വാഷിംഗ്ടണ്‍: അമേരിക്കയുടെ ടെക് ആധിപത്യത്തെ ക്രിയാത്മകമായി വെല്ലുവിളിച്ചിരിക്കുകയാണ് ചൈന. ഗൂഗിള്‍ പോലെ ലോകമാകെ കീഴടക്കിയ അമേരിക്കന്‍ ആധിപത്യത്തിന്റെ പുതിയ പേരായിരുന്നു ചാറ്റ് ജിപിടി എന്ന നിര്‍മ്മിത ബുദ്ധി കേന്ദ്രീകരിച്ചുള്ള ആപ്. ഇതിനെ എല്ലാ അര്‍ത്ഥത്തിലും വെല്ലുവിളിച്ച് തറപറ്റിച്ചിരിക്കുകയാണ് ചൈനയുടെ ഡീപ് സീക്ക് എന്ന എഐ ആപ്.
ഇപ്പോള്‍ സിലിക്കണ്‍ വാലി എന്ന അമേരിക്കയുടെ ടെക് തലസ്ഥാനനഗരിയില്‍ സംസാരവിഷയം ഡീപ് സീക് ആണ്. നിര്‍മ്മിത ബുദ്ധിയിലെ ഈ ചൈനീസ് ആധിപത്യം ലോകത്തെ തകര്‍ക്കുമെന്നാണ് സിലിക്കണ്‍ വാലിയിലെ പണ്ഡിതര്‍ വിലയിരുത്തുന്നത്. ഡീപ് സീക്ക് ഉപയോഗിച്ചവര്‍ പിന്നീട് ചാറ്റ് ജിപിടി ഒഴിവാക്കുകയാണ്. അത്രയ്ക്ക് കിറുകൃത്യവും മികച്ചതുമായ റിസള്‍ട്ടാണ് ഡീപ് സീക്ക് നല്‍കുന്നത്.
ദിവസങ്ങള്‍ക്കുള്ളില്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര് ഡൗണ്‍ ലോഡ് ചെയ്ത ആപായി ഡീപ് സീക് മാറി എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. യുഎസിലെ എഐ കമ്പനികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിലാണ് ഡീപ് സീക് എന്ന എഐ ആപ് ചൈന നിര്‍മ്മിച്ചതെന്ന വാര്‍ത്തയാണ് സിലിക്കണ്‍ വാലിയെ ഞെട്ടിച്ചത്. ഇതോടെ അമേരിക്കയിലെ എഐ ചിപ് നിര്‍മ്മാണ കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തി. ഇത് അമേരിക്കയുടെ ഓഹരി വിപണിയെ തകര്‍ത്തു. ഇതിന്റെ അനുരണനങ്ങള്‍ ഇന്ത്യയുടെ ഓഹരിവിപണിയെയും ഉലച്ചു.
ചൈനയിലെ ഹാങ്ഷൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഡീപ് സീക്. 2023ലാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. പക്ഷെ ഈയിടെയാണ് കമ്പനിയുടെ എഐ ചാറ്റബോട്ട് പ്രവര്‍ത്തനം തുടങ്ങിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ആപ്പിള്‍ സ്റ്റോറില്‍ കൂടുതല്‍ റേറ്റിംഗ് ഉള്ള ആപായി ഡീപ് സീക് മാറി. ചാറ്റ് ജിപിടി, ഗൂഗിളിന്റെ ജെമിനി എന്നീ എഐ ചാറ്റ് ബോട്ടുകളേക്കാള്‍ മികച്ച പെര്‍ഫോര്‍മന്‍സാണ് ഡീപ് സീക് നല്‍കുന്നത്. യുഎസ്, യുകെ, ചൈന എന്നിവിടങ്ങളില്‍ ഡീപ് സീക് തരംഗം ആഞ്ഞടിക്കുകയാണ്. ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചവര്‍ മികച്ച അഭിപ്രായം പറഞ്ഞതോടെ ഡീപ് സീക് ഉയരങ്ങളിലേക്ക് കുതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: