ന്യൂദല്‍ഹി : ബഹിരാകാശ സാങ്കേതികവിദ്യയില്‍ രാജ്യം പുതിയ ഉയരങ്ങള്‍ താണ്ടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആകാശവാണിയിലെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിന്റെ 118ാം പതിപ്പില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബഹിരാകാശ മേഖലയില്‍ രാജ്യം കൈവരിച്ച സമീപകാല നേട്ടങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ബംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യന്‍ സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പായ ‘പിക്സെല്‍’ രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഉപഗ്രഹം ‘ഫയര്‍ഫ്ലൈ’ വിജയകരമായി വിക്ഷേപിച്ചതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിച്ച സ്പേസ് ഡോക്കിംഗിനെയും നരേന്ദ്ര മോദി അഭിനന്ദിച്ചു. ബഹിരാകാശ നിലയങ്ങളിലേക്കും ക്രൂ മിഷനുകളിലേക്കും സാധനങ്ങള്‍ അയയ്ക്കുന്നതിന് ഈ സാങ്കേതികവിദ്യ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന നിലവില്‍ വന്ന് 75 വര്‍ഷം തികയുന്ന ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തിന്റെ 75ാം വാര്‍ഷികത്തിന് പ്രധാനമന്ത്രി പ്രത്യേക ആശംസകള്‍ നേര്‍ന്നു. ഭരണഘടന രൂപീകരിക്കുന്നതില്‍ സംഭാവന നല്കിയ ഭരണഘടനാ അസംബ്ലി അംഗങ്ങളെ മോദി അഭിവാദ്യം ചെയ്തു. ഈ മഹാന്മാരായ നേതാക്കളുടെ ചിന്തകളില്‍ നിന്ന് പൗരന്മാര് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. ബാബാ സാഹിബ് അംബേദ്കര്‍, ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി എന്നിവരെ പ്രധാനമന്ത്രി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: