കൊളംബോ : ശ്രീലങ്കൻ പോലീസിന് വാഹനങ്ങൾ വാങ്ങുന്നതിന് ഇന്ത്യ സാമ്പത്തിക സഹായം നൽകുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ഝായും പൊതുസുരക്ഷാ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഡിഡബ്ല്യുആർബി സെനെവിരത്നെയും തമ്മിൽ 300 മില്യൺ ശ്രീലങ്കൻ രൂപയുടെ ഗ്രാന്റ് സഹായത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയിലെ പോലീസ് സ്റ്റേഷനുകളിലേക്ക് കുറഞ്ഞത് 80 സിംഗിൾ ക്യാബുകൾ, സ്പെയർ പാർട്സ്, ആക്സസറികൾ എന്നിവ വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി. പൗരന്മാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ക്രമസമാധാന പരിപാലനത്തിനുമായി ബന്ധപ്പെട്ട ശ്രീലങ്കൻ പോലീസിന്റെ ഒരു പ്രധാന ആവശ്യം ഇത് പരിഹരിക്കുമെന്ന് ശ്രീലങ്കൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
ഇതിനു പുറമെ ശ്രീലങ്കയിലെ ജനങ്ങളുടെ ആവശ്യങ്ങളും ശ്രീലങ്കൻ സർക്കാരിന്റെ മുൻഗണനകളും അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ ജനകേന്ദ്രീകൃത വികസന സഹകരണ സംരംഭങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഫലമെന്നോണം രാജ്യത്തെ 25 ജില്ലകളിലെയും ഭവന നിർമ്മാണം, ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം, ഗതാഗതം, പുനരുപയോഗ ഊർജ്ജം, ഉപജീവനമാർഗ്ഗം, കൃഷി തുടങ്ങി നിരവധി മേഖലകളിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ പ്രകടമായ മാറ്റം വരുത്തുന്നുണ്ടെന്ന് ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: