തിരുവനന്തപുരം: ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യമെന്ന് ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്. ന്യൂനപക്ഷ വിഭാഗത്തിനു തുല്യനീതി ലഭ്യമാകണമെങ്കില്‍ അവര്‍ക്ക് തൊഴിലുറപ്പാക്കണം. അക്കാര്യത്തില്‍ ഇടതു പക്ഷ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പി എസ് സി യിലൂടെ സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്ത് ഏറ്റവുമധികം തൊഴില്‍ നല്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്ലസ്റ്റര്‍ രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
18 നും 50 വയസ്സിനുമിടയിലുള്ള ന്യൂനപക്ഷ വിഭാഗത്തിലെ അഭ്യസ്തവിദ്യരായവര്‍ക്ക് വിജ്ഞാന തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമന്വയം പദ്ധതി നടപ്പാക്കുന്നത്.
പ്ലസ്ടുവോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരാണ് പദ്ധതിക്ക് കീഴില്‍ വരുന്നത്. നോളെജ് ഇക്കോണമി മിഷന്റെ വെബ് സൈറ്റായ ഡി ഡബ്ല്യു എം എസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ച് ജോലി തെരഞ്ഞെടുക്കാന്‍ ഇതിലൂടെ അവസരമൊരുക്കും. മുസ്ലിം, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്സി, സിക്ക് എന്നീ ആറ് ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് പദ്ധതിയില്‍ തൊഴില്‍ രജിസ്ട്രേഷന് നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: