ് യാത്ര ചെയ്ത തപസ്യയെ അകമഴിഞ്ഞ് സ്നേഹിക്കുകയും, അതിന്റെ വളര്‍ച്ചയ്ക്ക് കളമൊരുക്കുന്നതില്‍ മനസ്സുനിറഞ്ഞ് സഹായിക്കുകയും ചെയ്ത പതിനായിരങ്ങളുണ്ട്. ആ സഹൃദയ ലോകത്തെയും ഹൃദയപൂര്‍വ്വം സ്മരിക്കുന്നു. ഈ നാടിന്റെ സവിശേഷതകളും സിദ്ധികളും സ്വാംശീകരിച്ച്, അവഗണിക്കപ്പെടുകയും തമസ്കരിക്കപ്പെടുകയും ചെയ്യുന്ന സാംസ്കാരിക മൂല്യങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്ന്നുകൊടുക്കുന്നവിധത്തില് പുതിയ വായനകളും വിശകലനങ്ങളും കലകളുടെ അവതരണങ്ങളുമാണ് തപസ്യ ഇക്കാലമത്രയും നടത്തിവന്നത്. കേരളമെന്ന പ്രദേശത്തിന്റെ സ്വത്വപരമായ പ്രത്യേകതകള്‍ രചനകളിലൂടെ വായനക്കാരുടെ മനസ്സിലേക്ക് കൊണ്ടുവന്ന എത്രയോ സാഹിത്യകാരന്മാരക്കും കലാകാരന്മാരുമുണ്ട്. കേരളത്തിന്റെ തെക്ക്, ഏത് അധികാര കേന്ദ്രങ്ങളെയും ധീരതയോടെ ചോദ്യം ചെയ്യുവാന്‍ ശക്തമായ തൂലികയ്ക്ക് സാധിക്കുമെന്ന് ബോധ്യപ്പെടുത്തിയ സി.വി. രാമന്‍പിള്ളയുടെ രചന മുതല്‍ വടക്ക് ഭാഷാ ലാവണ്യത്തിന്റെ തേരിലേറ്റി മലയാളികള്‍ക്ക് ഹര്ഷാനുഭവങ്ങള് പകര്‍ന്ന പി. കുഞ്ഞിരാമന് നായരുടെ രചനകള്‍ വരെ മലയാളിത്തത്തിന്റെ എത്രയോ മഹിത ഉദാഹരണങ്ങളാണ് നമുക്ക് മുന്നിലുള്ളത്. കേരളത്തിന്റെ ഓരോ പ്രദേശത്തിനും സ്വത്വപരമായ പ്രത്യേകതകള്‍ നിറഞ്ഞ സാഹിത്യ രചനകളും കലാരൂപങ്ങളും ഉണ്ടെന്നും, അവയുടെ അടിവേരുകള്‍ ഊര്‍ജ്ജ ശേഖരണം നടത്തുന്നത് ഭാരത സംസ്കൃതിയുടെ സാംസ്കാരികസ്രോതസ്സുകളില് നിന്നുമാണെന്നും തപസ്യ വിശ്വസിക്കുന്നു. അത്തരം സര്‍ഗാത്മക സംഭാവനകളെ ആഴത്തില്‍ അറിയുവാനും, ഈ നാടിന്റെ അഭ്യുന്നതിക്കായി അവയെ ഉപയോഗിക്കുവാനും പുതിയ വായനകള്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ സംഘടനയാണ് തപസ്യ.
ഇന്ന് അമ്പത് വര്‍ഷത്തിന്റെ പടിവാതുക്കലെത്തി തിരിഞ്ഞുനോക്കുമ്പോള്‍ അനേകം പൊളിച്ചെഴുത്തുകള്‍ക്ക് നാന്ദി കുറിക്കുന്നതില്‍ വിജയിച്ച ഒരു സംഘടനയാണ് തപസ്യയെന്ന് തിരിച്ചറിയാനാവും. ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്ന യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളുന്നവരാണ് തപസ്യാപ്രവര്‍ത്തകര്‍. മുന്നോട്ടുള്ള വഴികള്‍ ഏറെ ദുര്ഘടങ്ങള് നിറഞ്ഞതാണെന്നും അവര്‍ക്കറിയാം. കേരളത്തില്‍ ആങ്ങോളമി ങ്ങോളമുള്ള തപസ്യയുടെ പ്രവര്‍ത്തകര്‍ സുവര്‍ണ്ണ ജയന്തി ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പോടെ നില്ക്കുമ്പോള് അവര്‍ ആര്‍ജ്ജിച്ച അറിവുകളും അനുഭവങ്ങളും പ്രവര്‍ത്തനത്തിന് കൂടുതല്‍ ശക്തി പകരും. സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം കലയും സാഹിത്യവും കമനീയമാക്കുന്ന ഭാരതീയ സംസ്കൃതിയുടെ തെളിഞ്ഞ പാതയിലൂടെ പ്രയാണം ചെയ്യാന്‍ തപസ്യയെ പ്രാപ്തമാക്കട്ടെ എന്നാണ് പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: