ന്യൂയോര്‍ക്ക്: അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ 6.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നു ലോക ബാങ്ക്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലോക ബാങ്കിന്റെ ഗ്ലോബല്‍ ഇക്കണോമിക്സ് പ്രോസ്പെക്ട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.
സേവന മേഖലയിലെ സുസ്ഥിരമായ വിപുലീകരണവും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ സംരംഭങ്ങളുടെ പിന്തുണയും അടുത്ത രണ്ടു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചയില്‍ പ്രതിഫലിക്കും. ലോക ബാങ്ക് കണക്കനുസരിച്ച് ആഗോള മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച നിരക്ക് 2023 മുതല്‍ 2.7 ശതമാനത്തിലാണ്. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണ് ഭാരതമെന്നു റിപ്പോര്‍ട്ടിലുണ്ട്.
യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ച നിരക്കു വരുംവര്‍ഷങ്ങളില്‍ കാര്യമായി കുറയുമെന്നാണ് ലോക ബാങ്ക് പ്രവചനം. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ യുഎസ് കഴിഞ്ഞ വര്‍ഷം 2.8 വളര്‍ച്ചയാണ് കൈവരിച്ചത്. എന്നാല്‍, ഈ വര്‍ഷം ഇത് 2.3 ശതമാനമായും അടുത്ത വര്‍ഷം 2 ശതമാനമായും കുറയും.
വ്യാപാര പ്രതിസന്ധികളും താരിഫ് വര്‍ധനയും ആഗോള സമ്പദ് വ്യവസ്ഥയെ അപകടത്തിലാക്കിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: