പട്ന: എന്താണ് മഖാന? നിര്‍മ്മല സീതാരാമന്റെ ബജറ്റ് കേട്ട ശേഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ മഖാനയുടെ അര്‍ത്ഥം തിരഞ്ഞതോടെ ഫെബ്രുവരി ഒന്നിന് ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കായി മഖാന മാറി.
ബീഹാറില്‍ മഖാന ബോര്‍ഡ് രൂപീകരിക്കും എന്ന പ്രഖ്യാപനം വന്നതോടെയാണ് ബീഹാറില്‍ സുചരിചിതവും മറ്റു സംസ്ഥാനങ്ങള്‍ക്ക് അപരിചിതവുമായ ഈ വാക്ക് ജനം തിരയാന്‍ തുടങ്ങിയത്.
എന്താണ് ബീഹാറിലെ ഈ മഖാന?
ബീഹാറിലെ മിഥില പ്രദേശത്തും നേപ്പാളിലും ചൈനയിലും വെള്ളത്തില്‍ കൃഷി ചെയ്യുന്ന ഒരു താമരയാണ് മഖാന ഫോക്സ് നട്ട് അഥവാ ഗാര്‍ഗോണ്‍ നട്സ്. ഈ താമരയുടെ പൂവില്‍ നിന്നും കിട്ടുന്ന പഴത്തില്‍ നിന്നുള്ള വിത്താണ് മഖാന നട്ടുകള്‍. സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.ലോകത്ത് ഇന്ന് ഏറ്റവും വിഖ്യാതമായ വെജിറ്റേറിയന്‍ പ്രോട്ടീനാണ് മഖാന. മാത്രമല്ല, വെള്ളത്തില്‍ വളരുന്ന താമരയില്‍ നിന്നും എടുക്കുന്നതാണെങ്കിലും ഡ്രൈ ഫ്രൂട്ടായാണ് ഇതില്‍ നിന്നെടുക്കുന്ന മഖാന വിത്ത് അറിയപ്പെടുന്നത്. തടികുറയ്ക്കാനും ഫിറ്റാകാനും ആഹാരനിയന്ത്രണം (ഡയറ്റ്) പാലിക്കുന്നവരുടെ പട്ടികയിലെ പ്രധാന ഇനമായി സ്ഥാനം പിടിച്ചതോടെ മഖാന വിത്ത് ഇന്ന് വിഐപി ആഹാരമാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യും. കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. മഖാനയിലെ പ്രോട്ടീന്റെ ഗുണനിലവാരം കൂടുതലാണ്. മുട്ടയിലും മത്സ്യത്തിലും കാണപ്പെടുന്ന പ്രോട്ടീന്റെ അതേ ഗുണമാണ് മഖാനയിലെ പ്രോട്ടീനും ഉള്ളത്. ഇത് നല്ല രീതിയില്‍ നമ്മുടെ ശരീര പ്രതിരോധശേഷിയെ ഉയര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ കോവിഡ് കാലത്ത് മഖാന വിത്തുകള്‍ക്ക് നല്ല ഡിമാന്റായിരുന്നു.
ബീഹാറും മഖാനയും
ബീഹാറില്‍ 15000 ഹെക്ടറിലാണ് മഖാന കൃഷി ചെയ്യുന്നത്. ഏകദേശം 10000 ടണ്ണോളം മഖാനയാണ് ബീഹാര്‍ ഓരോ വര്‍ഷവും ഉല്പാദിപ്പിക്കുന്നത്. രാജ്യത്ത് ആകെ ഉല്പാദിപ്പിക്കപ്പെടുന്ന മഖാനയുടെ 90 ശതമാനവും ബീഹാറില്‍ നിന്നാണ്. വെള്ളത്തില്‍ വളരുന്ന ഒരു തരം താമരയില്‍ നിന്നാണ് തിന്നാവുന്ന ഈ മഖാന എന്നറിയപ്പെടുന്ന വിത്ത് എടുക്കുന്നത്.
കിലോയ്ക്ക് എണ്ണായിരം രൂപ വരെ
അഞ്ച് ലക്ഷം കര്‍ഷകര്‍ മഖാന ഉല്പാദനത്തില് സജീവപങ്കാളികളാണ്. . 10 വര്‍ഷം മുന്‍പ് കിലോയ്ക്ക് വെറും ആയിരം രൂപയായിരുന്നു മഖാന വിത്തിന്റെ വില. പക്ഷെ കോവിഡ് വരികയും ഫിറ്റ്നസ് ബോധം ഉയരുകയും മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ ബോധവല്‍ക്കരണം അധികമാവുകയും ചെയ്തതോടെ സമ്പന്നരുടെ പട്ടികയിലെ പ്രധാന ഇനമായി മഖാന വിത്ത് മാറി. അതോടെ അന്താരാഷ്ട്ര വിപണിയില്‍ വില കിലോയ്ക്ക് എണ്ണായിരം രൂപ വരെ ഉയര്‍ന്നു. വടക്കന്‍ ബീഹാറിലെ മിഥില പ്രദേശത്താണ് മഖാന വളരുന്നത്. മിഥില പ്രദേശത്തെ എട്ട് മുതല്‍ 10 ജില്ലകളില്‍ വരെ മഖാന കൃഷി ചെയ്യുന്നു. വംഗ, മധുബനി, സഹര്‍സ, മധേപുര, സുപൗള്‍, പൂര്‍ണ്ണിയ, കതിഹാര്‍, കിഷന് ഗഞ്ച്, അരാന എന്നീ ജില്ലകളിലാണ് മഖാന കൃഷി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും വള്ളക്കാരുമാണ് ഇതിന്റെ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മധുബനിയില്‍ നിന്നുള്ള മിഥില മഖാന എന്ന പ്രത്യേക ഇനം വിത്തിന് ജിഐ ടാഗും ലഭിച്ചിട്ടുണ്ട്.
മഖാന വിത്തെടുക്കുന്നത് എങ്ങിനെ?
വെള്ളത്തില്‍ വളരുന്ന ഒരു തരം ലിലി അഥവാ താമരയാണ് മഖാന ഫോക്സ് നട് എന്ന് പറഞ്ഞല്ലോ. ഈ താമരയില്‍ പിങ്ക് നിറത്തിലുള്ള പൂവുകള്‍ ഉണ്ടാകും. ഈ പൂവുകള്‍ കൊഴിയുന്നതോടെ ഇതില്‍ പഴം കാണാനാവും. ഈ പഴത്തിനുള്ളിലാണ് വിത്തുകള്‍ ഇരിക്കുന്നത്. ഈ പഴങ്ങള്‍ വെള്ളത്തില്‍ ഒടുവില്‍ വെള്ളത്തില്‍ വീഴുന്നതോടെ ഇതിലെ വിത്തുകള്‍ കുളത്തിന് അടിയില്‍ അടിഞ്ഞുകൂടും. അത്ര ആഴത്തിലുള്ള കുളങ്ങളിലല്ല മഖാന വളര്‍ത്തുക. വിദഗ്ധരായ മത്സ്യത്തൊഴിലാളികള്‍ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് കൈകൊണ്ട് അടിത്തട്ടില്‍ നിന്നും ഈ വിത്തുകള്‍ ശേഖരിക്കുകയാണ് ചെയ്യുക. ഇതാണ് സുപ്രസിദ്ധമായ വെജ് പ്രോട്ടീന്‍ ഉറവിടമായ മഖാന വിത്തുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: