മുംബയ് : മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ട്രെയിന്‍ അപകടത്തില്‍ 11 പേര് മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
അപകടത്തില്‍ നിരവധി യാത്രക്കാര്‍ മരിച്ചത് അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ജല്‍ഗാവില്‍ ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ദുരന്തമുണ്ടായത്. ലക്നൗവില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്സ്പ്രസിന്റെ വീലുകളില്‍ നിന്ന് പുക കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങല വലിച്ചു.തുടര്‍ന്ന് ബി 4 കോച്ചിലെ യാത്രക്കാര്‍ പുറത്തേക്ക് എടുത്ത് ചാടി. ഈ സമയം എതിര് ദിശയില്‍ വരികയായിരുന്ന കര്‍ണാടക എക്സ്പ്രസ് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
നിമിഷ നേരം കൊണ്ട് റെയില്‍ ട്രാക്ക് ചോരക്കളമായി. പിന്നാലെ രക്ഷാദൗത്യം തുടങ്ങി. ദുരന്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മധ്യ റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: