മലപ്പുറം: പൊതു ഇടങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യരുതെന്ന കാന്തപുരം എ പി അബൂബേക്കര്‍ മൗലവിയുടെ പ്രസ്താവനയെ പിന്തുണച്ച് ഹുസൈന് മടവൂര്‍. കാന്തപുരം മത വിഷയമാണ് പറഞ്ഞത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ അതില്‍ അഭിപ്രായം പറയേണ്ടതില്ല. സിപിഎം കാണിക്കുന്നത് ഇസ്ലാം മത വിരുദ്ധതയാണെന്നും ഹുസൈന് മടവൂര്‍ കുറ്റപ്പെടുത്തി.
സമൂഹത്തിലെ പല പ്രശ്നങ്ങള്‍ക്കും കാരണം അവിഹിത ബന്ധങ്ങളാണ്. അത് ഇല്ലാതാക്കാനാണ് മതം നിയന്ത്രണം കൊണ്ടുവന്നത്. വേണ്ടത് ലിംഗ സമത്വമല്ല, ലിംഗ നീതിയാണ്്. പൊതു ഇടങ്ങളില്‍ അന്യ പുരുഷനുമൊത്ത് ഇടപഴകുന്നതിലാണ് വിലക്കുളളത്. പൊതു സ്ഥാനങ്ങളോ പദവികളോ വഹിക്കുന്നതില്‍ അല്ല. വിഷയം ജുമുഅ കുത്തുബയില്‍ അടക്കം മത വേദികളില്‍ ഉന്നയിക്കുമെന്നും ഹുസൈന് മടവൂര്‍ വ്യക്തമാക്കി. ഇതാദ്യമായാണ് ഒരു സുന്നി നേതാവിനെ പിന്തുണച്ച് മുജാഹിദ് വിഭാഗം രംഗത്ത് എത്തുന്നത്.
മെക് സെവന് വ്യായാമത്തിന് എതിരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് നടത്തിയ പരാമര്‍ശങ്ങളാണ് വലിയ വിവാദമായത്.സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നു കൊണ്ട് വ്യായാമത്തില്‍ ഏര്‍പ്പെടുന്നുവെന്നും വ്യായാമത്തിലൂടെ സ്ത്രീകള്‍ ശരീരം തുറന്നു കാണിക്കുകയാണെന്നും കാന്തപുരം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: